ജോസ് കാടാപ്പുറം
ന്യൂയോര്‍ക്ക്: തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഫോമ നിര്‍മ്മിച്ചു നല്‍കുന്ന ബ്ലോക്കിന്റെ പണി അടുത്ത ജൂലൈയില്‍ സ്ഥാനമൊഴിയും മുമ്പ് പൂര്‍ത്തിയാക്കുമെന്നും മയാമിയില്‍ അടുത്ത ജൂലൈ 7,8,9 തീയതികളില്‍ നടക്കുന്ന സമ്മേളനം ചരിത്രം കുറിക്കുന്നതായിരിക്കുമെന്നും ഫോമാ നേതാക്കള്‍ ഇന്ത്യാ പ്രസ്‌ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഉറപ്പു നല്‍കി.
കഴിഞ്ഞ ഒക്‌ടോബറില്‍ സ്ഥാനമേറ്റെങ്കിലും പത്രക്കാരെ അഭിമുഖീകരിക്കുന്നത് വൈകിയതായി പ്രസിഡന്റ് ആനന്ദന്‍ നിരവേലും, സെക്രട്ടറി ഷാജി എഡ്വേര്‍ഡും ക്ഷമാപ ണത്തോടെ പറഞ്ഞു. എന്തെങ്കിലും മികച്ച ഒരു നേട്ടമുണ്ടാക്കിയശേഷം പത്രക്കാരെ കാണാമെന്നു കരുതിയതാണ് വൈകാന്‍ കാരണം- അവര്‍ വിശദീകരിച്ചു. വെറുതെ വാഗ്‌ദാനങ്ങള്‍ നല്‍കി ഒന്നും ചെയ്യാതാരിക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചില്ല.
അമേരിക്കന്‍ മലയാളി ചരിത്രത്തില്‍ തന്നെ നാഴികക്കല്ലാകുന്ന സംരംഭമാണ് കാന്‍സര്‍ സെന്ററില്‍ ഒരുലക്ഷം ഡോളറില്‍ നിര്‍മ്മിക്കുന്ന ബ്ലോക്ക്. കേരളാ കണ്‍വന്‍ഷനില്‍ വച്ച് 25,000 ഡോളര്‍ മുഖ്യമന്ത്രിയെ ഏല്‍പിക്കുകയും, ആര്‍.സി.സിയുമായി ധാരണാപത്രം ഒപ്പിടുകയും ചെയ്‌തു. ഇനി ഗഡുക്കളായി ബാക്കി തുക നല്‍കണം. ആനന്ദനടക്കം ആറു പേരാണ് 25,000 ഡോളര്‍ നല്‍കിയത്.
തുക മുഴുവന്‍ സമാഹരിക്കാനായാലും ഇല്ലെങ്കിലും ബ്ലോക്ക് നിര്‍മ്മാണം തങ്ങള്‍ സ്ഥാനമൊഴിയുംമുമ്പ് പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുമെന്നതില്‍ സംശയമൊന്നും വേണ്ടെന്ന് ആനന്ദന്‍ പറഞ്ഞു. അതൊരു ഉറപ്പാണ്. അത് പാലിക്കുകതന്നെ ചെയ്യും.
ആകെയുള്ള 64 അംഗസംഘടനകളോടും കുറഞ്ഞത് 500 ഡോളറെങ്കിലും നല്‍കി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷത്തില്‍ വച്ച് 1000 ഡോളര്‍ നല്‍കി മാതൃക കാട്ടുകയും ചെയ്‌തു.
പത്രസമ്മേളനത്തില്‍ വെസ്റ്റ് ചെസ്റ്ററില്‍ ബിസിനസുകാരനായ സഞ്‌ജു തോമസ് 5000 ഡോളറിന്റെ ചെക്ക് ഭാരവാഹികള്‍ക്ക് കൈമാറിയത് ഈ പ്രൊജക്‌ട് ജനഹൃദയങ്ങളെ എത്രകണ്ടു സ്വാധീനിച്ചുവെന്നു വ്യക്തമാക്കുന്നതായിരുന്നു. ഒമ്പതു വര്‍ഷം മുമ്പ് എത്തിയ തനിക്ക് ലഭിച്ച നേട്ടങ്ങളില്‍ നിന്ന് സഹജീവികള്‍ക്കായി ഒരു പങ്ക് നല്‍കാന്‍ കഴിയുന്നതില്‍ സന്തോഷമേയുള്ളുവെന്നു യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ അംഗമായ സഞ്‌ജു പറഞ്ഞു. ഫോമാ ട്രഷറര്‍ ജോഫ്രിന്‍ ജോസ് തന്റെ വിജയങ്ങള്‍ക്കു നല്‍കിയ സഹായവും സഞ്‌ജു അനുസ്‌മരിച്ചു.
