റിയാദ്: ചെലവു കുറഞ്ഞ ഹജ്ജ് പദ്ധതിയിലേക്കുള്ള അഭ്യന്തര തീര്‍ഥാടകരുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. പൊതു കാറ്റഗറിയില്‍ ഇനിയും സീറ്റുകള്‍ ബാക്കിയുണ്ട്. ക്വാട്ടയുടെ പത്തു ശതമാനം സര്‍വീസ് സ്ഥാപനങ്ങള്‍ക്കു സ്വന്തം നിലയ്ക്കു രജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അഭ്യന്ത്യര ഹജ്ജ് തീര്‍ഥാടകരുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തിലാണ്. 1,85,000 അഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഈ വര്‍ഷം അനുമതി പത്രം നല്‍കുന്നത്. 115,000 പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. തീര്‍ഥാടകര്‍ക്ക് പുണ്യസ്ഥലങ്ങളില്‍ ലഭിക്കുന്ന സൗകര്യത്തിനനുസരിച്ചു പദ്ധതികളെ പല കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ഇതില്‍ ചെലവു കുറഞ്ഞ ഹജ്ജ് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തിയായി.
50000 സീറ്റുകളാണ് ഈ പദ്ധതിയില്‍ ഉണ്ടായിരുന്നത്. ജംറയില്‍ നിന്നും തമ്പിലെക്കുള്ള ദൂരത്തിനനുസരിച്ച് 3000 റിയാല്‍ മുതല്‍ 5000 റിയാല്‍ വരെയാണ് ഈ പദ്ധതിയില്‍ ഒരാളില്‍ നിന്ന് ഈടാക്കുന്നത്. മിനയ്ക്ക് പുറത്തു അസീസിയയില്‍ താമസ സൗകര്യം നല്‍കുന്ന പദ്ധതിയിലും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി.
3000 റിയാല്‍ ഈടാക്കുന്ന ഈ പദ്ധതിയില്‍ പതിനായിരം തീര്‍ഥാടകര്‍ക്കാന്‍ അവസരമുള്ളത്. ജനറല്‍ കാറ്റഗറിയിലും, മിനാ ടവറില്‍ താമസ സൗകര്യമുള്ള പദ്ധതിയിലും ഏതാനും സീറ്റുകള്‍ കൂടി ബാക്കിയുണ്ട്. 5800 മുതല്‍ 8150 റിയാല്‍ വരെയാണു ജനറല്‍ കാറ്റഗറിയില്‍ ഈടാക്കുന്നത്. മിനാ ടവറില്‍ താമസിക്കുന്നവര്‍ 11890 റിയാല്‍ അടയ്ക്കണം.
അഭ്യന്തര സര്‍വീസ് സ്ഥാപനങ്ങള്‍ക്ക് അവരുടെ ക്വാട്ടയുടെ പത്ത് ശതമാനം ഓണ്‍ലൈന്‍ വഴിയല്ലാതെ സ്വന്തം നിലയ്ക്ക് രജിസ്റ്റര്‍ ചെയ്യാം.