റിയാദ് :ഗള്‍ഫ് മലയാളികളെ കണ്ണീരിലാഴ്ത്തി മൂന്ന് വ്യത്യസ്ഥ അപകടങ്ങളില്‍ മൂന്നു പ്രവാസിമലയാളികള്‍ കൊല്ലപ്പെട്ടു. സൗദിയില്‍ രണ്ടിടത്തും യുഇയിലെ ഷാര്‍ജയിലുമായുണ്ടായ മൂന്നു വാഹനാപകടങ്ങളിലാണ് തിരുവനന്തപുരം ജില്ലയിലെ അയിരൂപ്പാറ, വെഞ്ഞാറമ്മൂട് സ്വദേശികള്‍ മരിച്ചത്. സൗദിയിലെ അപകടങ്ങളില്‍ പോത്തന്‍കോട് അയിരൂപ്പാറ ശാന്തിപുരം കല്ലിക്കോട് ശ്രീലക്ഷ്മി ഭവനില്‍ സുരേന്ദ്രന്‍ (49), വെഞ്ഞാറമൂട് മുക്കുന്നൂര്‍ ജിതിന്‍ നിവാസില്‍ സുഗതന്‍ – ആശ ദമ്പതികളുടെ മകന്‍ ജെജിന്‍ (28), ഷാര്‍ജയിലെ അപകടത്തില്‍ മുരുക്കുംപുഴ ഷീബാ വില്ലയില്‍ ജോണ്‍സന്‍ ഡിക്രൂസ് (48) എന്നിവരാണു മരിച്ചത്. സൗദിയിലെ അല്‍ അഹ്‍സ മഹ്ദൂദില്‍ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിലാണു സുരേന്ദ്രന്‍ മരിച്ചത്.
കെട്ടിടനിര്‍മാണ തൊഴിലാളിയാണ്. സഹോദരനെ കാണാന്‍ സൈക്കിളില്‍ പോകുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇരുപത്തഞ്ച് വര്‍ഷത്തോളമായി സൗദിയില്‍ ജോലി ചെയ്യുകയാണു സുരേന്ദ്രന്‍. ഭാര്യ ഷീബ. മക്കള്‍ ശ്രീലക്ഷ്മി, ശ്രീദേവി. കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികള്‍ക്കുശേഷം നാട്ടിലേക്കു കൊണ്ടുപോകും. വെഞ്ഞാറമൂട് മുക്കുന്നൂര്‍ സ്വദേശി ജെജിന്‍ അല്‍ഹസ്സയില്‍ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ഡ്രൈവര്‍ ആയിരുന്നു. 18നു പുലര്‍ച്ചെ അഞ്ചരയ്ക്ക് അപകടത്തില്‍പെടുകയായിരുന്നു.
സുഹൃത്തുക്കളായ നാലുപേര്‍ക്കൊപ്പം സഞ്ചരിക്കവേ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞെന്നാണു നാട്ടില്‍ ലഭിച്ച വിവരം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ജെജിന്റെ ഭാര്യ ശ്രുതി. മകന്‍ ആദിദേവ്. ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ച മുരുക്കുംപുഴ ഷീബാ വില്ലയില്‍ പരേതനായ ഏബ്രഹാം ഡിക്രൂസിന്റെ മകന്‍ ജോണ്‍സന്‍ ഡിക്രൂസിന്റെ മൃതദേഹം ഇന്നു മൂന്നു മണിക്കു മുരുക്കുംപുഴ സെന്റ് അഗസ്റ്റ്യന്‍ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കരിക്കും. ഭാര്യ ഷിബാ ജോണ്‍സന്‍. മകള്‍: ഗ്രെയ്സ് മരിയ.