പിന്നീട് ഇതേ വേദിയില്‍ വച്ച് ഇന്ത്യാ പ്രസ്‌ക്ലബ് കണ്‍വന്‍ഷന് ഫോമയുടെ സ്‌പോണ്‍സര്‍ഷിപ്പ് കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്ത രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യനും, മനോരമ എഡിറ്റോറിയല്‍ ഡയറക്‌ടര്‍ തോമസ് ജേക്കബും ഈ പ്രൊജക്‌ടിനെ മുക്തകണ്‌ഠം പ്രശംസിച്ചു. അപ്രതീക്ഷിതമായി ഫോമയ്‌ക്കും ഭാരവാഹികള്‍ക്കും ലഭിച്ച അംഗീകാരം കൂടിയായി അത്.
ലോകത്തിലെ വെക്കേഷന്‍ തലസ്ഥാനമെന്നു കരുതുന്ന മയാമി കടല്‍തീരത്തുള്ള ഡുവല്‍ ബീച്ച് റിസോര്‍ട്ടിലാണ് കണ്‍വന്‍ഷനെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. 4 അംഗ കുടുംബത്തിന് 1399 ഡോളര്‍. മുമ്പത് 1500 ഡോളര്‍ ആയിരുന്നു. ബ്രഞ്ചും ഡിന്നറും അടങ്ങിയതാണ് അത്. അമേരിക്കന്‍ ഭക്ഷണമേ പറ്റൂ. അത് ഉറപ്പായും കിട്ടിയിരിക്കും. സിറ്റ് ഡൗണ്‍ ഡിന്നറായിരിക്കും. ഭക്ഷണശാലയില്‍ നിന്നു ഏതാനും മീറ്റര്‍ അകലമേയുള്ളൂ കടലിലേക്ക്. കടല്‍ കണ്ടിരുന്ന് ഭക്ഷണം കഴിക്കാം.
റിസോര്‍ട്ട് വൃത്താകൃതിയിലാണ്. ഓരോ സ്ഥലത്തും എത്തിപ്പെടുക എളുപ്പം. കണ്‍വന്‍ഷനു വരുന്നവര്‍ മുഴുവന്‍ സമയവും അവിടെ ചെലവഴിക്കണമെന്നില്ല. ഹോട്ടലുകാരോട് പറഞ്ഞാല്‍ ഒരു ദിവസത്തേക്കോ രണ്ടു ദിവത്തേക്കോ ഉള്ള കപ്പല്‍ യാത്രയോ (ബഹാമസിലേക്കോ ഒക്കെ പോയിവരാം!), മറ്റേതെങ്കിലും സ്ഥലത്തേക്കുള്ള വിനോദയാത്രയോ ഒക്കെ അറേഞ്ച് ചെയ്യും. അതിനു മുന്‍കൂട്ടി റിസര്‍വ് ചെയ്യണമെന്നില്ല. അതിനെല്ലാം സൗകര്യമുള്ളതാണ് റിസോര്‍ട്ട്.
റിസോര്‍ട്ടില്‍ 502 മുറികളാണുള്ളത്. അടുത്ത് ഹോട്ടലുകളില്ല. 500-ല്‍ കൂടുതല്‍ കുടുംബങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു കരുതുന്നില്ല. വാക് ഇന്‍ രജിസ്‌ട്രേഷന്‍ ഇല്ലെന്നു മാത്രമല്ല, ഒരുമാസം മുമ്പ് രജിസ്‌ട്രേഷന് ക്ലോസ് ചെയ്യുകയും ചെയ്യും. ഒക്‌ടോബര്‍ 17-ന് ബാള്‍ട്ടിമൂറില്‍ നടക്കുന്ന ജനറല്‍ ബോഡിയില്‍ വച്ച് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
ഭരണഘടന അനുസരിച്ച് ജനറല്‍ ബോഡി വര്‍ഷത്തിലൊരിക്കല്‍ കൂടണം. ബിജു തോമസ് പന്തളത്തിന്റെ നേതൃത്വത്തില്‍ ജെ. മാത്യൂസ്, ഡോ. ജയിംസ് കുറിച്ചി, രാജു വര്‍ഗീസ് എന്നിവര്‍ അടങ്ങിയ കമ്മിറ്റി തയാറാക്കിയ ഭരണഘടനാ ഭേദഗതികളില്‍ യോഗം തീരുമാനമെടുക്കും.
