സുരക്ഷ അവതാളത്തിലേയ്ക്ക്; ഗാർഡയും പണിമുടക്കിനൊരുങ്ങുന്നു; ശമ്പളം പരിഷ്‌കരിച്ച് പ്രശ്‌ന പരിഹാരത്തിനു സർക്കാർ

സ്വന്തം ലേഖകൻ

ഡബ്ലിൻ: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഗാർഡാ സംഘം ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുന്നു. നവംബർ നാലു മുതൽ നാലു ദിവസം 24 മണിക്കൂർ സമരം നടത്തുന്നതിനാണ് ഗാർഡാ സംഘം തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഗാർഡയുടെ സമരം നേരിടാൻ ബദൽ മാർഗങ്ങൾ ആലോചിക്കുകയാണ് സർക്കാർ. എന്നാൽ, കൃ്ത്യമായ പരിശീലനം ലഭിച്ച ഗാർഡാ സംഘത്തിനു ബദലായി മറ്റു ആളുകളെ എങ്ങിനെ ഉപയോഗിക്കുന്നതിനു സാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ശമ്പള സ്‌കെയിൽ പുതുക്കണം എന്നാവശ്യപ്പെട്ടാണ് നവംബർ നാല് മുതൽ നാല് ദിവസങ്ങളിലായി 24 മണിക്കൂർ വീതം സമരം നടത്തുന്നത്. 16.5% ശമ്പളം പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.
പണിമുടക്കുന്നവർക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന് ഉന്നതതല വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.അതേസമയം സമരദിവസം ഗാർഡയുടെ കുറവ് നികത്താനായി സർക്കാർ ബദൽ സംവിധാനങ്ങൾ അന്വേഷിക്കുന്നുണ്ട്. എന്നാൽ സൈന്യത്തെ ഇതിനു പകരമായി നിയോഗിക്കുമോ എന്ന ചോദ്യത്തിന് പബ്ലിക് എക്‌സ്‌പെൻഡിച്ചർ മിനിസ്റ്റർ പാസ്ചൽ ഡോൺഹോ വ്യക്തമായ മറുപടി നൽകിയില്ല. സമരം ഒത്തു തീർപ്പിലെത്തിക്കാനായി നിയമ വകുപ്പ്, ജിആർഎ, എജിഎസ്‌ഐ എന്നിവർ വർക്ക് പ്ലേസ് റിലേഷൻസ് കമ്മിഷൻ വഴി ഈയാഴ്ച ചർച്ച നടത്താനൊരുങ്ങുന്നുണ്ട്. ശമ്പളം വർദ്ധിപ്പിച്ചു നൽകാൻ സർക്കാർ തയാറായേക്കും എന്ന സൂചനകളും ഉണ്ട്.ഇത് സംബന്ധിച്ച ചർച്ചകളും അണിയറയിൽ നടക്കുന്നുണ്ട്.
ബസ് ജീവനക്കാരുടെ പിന്നാലെ ഗാർഡയുടെ ശമ്പളവും വർദ്ധിപ്പിക്കുന്നതോടെ നഴ്‌സുമാർ മാത്രമാവും ശമ്പള വർദ്ധനവ് ലഭിക്കാത്ത ,പൊതുമേഖലയിലെ പ്രധാന വിഭാഗം.ഐഎൻഎംഓ ഇതിനായി സമരം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമരം ഉറപ്പാണെന്ന് യൂണിയൻ നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top