ഡബ്ലിൻ : ജൂൺ 18 ഇന്ന് അയർലൻഡിലുടനീളം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഐറൻ ഓഫീസ് . മഴക്കൊപ്പം മേഘം മൂടിയ കാലാവസ്ഥയും അനുഭവപ്പെടും. ഉച്ചയോടെ ശക്തമായ കാറ്റോടു കൂടി ആരംഭിക്കുന്ന മഴ വൈകുന്നേരം വരെ തുടരും. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ചിലയിടങ്ങളില്‍ വെള്ളം കയറാനും സാധ്യതയുണ്ട്. ആലിപ്പഴം വീഴാനും സാധ്യതയുണ്ടെന്ന് മെറ്റ് ഐറൻ ഓഫീസ് അറിയിച്ചു.
18 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. കാറ്റോടുകൂടിയ മഴയും ഇടിമിന്നലും കാരണം രാജ്യത്തെ ഇരുപതോളം കൗണ്ടികളില്‍ കഴിഞ്ഞ ദിവസം കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. കാർലോ, കിൽഡെയർ, കിൽകെന്നി, ലാവോയിസ്, ലോങ്ഫോർഡ്, ലൗത്ത്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, കാവൻ, ഡൊണെഗൽ, മൊനാഗൻ, ക്ലെയർ, ലിമെറിക്ക്, ടിപ്പററി, ഗാൽവേ, ലെട്രിം, മയോ, റോസ്‌കോമൺ, സ്ലിഗോ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നൽകിയത്.
ഇന്ന് വടക്കന്‍ അയർലൻഡിലെ ചില ഭാഗങ്ങളിൽ ഉച്ചക്ക് 12 മുതൽ രാത്രി 9 വരെ കാറ്റും ഇടിമിന്നലും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് യുകെയിലെ മെറ്റ് ഓഫീസ് അറിയിച്ചു. ആന്ററിം, അർമഘ, ഫെർമാനഘ, ടൈറോൺ, ഡെറി എന്നിവിടങ്ങളിൽ യെല്ലോ വാണിങ് ആണ് നൽകിയത്. പെട്ടെന്നുള്ള വെള്ളപ്പൊക്കം ഗതാഗത തടസ്സത്തിനും ചില താൽക്കാലിക റോഡ് അടയ്ക്കലിനും ഇടയാക്കും.വെള്ളപ്പൊക്കമോ മിന്നലാക്രമണമോ സംഭവിക്കുന്നിടത്ത് ട്രെയിൻ, ബസ് സർവീസുകൾക്ക് കാലതാമസത്തിനും റദ്ദാക്കലിനും കാരണമായേക്കും.