കുവൈറ്റ് : കുവൈറ്റില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ മലയാളിയെ ദുരൂഹ സാഹചര്യത്തില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി . അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുന്നംകുളം സ്വദേശി ബാലകൃഷ്ണനാണ് (48) മരിച്ചത്. സാല്‍മിയായില്‍ താമസ സ്ഥലത്തിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തെ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് മൃതദേഹം ഉണ്ടായിരുന്നത്.
കഴിഞ്ഞ പത്ത് ദിവസമായി ബാലകൃഷ്ണനെ കുറിച്ച് വിവരം ഒന്നുമില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു . സാല്‍മിയായിലെ ഒരു വര്‍ക്ക്ഷോപ്പില്‍ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു മരിച്ച ബാലകൃഷ്ണന്‍ .
പൊലീസ് എത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി . കുന്നംകുളം ഇല്ലത്തുവളപ്പില്‍ കുടുംബാംഗമാണ് ഇദ്ദേഹം.രജനിയാണ് ഭാര്യ. കൃഷ്ണജയും കൃപയും മക്കളാണ്. രണ്ടു വര്‍ഷം മുമ്പാണ് ബാലകൃഷ്ണന്‍ അവസാനമായി നാട്ടില്‍ പോയതെന്നാണ് വിവരം .