പി.പി ചെറിയാൻ
ഓസ്റ്റിൻ: ടെക്‌സസ് സംസ്ഥാനത്തെ കോളജ് വിദ്യാർഥികൾ ക്ലാസ് മുറിയിലേയ്ക്കു ഡോമിലേയ്ക്കും താമസിക്കുന്ന മറ്റു കെട്ടിടങ്ങളിലേയ്ക്കും കൺസീൽഡ് ഗൺ കൊണ്ടു വരുന്നതിനുള്ള അനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ടു യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഓസ്റ്റിനിലെ മൂന്നു പ്രഫസർമാർ സമർപ്പിച്ച അപ്പീൽ യുഎസ് ഡിസ്ട്രിക്ട് കോടതി അനുവദിച്ചില്ല.
കഴിഞ്ഞ വർഷം റിപബ്ലിക്കൻ ഗവർണർ ഗ്രേഗ് എമ്പട്ടാണ് കോളജ് വിദ്യാർഥികൾക്കു കൺസീൽഡ് ഗൺ കൈവശം വയ്ക്കുന്നതിനു അനുകൂലമായ നിയമം അംഗീകരിച്ചു നടപ്പാക്കിയത്.
ക്ലാസ് മുറികളിലേയ്ക്കു തോക്കു കൊണ്ടു വരുന്നത് അപകടകരമാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രഫസർമാർ കോടതിയെ സമീപിച്ചത്. 50,000 വിദ്യാർഥികൾ പഠിക്കുന്ന യൂണിവേഴ്‌സിറ്റിയിൽ ഗൺനിയമം പാസാക്കിയതു മൂതൽ അനുകൂലമായും പ്രതികൂലമായും സജീവ ചർച്ചകൾ നടന്നിരുന്നു.
നിയമസഭാ സാമാജികരോ യൂണിവേഴ്‌സിറ്റി അധികൃതരോ വിദ്യാർഥികൾ എവിടേയ്ക്കു ഗൺ കൊണ്ടു വരണമെന്നു അവകാശത്തിന്മേൽ ഇടപെടുന്നതിനെതിരെ ഡിസ്ട്രിക്ട് ജഡ്ജി ലി യക്കീൽ ശക്തമായ അഭിപ്രായമാണ് സ്വീകരിച്ചത്.
ഫാൾ സെമസ്റ്റിൽ ആരംഭിക്കുന്ന ആഗസ്റ്റ് 22 തിങ്കളാഴ്ചയ്ക്കു രണ്ടു ദിവസം മുൻപു കോടതി ഉത്തരവ് പുറത്തു വന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നു പ്രഫസർമാർ അഭിപ്രായപ്പെട്ടു. 1995 മുതൽ ടെക്‌സസിൽ പൊതുസ്ഥലങ്ങളിൽ കൺസീൽഡ് ഗൺകൊണ്ടു നടക്കുന്നതിനുള്ള നിയമം നിലവിൽ വന്നിരുന്നു.