പി.പി ചെറിയാൻ
കറോൾട്ടൻ (ജോർജിയ) : പതിനഞ്ചു മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികൾ നിസ്സാൻ എസ് യുവിയിൽ ചൂടേറ്റു മരിച്ചതായി കരോൾട്ടൻ പൊലീസ് അറിയിച്ചു.
ടിൽമാൻ ഡ്രൈവിലുള്ള അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിൽ ആഗസ്റ്റ് നാലിനു വൈകിട്ടായിരുന്നു സംഭവം. വിവരം അറിഞ്ഞു പൊലീസ് സ്ഥലത്തെത്തുമ്പോൾ വാഹനത്തിൽ നിന്നും അബോധാവസ്ഥയിലായ കുട്ടികളെ അയൽവാസികൾ പുറത്തെടുത്ത് ഐസ് പാക്കിൽ വയ്ക്കുന്നതാണ് കണ്ടത്. വെസ്റ്റേൺ റീജിയണിൽ വൈകിട്ട് 90 ഡിഗ്രിയിൽ കൂടുതൽ ചൂടാണ് രേഖപ്പെടുത്തിയിരുന്നത്.
രണ്ടു കുട്ടികളെയും ഉടൻ കരോൾട്ടൻ ടാനർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കുട്ടികളുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോൾ മാതാവ് ഒരു കാർ അപകടത്തിൽപ്പെട്ട് അറ്റ്‌ലാൻഡയിലെ ഗ്രാന്റി ആശുപത്രിയിലായിരുന്നു.
കാരൾ കൗണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ പേരും വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. സൂര്യതാപം ശക്തിപ്പെട്ടതിനെ തുടർന്നു അശ്രദ്ധമായി കാറിൽ കഴിയേണ്ടി വന്ന കുഞ്ഞുങ്ങൾ ചൂടേറ്റു മരണമടയുന്ന സംഭവങ്ങൾ അടുത്തിടെയായി പല ഭാഗത്തു നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പകുതിയും മാതാപിതാക്കളുടെ അശ്രദ്ധമൂലമാണെന്നാണ് സർവേ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
2016 ൽ മാത്രം ഇതുവരെ 24 കുട്ടികളാണ് കാറിൽ ചൂടേറ്റു മരിച്ചിട്ടുള്ളത്. 1998 മുതൽ ഇതുവരെ 685 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.