അതിനു പുറമെ ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കും. നാലുവര്‍ഷമാണ് കാലാവധി. തോമസ് ജോസിന്റെ (ജോസുകുട്ടി ഫോണ്ട്‌സ്) അധ്യക്ഷതയിലുള്ള കമ്മിറ്റിയില്‍ ജോര്‍ജ് തോമസ്, എന്‍.ജി. മാത്യു, പോള്‍ മത്തായി തുടങ്ങിയവരാണ് ഇപ്പോൾ അംഗങ്ങള്‍.
നവംബര്‍ 21-ന് വിനോദ് കൊണ്ടൂര്‍ ഡേവിഡിന്റെ നേതൃത്വത്തില്‍ ഡിട്രോയിറ്റില്‍ നടത്തുന്ന പ്രൊഫഷണല്‍ സമ്മിറ്റും, ജോബ് ഫെയറുമാണ് ശ്രദ്ധേയമായ മറ്റൊരു പരിപാടി.
ഒരു കാരണവശാലും നാട്ടില്‍ നിന്നു ഒട്ടേറെ പേരെ കൊണ്ടുവരുന്ന പ്രശ്‌നമില്ലെന്നു ആനന്ദന്‍ തറപ്പിച്ചു പറഞ്ഞു.
നാട്ടിൽ നിന്ന് കലാപരിപാടി കൊണ്ടു വരാനും താല്പര്യമില്ല. ഇവിടെനിന്നുള്ള മികവുറ്റ കലാപരിപാടിയാണ് ലക്ഷ്യമിടുന്നത്. അവര്‍ക്ക് ന്യായമായ പ്രതിഫലവും നല്‍കും. ഏതു ഗ്രൂപ്പിനെയാണ് ചുമതലപ്പെടുത്തേണ്ടതെന്നു നാഷണല്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്‌ത് കൂട്ടായി തീരുമാനമെടുക്കും.
ഫോമ ഒരു സംഘടനയ്‌ക്കും എതിരല്ലെന്ന് ആനന്ദന്‍ വ്യക്തമാക്കി. എല്ലാവരുമായും സഹകരിക്കാനാണ് തങ്ങള്‍ക്ക് താത്‌പര്യം. ആരോഗ്യപരമായ മത്സരം നല്ലതുതന്നെയാണ്. അങ്ങനെയല്ലാതെ ലയനത്തെപ്പറ്റിയോ ഐക്യത്തെപ്പറ്റിയോ ഒന്നും ദേശീയ സമിതി ആലോചിച്ചിട്ടു പോലുമില്ല. കാര്യങ്ങള്‍ അങ്ങനെയിരിക്കെ രണ്ടു സംഘടനയും വൈകാതെ ഒരു വേദിയില്‍ വരുമെന്നുമൊക്കെ പ്രസ്‌താവിക്കുന്നത് വ്യക്തിപരമായ അഭിപ്രായമായി കണ്ടാല്‍ മതിയെന്ന് ചോദ്യത്തിനുത്തരമായി ആനന്ദന്‍ പറഞ്ഞു.
ഫോമയ്‌ക്ക് പ്രത്യേകിച്ച് തലതൊട്ടപ്പനോ ഹൈക്കമാന്‍ഡോ ഇല്ല. കൂട്ടായാണ് തീരുമാനങ്ങള്‍ തങ്ങള്‍ എടുക്കുന്നത്. അതു സുതാര്യവുമായിരിക്കുമെന്ന് ആനന്ദന്‍ നിരവേല്‍ പറഞ്ഞു. ഫൊക്കാന വളരേണ്ടത് ഫോമയുടെ കൂടി ആവശ്യമാണ്. മത്സരമാണല്ലോ വളര്‍ച്ചയ്‌ക്ക് വഴിയൊരുക്കുക.
ഫോമ ഒരു സംഘടനയേയും പിളര്‍ത്താനോ, അവരുടെ പിന്നാലെയോ പോയിട്ടില്ല. പോകുകയുമില്ല. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അഞ്ചു സംഘടനകളെയാണ് ജനുവരിയില്‍ അംഗങ്ങളാക്കിയത്.
