സ്വന്തം ലേഖകൻ
സാൻഫ്രാൻസിസ്‌കോ: ഇന്ത്യൻ അമേരിക്കൻ അറ്റോർണിയും കാലിഫോർണിയ റിപബ്ലിക്കൻ പാർട്ടി വൈസ് ചെയർമാനുമായ ഹർമിത് ധില്ലൻ പാർട്ടിയുടെ നാഷണൽ കമ്മിറ്റിയിലേയ്ക്കു സംസ്ഥാനത്തെ പ്രതിനിധീകരിച്ചു വനിതാ കമ്മിറ്റി അംഗമായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്നുറപ്പായി. ഓരോ സംസ്ഥാനത്തു നിന്നും മൂന്നു പേരെയാണ് നാഷണൽ കമ്മിറ്റിയിലേയ്ക്കു തിരഞ്ഞെടുക്കുന്നത്. സ്റ്റേറ്റ് ചെയർമാൻ വനിതകളിൽ നിന്നും പുരുഷൻമാരിൽ നിന്നും ഓരോരുത്തർ എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾ.
ഏപ്രിൽ മൂന്നിനു സംസ്ഥാന പ്രതിനിധികളുടെ യോഗത്തിൽ നിന്നാണ് മൂന്നു പേരെ തിരഞ്ഞെടുക്കുക. ഇതുവരെ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരുന്ന ലിന്റാ ഐക്കർമാൻ മത്സരത്തിനില്ല എന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യൻ അമേരിക്കൻ വനിത ആദ്യമായാണ് കാലിഫോർണിയൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. റിപബ്ലിക്കൻ പാർട്ടിയുടെ സംസ്ഥാനത്തെ വളർച്ചയിൽ ഹർമിത്തിന്റെ സംഭാവന വിലപ്പെട്ടതാണ്. സിക്ക് ദമ്പതിമാരുടെ മകളായി ഇന്ത്യയിൽ ജനിച്ച ഹർമിത് നോർത്ത് കരോളിനയിലാണ് വളർന്നത്. സിക്ക് ബാർ അസോസിയേഷൻ സ്ഥാപകാംഗമായ ഹർമിത് വെർജീനിയ ലോ സ്‌കൂളിൽ നിന്നാണ് നിയമ പഠനം പൂർത്തിയാക്കിയത്. കമ്മ്യൂണിറ്റി സേവനത്തിന്റെ അംഗീകാരമായി മൈനോരിറ്റി ബാർ കൊയ്‌ലേഷൻ അവാർഡ് 2002 ൽ ഹർമിതിനു ലഭിച്ചിട്ടുണ്ട്.