ഗാർഡയ്ക്കും നിയന്ത്രിക്കാനാവുന്നില്ല; രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു

സ്വന്തം ലേഖകൻ

ഡബ്ലിൻ:ഡബ്ലിൻ നഗരത്തിൽ കുറ്റകൃത്യങ്ങളുടെ എണ്ണം ഓരോ ദിവസവും കൂടുന്നതായി ഗാർഡ. നഗരത്തിനും പുറത്തും സാമ്പത്തിക മാന്ദ്യത്തിനു ശേഷം കൊള്ളയടക്കമുള്ള കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയാണ്. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെട്ടിരുന്ന പലരും ഇന്ന് കൊള്ളയടിയിലേയ്ക്ക് മാറിയിരിക്കുന്നതായാണ് ഗാർഡ വിശ്വസിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് സെൽബ്രിഡ്ജിലെ ഒരു വീട്ടിൽ കയറിച്ചെന്ന രണ്ടു കൊള്ളക്കാർ വീട്ടുടമയോട് പണം ആവശ്യപ്പെട്ട് അദ്ദേഹത്തെ മർദ്ദിച്ചവശനാക്കിയ സംഭവം ദേശീയ മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്.പട്ടാപ്പകൽ പോലും വീടുകൾ ആക്രമിക്കുന്ന സംഘങ്ങൾ പതിവായിരിക്കുകയാണ്.വീടിന്റെ പിൻവാതിലിലൂടെ കയറിയ സംഘം അകത്തുണ്ടായിരുന്ന ഉടമസ്ഥന്റെ കൈ തല്ലിയൊടിക്കുകയും ചെയ്തു.സാരമായ പരിക്കുള്ള ഇയാളെ ജെയിംസ് കൊണോലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2007ൽ അയർലണ്ടിലാകെ 23,603 കൊള്ളകൾ ഉണ്ടായതായാണ് റിപ്പോർട്ട്. 2015ലേയ്‌ക്കെത്തുമ്പോൾ ഇത് 2,656 എണ്ണം വർദ്ധിച്ച് 26,259 ആയി. അതായത് 11% വർദ്ധന.
വർദ്ധിച്ച 2,656 കേസുകളിൽ 2,610 എണ്ണവും ഡബ്ലിനിലെ ആറ് ഗാർഡ ഡിവിഷനുകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടവയാണ്. ബാക്കി 46 എണ്ണം മാത്രമാണ് രാജ്യത്താകമാനമുണ്ടായിട്ടുള്ള വർദ്ധനവ്. സാമ്പത്തിക മാന്ദ്യം കാരണം കൊള്ളയടി ഏറ്റവുമധികം കൂടിയിട്ടുള്ളത് ഡബ്ലിനിലാണെന്ന് വ്യക്തം.
അതേസമയം ഡോണഗലിൽ 20%, മേയോയിൽ 35%, കോർക്ക് വെസ്റ്റിൽ 37% എന്നിങ്ങനെ കൊള്ളയടി കേസുകളിൽ കുറവും ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ടാലയിലെ ബാങ്ക് ഓഫ് അയർലണ്ടിൽ നിന്നും 50,000 യൂറോ കൊള്ളയടിച്ച സംഘത്തെ പിടികൂടാനായി ഗാർഡ ഡിറ്റക്ടീവുകൾ സ്ഥിരം കൊള്ളക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു.കിൽഡെർ കൗണ്ടിയിലെ സെൽബ്രിഡ്ജിൽ നടത്തിയ തെരച്ചിലിൽ മൊബൈൽ ഫോണുകൾ അടക്കമുള്ള തെളിവുകൾ അന്വേഷകർക്ക് ലഭിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
രാവിലെ ബാങ്കിലേയ്ക്ക് പണവുമായി എത്തിയ ജീവനക്കാരനു നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച സംഘം ക്യാഷ് ബോക്‌സിൽ നിന്നും 50,000ഓളം യൂറോ മോഷ്ടിച്ചത്. ബാങ്കിനു പുറത്തുവച്ചായിരുന്നു മോഷണം. തുടർന്ന് ചെറിയ സിൽവർ കാറിൽ ഡബ്ലിൻ സിറ്റി സെന്ററിലേയ്ക്ക് ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഈ സംഭവത്തിന് മിനിറ്റുകൾ മുമ്പ് 11.30ഓടെ, ഫിൻഗ്ലസിലെ ചാൾസ് ടൗൺ ഷോപ്പിങ് സെന്ററിലും കൊള്ള നടന്നു. എടിഎമ്മിൽ നിക്ഷേപിക്കാനായി കൊണ്ടു പോകുകയായിരുന്ന 50,000 യൂറോ സെക്യൂരിറ്റി ജീവനക്കാരന്റെ കയ്യിലുള്ള ക്യാഷ് ബോക്‌സിൽ നിന്നും ഒരാൾ തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാളും കൂട്ടാളിയും സഞ്ചരിച്ച കാർ പിന്നീട് കത്തിച്ച നിലയിൽ കണ്ടെത്തി.
കൊള്ളകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷക്കായി ഗാർഡ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അക്രമ സ്വഭാവമുള്ള കൊള്ളക്കാരെ തിരിച്ച് നേരിടാൻ ജനങ്ങൾ ശ്രമിക്കാതിരിക്കുകയാണ് നല്ലതെന്നാണ് ഗാർഡയുടെ അഭിപ്രായം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top