സേവന രംഗത്ത് ഫോമ തുറന്ന പാത മറ്റുള്ളവര്‍ക്കും അനുകരിക്കാവുന്നതാണ്. അതേ പാത മറ്റുള്ളവരും പിന്തുടരുമെന്നു തന്നെയാണ് തങ്ങളുടെ പ്രതീക്ഷ- ആനന്ദന്‍ പറഞ്ഞു.
സംഘടന ഇതേവരെ ചെയ്‌ത മറ്റുകാര്യങ്ങള്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് വിശദീകരിച്ചു. കേരളാ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്‌ടണുമായി ചേര്‍ന്ന് നടത്തിയ ടാലന്റ് ടൈം മത്സരം വന്‍ വിജയമായിരുന്നു. പ്രാദേശിക തലത്തില്‍ നടത്തിയിരുന്ന പരിപാടി ദേശീയതലത്തിലായപ്പോള്‍ 350-ല്‍പ്പരം കുട്ടികള്‍ 900-ല്‍പ്പരം ഇനങ്ങളില്‍ മത്സരിച്ചു.
ഈ ഓഗസ്റ്റ് ഒന്നിനു ഡോ. ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ കേരളാ കണ്‍വന്‍ഷന്‍ വലിയ വിജയമായിരുന്നു. പല മന്ത്രിമാരും വലിയ ജനക്കൂട്ടവും പങ്കെടുത്ത കണ്‍വന്‍ഷന്‍ ലാഭകരമായി തന്നെ പര്യവസാനിച്ചുവെന്ന് ഡോ. ജേക്കബ് തോമസ് പറഞ്ഞു.
ഏഴുമാസത്തെ പരിശ്രമത്തിനൊടുവിലാണ് കാന്‍സര്‍ സെന്ററില്‍ നിര്‍മ്മാണാനുമതി ലഭിച്ചതെന്നു ജോസ് ഏബ്രഹാം പറഞ്ഞു. പ്രൊജക്‌ടിന്റെ കാര്യം പരിഗണനയില്‍ വന്നപ്പോള്‍ സ്റ്റാന്‍ലി കളത്തില്‍, ജോഫ്രിന്‍ ജോസ് തുടങ്ങിയവരാണ് ധൈര്യം നല്‍കിയതെന്നു ഷാജി എഡ്വേര്‍ഡ് പറഞ്ഞു.
ഡോ. ബീനാ വിജയന്‍ ഐ.എ.എസ്, ഡോ. എം.വി പിള്ള എന്നിവരുടെ സഹായവും ജോസ് ഏബ്രഹാം അനുസ്‌മരിച്ചു. അമേരിക്കന്‍ മലയാളികള്‍ വാക്കുകൊണ്ട് പറയുന്നതല്ലാതെ പിന്നെ ഒന്നും ചെയ്യുകയില്ലെന്ന ധാരണ പരക്കെ ഉള്ളതു വലിയ വിഷമങ്ങള്‍ സൃഷ്‌ടിച്ചു. പക്ഷെ തങ്ങളുടെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുമെന്നു വിശ്വസിപ്പിച്ചെടുക്കാന്‍ പാടുപെട്ടു. ഡോ. എം.വി പിള്ളപോലും തുടക്കത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു- ജോസ് ഏബ്രഹാം ചൂണ്ടിക്കാട്ടി. ഫോമയ്‌ക്ക് ഇത്രയും തുക ഉണ്ടാക്കാനാവില്ലെന്ന ധാരണ ഒരു വെല്ലുവിളിയായി തങ്ങള്‍ ഏറ്റെടുത്തു.
ഡോ. സണ്ണി ലൂക്ക്, അലക്‌സ് വിളനിലം എന്നിവര്‍ നേതൃത്വം നല്‍കുന്ന ഐ.ഐ.എസ്.എ.സിയുമായി സഹകരിച്ച് നാട്ടിലേക്ക് കുട്ടികളെ രണ്ടാഴ്‌ചത്തേയ്‌ക്ക് അയയ്‌ക്കുന്ന പരിപാടിയും ആരംഭിച്ചിട്ടുണ്ട്. ഇവിടെ ജനിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് കേരളത്തെപ്പറ്റിയും നമ്മുടെ സംസ്‌കാരത്തെപ്പറ്റിയുമൊക്കെ നേരിട്ട് അറിവ് ലഭിക്കുകയാണ് ലക്ഷ്യം.
