ബുദ്ധിശക്തിയില്‍ സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനേയും, സ്റ്റീഫന്‍ ഹോക്കിങ്‌സിനേയും തറപറ്റിച്ച് മലയാളി പെണ്‍കുട്ടി വിസ്മയിപ്പിക്കുന്നു. വെറും പന്ത്രണ്ടുവയസുള്ള ലിഡിയ സെബാസ്റ്റിയന്‍ ആണ് ബുദ്ധിശക്തിയില്‍ ഇതിഹാസങ്ങളെ കീഴടക്കിയത്. ഐക്യു ടെസ്റ്റില്‍ 162 എന്ന പരമാവധി മാര്‍ക്ക് കരസ്ഥമാക്കി ലിഡിയ യുകെയിലെ ദേശീയ മാധ്യമങ്ങളുടെയും ശ്രദ്ധ നേടിയിരിക്കുകയാണ്.
വ്യക്തികളുടെ ബുദ്ധിശക്തി തിട്ടപ്പെടുത്തുന്ന മെന്‍സ പരീക്ഷയിലാണ് ലിഡിയ ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. മല്‍സരത്തില്‍ ലഭിക്കാവുന്ന പരമാവധി സ്‌കോറായ 162 മാര്‍ക്കാണ് ലിഡിയ നേടിയത്. ശാസ്ത്രരംഗത്തെ ഇതിഹാസങ്ങളായ ഐന്‍സ്റ്റീന്റേയും ഹോക്കിങ്സിന്റേയും ഐ ക്യു സ്‌കോര്‍ 160 ആണെന്നാണ് നിലവില്‍ കണക്കാക്കിയിട്ടുള്ളത്. ബ്രിട്ടനിലെ കോള്‍ചെസ്റ്ററില്‍ താമസിക്കുന്ന അരുണിന്റെയും എറിക്കയുടെയും മകളാണ് ലിഡിയ.
ഡെയ്‌ലി മെയില്‍ അടക്കമുള്ള ബ്രിട്ടീഷ് മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് ലിഡിയയെ വാര്‍ത്തകളില്‍ നിറച്ചിരിക്കുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും സ്റ്റീഫന്‍ ഹോക്കിങ്ങിന്റെയും ഐക്യു സ്‌കോര്‍ 160 എന്നാണ് പൊതുവില്‍ ശാസ്ത്രലോകം വിലയിരുത്തുന്നത്. അതിലും മുകളിലാണ് കോള്‍ചെസ്റ്റര്‍ കൗണ്ടി ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ലിഡിയ കൈവരിച്ചത്. ലിഡിയയ്ക്ക് ഇപ്പോള്‍ 12 വയസാണ്. മുത്തച്ഛനോടപ്പമാണ് ലിഡിയ ഐക്യൂ ടെസ്റ്റിന് എത്തിയത്. നേട്ടം അപ്രതീക്ഷിതമാണെന്ന് ലിഡിയ പറയുന്നു. മെന്‍സ പരീക്ഷയില്‍ പങ്കെടുക്കാനായി ബ്രിട്ടനില്‍ നിന്നു മാത്രം 20,000 കുട്ടികളാണ് പങ്കെടുത്തത്.
ചെറുപ്പത്തില്‍ തന്നെ അസാധരണമായ പഠന മികവ് പ്രകടിപ്പിക്കുന്ന ലിഡിയയുടെ ഇഷ്ടവിഷയങ്ങള്‍ കണക്കും, ഭൗതികശാസ്ത്രവും, രസതന്ത്രവുമാണ്. ലിഡിയയുടെ അച്ഛന്‍ അരുണ്‍ കോള്‍ചെസ്റ്റര്‍ ജനറല്‍ ആശുപത്രിയില്‍ റെഡിയോളജി സ്‌പെഷ്യലിസ്റ്റാണ്. അമ്മ എറിക്ക ബാര്‍ക്ലെയ്‌സ് ബാങ്ക് ജീവനക്കാരിയുമാണ്. വായനയാണ് ഇ കൊച്ചുമിടുക്കിയുടെ പ്രധാന വിനോദം.