പി.പി ചെറിയാന്‍
ഗാര്‍ലെന്റ് (ടെക്‌സസ്): പൊതുജനാരോഗ്യം സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരായ ഡോക്ടര്‍മാര്‍ ശമ്പള വര്‍ധവും, പ്രൈവറ്റ് പ്രാക്ടീസും ഡ്യൂട്ടി സമയം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചു സരരംഗത്തേയ്ക്കു എടുത്തു ചാടുന്ന പ്രവണത ഉപേക്ഷിക്കണമെന്നു മന്ത്രി വി.എസ് ശിവകുമാര്‍ ആവശ്യപ്പെട്ടു. ട്രേഡ് യൂണിയന്‍ തലത്തിലേയ്ക്കു ഡോക്ടര്‍മാര്‍ തരം താഴരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള അസോസിയേഷന്‍ ഓഫ് ഡള്ളസ് അംഗങ്ങളും യുഡിഎഫ് പ്രവര്‍ത്തകരും അനുഭാവികളും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ യോഗത്തിലാണ് മന്ത്രി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.
ആരോഗ്യ പരിപാലന രംഗത്തു കേരളം നടപ്പാക്കിയ പ്രത്യേക പദ്ധതികള്‍ ദേശീയ തലതതില്‍ മൂന്നു അവാര്‍ഡുകള്‍ കേരളത്തിനു നേടിത്തന്നിരുന്നു. കേരളത്തില്‍ അമ്മമാരുടെയും നവജാത ശിശുക്കളുടെയും മരണനിരക്കു കുറയ്ക്കാന്‍ കഴിഞ്ഞതും, കേരളത്തിലെ മെഡിക്കല്‍ കോളജുകളുടെ എണ്ണം അഞ്ചില്‍ നിന്നു പതിനെട്ടാക്കി ഉയര്‍ത്താന്‍ കഴിഞ്ഞതും യുഡിഎഫ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും നേട്ടമാണെന്നു മന്ത്രി പറഞ്ഞു.
അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ പ്രവാസികളായി ജോലി ചെയ്യുന്ന മലയാളികള്‍ കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്കു വേണ്ട സംഭാവന ചെയ്യണമെന്നു മന്ത്രി അഭ്യര്‍ഥിച്ചു. കേരള അസോസിയേഷന്‍ ഓഫ് ഡള്ളസ് പ്രസിഡന്റ് ബാബു സി.മാത്യു സ്വാഗതം അഭ്യര്‍ഥിച്ചു. ബോബന്‍ കൊടുവത്ത്, സെക്രട്ടറി റോയ് കൊടുവത്ത് എന്നിവര്‍ പ്രസംഗിച്ചു.