ഗാർഡയുടെ ശമ്പള വർധനവ്: പൊതുജീവനക്കാർക്കു പ്രതിഷേധം; ജീവനക്കാരെ ചർച്ചയ്ക്കു വിളിക്കാൻ സർക്കാർ

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് ഗാർഡാ ഉദ്യോഗസ്ഥർക്കു ശമ്പള വർധനവ് നടപ്പാക്കിയതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം ജീവനക്കാർ രംഗത്ത് എത്തിയതോടെ ഈ ഉദ്യോഗസ്ഥരുമായി ചർച്ച നടത്താനൊരുങ്ങി സർക്കാർ. ജീവനക്കാരുടെ പ്രതിനിധികളുമായി അടുത്ത ദിവസം ചർച്ച നടത്തുന്നതിനാണ് ഇപ്പോൾ സർക്കാർ രംഗത്ത് ഇറ്ങ്ങിയിരിക്കുന്നത്. ലാൻഡ്‌സ്ഡൗൺ കരാറിനു വിരുദ്ധമായി ഗാർഡയ്ക്ക് ശമ്പളം വർദ്ധിപ്പിച്ചതിനെത്തുടർന്ന് തങ്ങൾക്കും ശമ്പളവർദ്ധനവ് വേണമെന്ന് പൊതുജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. മന്ത്രി പാസ്ചൽ ഡോൺഹോയാണ് യൂണിയനുകളുമായി ചർച്ച നടത്തുമെന്ന കാര്യം അറിയിച്ചത്.
അതേസമയം 2018 സെപ്റ്റംബർ വരെ ലാൻഡ്‌സ്ഡൗൺ കരാർ നിർത്തലാക്കാൻ കഴിയില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇക്കാര്യത്തിൽ എല്ലാവർക്കും സ്വീകാര്യമായ തീരുമാനമെടുക്കാൻ സർക്കാർ സന്നദ്ധമാണ്. കരാറും ശമ്പളവർദ്ധനവുമായി ബന്ധപ്പെട്ട് സർക്കാരും യൂണിയനുകളും തമ്മിൽ നടക്കുന്ന ചർച്ചകൾ ജനുവരി അവസാനത്തോടെ മാത്രമേ തീരൂ എന്നാണ് കണക്കുകൂട്ടുന്നത്. ചർച്ചയ്ക്ക് വിളിച്ച സർക്കാർ നീക്കത്തെ ഐസിടിയു പബ്ലിക് സർവീസ് കമ്മിറ്റി (പിഎസ് സി) സ്വാഗതം ചെയ്തു. ലാൻഡ്‌സ്ഡൗൺ കരാറിന്റെ നിബന്ധനകളിൽ ഗുണപരമായ മാറ്റങ്ങൾ (പൊതുജീവനക്കാർക്ക്) ഉണ്ടാക്കാൻ ചർച്ച വഴിവയ്ക്കുമെന്നാണ് കരുതുന്നതെന്നും പിഎസ് സി പ്രസ്താവിച്ചു.
അതേസമയം 2017ൽ പൊതുജീവനക്കാർക്ക് ശമ്പളം വർദ്ധിപ്പിച്ചു നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെങ്കിൽ, ഇതിന് ആനുപാതികമായി ടാക്‌സ് വർദ്ധിപ്പിക്കുകയോ, മറ്റ് ചെലവുകൾ വെട്ടിച്ചുരുക്കുകയോ ചെയ്യണമെന്ന് ഫിസ്‌കൽ അഡൈ്വസറി കൗൺസിൽ. അല്ലാത്തപക്ഷം അത് സാമ്പത്തിക ദുരന്തത്തിലേയ്ക്കാകും രാജ്യത്തെ കൊണ്ടെത്തിക്കുക. ഇപ്പോൾത്തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ താളം തെറ്റിത്തുടങ്ങിയതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും കൗൺസിൽ പറഞ്ഞു. 2018ൽ ചെലവഴിക്കാനായും, ടാക്‌സ് കട്ടിനായും മാറ്റിവച്ച തുക ഒക്ടോബർ ബജറ്റ് പ്രകാരം ഇപ്പോൾത്തന്നെ ഉപയോഗിച്ചു തീർന്നിട്ടുണ്ടെന്നും കൗൺസിലിന്റെ റിപ്പോർട്ട് പറയുന്നു.
അടുത്ത വർഷം ചെലവിനും ടാക്‌സ് കട്ടിനുമായി 600 മില്ല്യൺ യൂറോയാണ് ഇപ്പോൾ സർക്കാരിന്റെ പക്കലുള്ളത്. നിലവിലെ ചിലവ് തുടർന്നാൽ ഏറെ വൈകാതെ തന്നെ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top