പി.പി ചെറിയാൻ
വാഷിങ്ടൺ: അമേരിക്കയിലേയ്ക്കു എച്ച് വൺ ബി വിസയിൽ വരുന്നവരുടെ എണ്ണത്തിൽ ഇന്ത്യക്കാണ് ഒന്നാം സ്ഥാനമെന്നു ആഗസ്റ്റ് 23 നു ഇന്റർനാഷണൽ വിസ വിതരണം ചെയ്യുന്ന വാഷിങ്ടണ്ണിലെ ഉയർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
എച്ച് വൺ ബി വിസയുടെ ഫീസിൽ വൻ വർധനവുണ്ടായിട്ടും വിസയ്ക്കു വേണ്ടി അപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിച്ചു വരുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ അമേരിക്ക വിതരണം ചെയ്ത എച്ച് വൺ ബി വിസയിൽ ആകെയുള്ള 70 ശതമാനവും ഇന്ത്യക്കാർക്കാണ് ലഭിച്ചിരിക്കുന്നതെന്നു കോൺസുലർ അഫയേഴ്‌സ് ഓഫ് സ്റ്റേറ്റ് യുഎസ് അസി.സെക്രട്ടറി മിഷേൽ ബോണ്ട് പറഞ്ഞു.
എച്ച് വൺ വിസയ്ക്കു അർഹതയുള്ള അപേക്ഷകരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇതുവരെ നൽകിയ എൽവൺ ബി വിസയുടെ 30 ശതമാനവും ഇന്ത്യക്കാർക്കാണ് ലഭിച്ചിട്ടുള്ളത്. എച്ച് വൺ വിസയുടെ ഫീസ് 4000, എൽവൺ വിസയുടെ ഫീസ് 4500 ഡോളറുമായി ഉയർത്തിയിട്ടും അപേക്ഷകരുടെ എണ്ണത്തിൽ ഒരു കുറവുമുണ്ടായിട്ടില്ലെന്നും മിഷേൽ പറയുന്നു.
ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന കോൺസുലർ ചർച്ചകളിൽ പങ്കെടുക്കുന്നതിനു മിഷേൽ ബോണ്ടിന്റെ നേതൃത്വത്തിൽ ഒറു സംഘം വാഷിങ്ടണ്ണിൽ നിന്നും ഇന്ത്യയിലേയ്ക്കു തിരിച്ചിട്ടുണ്ട്. കോൺസുലർ പാസ്‌പോർട്ട് വിസ ജോ.സെക്രട്ടറി പി.കുമാരന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘാംഗങ്ങളുമായ ഇവർ ചർച്ച നടത്തും.