കുടുംബം പീഡിപ്പിക്കുന്നുവെന്നാരോപിച്ച് സൗദി അറേബ്യ വിട്ട് തായ്‌ലാന്റിലെത്തിയ പെണ്‍കുട്ടി കാനഡയില്‍ എത്തി. ടൊറൊന്റോ വിമാനത്താവളത്തിലെത്തിയ കൗമാരക്കാരിക്ക് കാനഡ അഭയം നല്‍കി. ജനപ്രിയയായ വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ആണ് റഹാഫ് മുഹമ്മദ് അല്‍ ഖാനൂന്‍ എന്ന 18കാരിയെ സ്വീകരിക്കാനെത്തിയത്. ‘കാനഡ’ എന്ന് എഴുതിയ സ്വെറ്റ്ഷര്‍ട്ട് ഇട്ടായിരുന്നു റഹാഫ് കാനഡയിലെത്തിയത്. ക്രിസ്റ്റിയ ആലിംഗനം ചെയ്താണ് റഹാഫിനെ സ്വീകരിച്ചത്.
മാധ്യമങ്ങളുടെ ക്യാമറകള്‍ നോക്കി ചിരിച്ചു കൊണ്ടാണ് റഹാഫ് എത്തിയത്. ‘വളരെ തന്റേടിയായ പുതിയ കാനഡക്കാരി’ എന്ന് പറഞ്ഞാണ് ക്രിസ്റ്റിയ റഹാഫിനെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. ‘ഒരാളെ നമുക്ക് രക്ഷിക്കാന്‍ കഴിയുമെങ്കില്‍, ഒരു സത്രീയെ രക്ഷിക്കാന്‍ കവിയുമെങ്കില്‍ അത് വളരെ നല്ല കാര്യമാണ്,’ ക്രിസ്റ്റിയ പറഞ്ഞു. ഇനി ഒരിക്കലും സൗദിയിലേക്ക് പോകില്ലെന്നും നിര്‍ബന്ധിച്ച് തിരിച്ചയച്ചാല്‍ താന്‍ കൊല്ലപ്പെടുമെന്നും യുവതി തായ് പോലീസിനോട് പറഞ്ഞിരുന്നു.
തുടര്‍ന്നാണ് യുഎന്‍ ഇടപെട്ടതും കാനഡ അഭയം നല്‍കാമെന്ന് പറഞ്ഞതും.തൊട്ടുപിന്നാലെ ബാങ്കോക്കില്‍ നിന്നുള്ള വിമാനത്തില്‍ യുവതി കാനഡിയിലേക്ക് പറന്നു. കാനഡയും സൗദിയും തമ്മില്‍ ബന്ധം വഷളായിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. വനിതാ ആക്ടിവിസ്റ്റുകളുടെ വിഷയത്തില്‍ കാനഡ ഇടപെട്ടതാണ് സൗദിയുമായുള്ള ബന്ധം വഷളാകാന്‍ കാരണം. പുതിയ സംഭവത്തോടെ കുടുംബ കലഹം രാജ്യങ്ങള്‍ തമ്മിലുള്ള കലഹമായി വിഷയം മാറുമോ എന്ന ആശങ്ക പരന്നിട്ടുണ്ട്. കഴിഞ്ഞാഴ്ചയാണ് പെണ്‍കുട്ടി സൗദി വിട്ട് ഒളിച്ചോടിയത്.
കുടുംബത്തോടൊപ്പം കുവൈത്തിലെത്തിയ വേളയിലായിരുന്നു ആരുമറിയാതെ തായ്‌ലാന്റിലേക്ക് കടന്നത്. ഓസ്‌ട്രേലിയയിലേക്ക് കടക്കാനായിരുന്നു നീക്കം. എന്നാല്‍ തായ് പോലീസ് ബാങ്കോക്ക് വിമാനത്താവളത്തില്‍ വച്ച് പിടികൂടി. ബാങ്കോക്കിലെ ഹോട്ടലില്‍ കയറി വാതിലടച്ച യുവതി, തന്നെ സൗദിയിലേക്ക് തിരിച്ചയക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി സംഭവത്തിന് വന്‍ പ്രചാരം ലഭിച്ചു. ഇതോടെയാണ് യുഎന്നും മനുഷ്യാവകാശ സംഘടനകളും വിഷയത്തില്‍ ഇടപെട്ടത്. കുടുംബം തന്നെ കൊല്ലുമെന്നാണ് യുവതി പറഞ്ഞത്.