പതിനഞ്ചു പേരെ അയക്കാനാണു ആഗ്രഹിച്ചതെങ്കിലും ഒന്‍പതു പേര്‍ മാത്രമേ മുന്നോട്ടു വന്നുള്ളു. അവര്‍ പോയി മടങ്ങി വന്നു. യാത്ര വലിയ അനുഭവമായിരുന്നുവെന്നവര്‍ അറിയിച്ചു. അടുത്ത വര്‍ഷം രണ്ടു ബാച്ചിനെ അയക്കാനാണു ശ്രമിക്കുന്നത്.
വേള്‍ഡ് മലയാളി കൗണ്‍സിലുമായി സഹകരിച്ച് പ്രവാസി സ്വത്ത് സംരക്ഷണ നിയമത്തിനായും ഫോമാ പ്രവര്‍ത്തിക്കുന്നു-ഷാജി എഡ്വേര്‍ഡ് അറിയിച്ചു.
കണ്വന്‍ഷന്‍ മയാമിയിലായതിനാല്‍ യുവ തലാമുറക്കു പങ്കെടുക്കാന്‍ കൂടുതല്‍ താലപര്യം ഉണ്ടായിരിക്കുമെന്നു കരുതുന്നതായി ആനന്ദന്‍ പരഞ്ഞു. അവര്‍ക്ക് പ്രത്യേക പാക്കേജ് നല്‍കും. യുവജനത വന്നില്ലെങ്കില്‍ സംഘടനകള്‍ക്ക് നിലനില്പില്ല. അവര്‍ക്കു താലപര്യമുള്ള കാര്യങ്ങ ള്‍ ഉണ്ടെങ്കിലേ അവര്‍ വരൂ.
ആര്‍.സി.സി പ്രൊജക്‌ട് കഴിഞ്ഞേ പുതിയ പ്രൊജക്‌ട് ഏറ്റെടുക്കൂ. ചാരിറ്റിക്ക് ലഭിക്കുന്ന പണം മറ്റൊരാവശ്യത്തിനും എടുക്കില്ല. ഫോമാ ഡോട്ട് കോം എന്ന സൈറ്റില്‍ പോയി അമേരിക്കന്‍ മലയാളികള്‍ ഒരു ഡോളര്‍ നല്‌കിയാല്‍ തന്നെ ഒരു ലക്ഷം ഡോളര്‍ സമാഹരിക്കാന്‍ പ്രയാസമില്ല.
ഭരണഘടനാ ഭേദഗതി നിര്‍ദേശങ്ങള്‍ എല്ലാ അംഗസംഘടനകള്‍ക്കും നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നുവെന്നു ജെ. മാത്യൂസ് പറഞ്ഞു.
കാന്‍സര്‍ സെന്റര്‍ തന്നെ തെരെഞ്ഞെടുത്തതിനു പ്രത്യേക കാരണമൊന്നുമില്ലെന്നു ആനന്ദന്‍ പറഞ്ഞു. ഓവേറിയന്‍ കാന്‍സറിന്റെ ആന്റിബഡി കണ്ടെത്തിയ സംഘത്തില്‍ താനും ഉണ്ടായിരുന്നു. കാന്‍സര്‍ ബാധിച്ച കുട്ടികളെ കണ്ടപ്പോള്‍ സഹായിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ബോധ്യമാകുകയും ചെയ്‌തു.
ഫോമ നിര്‍മ്മിക്കുന്ന ബ്ലോക്കിന്റെ തറപ്പണി കഴിഞ്ഞു. പില്ലറും സ്ഥാപിച്ചുകഴിഞ്ഞു. ആര്‍.സി.സി തന്നെയാണ് നിര്‍മ്മാണം നടത്തുന്നത്. പണി സമയത്തു തീര്‍ക്കുമെന്നവര്‍ ഉറപ്പു പറഞ്ഞതാണ്.
കണ്‍വന്‍ഷന്‍ നഷ്‌ടത്തില്‍ കലാശിക്കുമെന്നു കരുതുന്നില്ല. നാട്ടില്‍ നിന്നും മറ്റും കൂടുതല്‍ പേര്‍ വരുമ്പോഴാണ് നഷ്‌ടം വരുന്നത്.
മാധ്യമ പ്രതിനിധികളായ ജേക്കബ് റോയ്, ടാജ് മാത്യു, സുനില്‍ ട്രൈസ്റ്റാര്‍, ജോസ് കാടാപുറം, പ്രി ന്‍സ് മാർക്കോസ്, സണ്ണി പൗലോസ്, ജെ. മാത്യൂസ് തുടങ്ങിയവര്‍ പങ്കെടുത്തു.