ഡബ്ലിൻ :ഡബ്ലിനിലെ മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി മരണമടഞ്ഞ ഇടുക്കി ഉടുമ്പന്നൂർ പള്ളിക്കാമുറി സ്വദേശി ഹെലന്‍ സാജുവിന്റെ( 43) മൃത ശരീരം വരുന്ന ബുധനാഴ്ച വൈകുന്നേരം പൊതുദർശനത്തിനു വയ്ക്കും ലൂക്കനിലെ ഡിവൈന്‍ മേഴ്സി പള്ളിയിലാണ് ചടങ്ങുകൾ നടക്കുന്നത് ഹെലന് അന്തിമോപചാരം അര്‍പ്പിക്കാനുള്ള യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഐർലന്റിൽ നിന്നും ആളുകൾ എത്തിച്ചേരും.ഹെലന്റെ അപ്രതീക്ഷിത വേര്‍പ്പാടിന്റെ വേദനയിലാണ് അയര്‍ലണ്ടിലെ മലയാളികള്‍.രോഗാവസ്ഥയില്‍ നിന്നും ഒരു വേള തിരിച്ചു വന്നേക്കാമെന്ന ശുഭപ്രതീക്ഷയിലായിരുന്നു ഹെലന്റെ കുടുംബാംഗങ്ങളും,സുഹൃത്തുക്കളും.ഹെലനെ ചികിത്സിച്ച സെന്റ് ജെയിംസസിലെ ഡോക്റ്റര്‍മാര്‍ ഒരിക്കല്‍ പോലും അപകടകരമായ ഒരു കടന്നുപോകലിനെ കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നില്ല.
‘ട്രീറ്റ്മെന്റിനോട് പൂര്‍ണ്ണമായും സഹകരിച്ച അവസ്ഥയിലായിരുന്നു ഹെലന്‍,അത് കൊണ്ട് തന്നെ ശരീരം അല്പം ക്ഷീണിച്ച് പോയതല്ലാതെ അപായ സൂചനകള്‍ ഒന്നും ഉണ്ടായിരുന്നില്ല.ഭര്‍ത്താവ് സാജു പറഞ്ഞു.2017 മെയ് മാസത്തിലാണ് ഹെലന് ലിവറിലെ അര്‍ബുദരോഗം സ്ഥിരീകരിച്ചത്.തുടര്‍ന്ന് ആരംഭിച്ച ചികിത്സയിലെ പുരോഗതിയുടെ അടിസ്ഥാനത്തിലും,ഡോക്ടര്‍മാര്‍ നല്‍കിയ ധൈര്യത്തിലും ഇടയ്ക്ക് ഡോണിബ്രൂക്കിലെ റോയല്‍ ഹോസ്പിറ്റലില്‍ ഡ്യൂട്ടിയ്ക്ക് തിരികെയുമെത്തി.
വര്‍ഷങ്ങളായി ഡബ്ലിനിലെ റോയല്‍ ഹോസ്പിറ്റലിലായിരുന്നു ഹെലന്‍ ജോലി ചെയ്തിരുന്നത്. തങ്ങള്‍ക്കിടയില്‍ ഒരു പൂമ്പാറ്റയെ പോലെ ഉത്സാഹത്തോടെ ഓടി നടന്ന് ജോലി ചെയ്തിരുന്ന ഹെലനെ കുറിച്ച് പറയുമ്പോള്‍ റോയല്‍ ഹോസ്പിറ്റലിലെ സഹപ്രവര്‍ത്തകര്‍ക്ക് നൂറു നാവാണ്.രോഗാവസ്ഥയിലും ഹെലന്റെ ചുറുചുറുക്കിന് ഒരു കുറവും ഉണ്ടായിരുന്നില്ലെന്ന് അവര്‍ ഓര്‍ക്കുന്നു.
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ നഴ്സിംഗ് പാസായ ഹെലന് ലോ കത്തെമ്പാടുമായി ജോലി ചെയ്യുന്ന ബാച്ച് മേറ്റ്സുമായി ഉറ്റ ബന്ധമാണ് ഉണ്ടായിരുന്നത്.അന്ത്യയാത്രയാവുന്നതിന് തൊട്ടുമുമ്പ് വരെ ഇവരില്‍ പലരുമായും നിരന്തരം സംസാരിച്ചിരുന്നു.ഹെലന്റെ അസുഖവാര്‍ത്തയറിഞ്ഞ് അമേരിക്കയില്‍ നിന്നും വരെ കൂട്ടുകാര്‍ ഡബ്ലിനില്‍ ഹെലനെ കാണാന്‍ എത്തിയിരുന്നു.അത്ര സുദൃഢമായിരുന്നു ആ ബന്ധം.
മക്കളെ ജീവന് തുല്യം സ്‌നേഹിച്ചിരുന്ന ആ അമ്മയ്ക്ക് പക്ഷെ ഒരാഗ്രഹം സാധിക്കാനായില്ല.മൂത്ത മകന്‍ സച്ചിന്റെ എംബിബിഎസ് ഗ്രാജ്വേഷന്‍ ഏതൊരു അമ്മയെയും പോലെ ഹെലനും ഒരു സ്വപ്നമായിരുന്നു.അത് പൂര്‍ത്തിയാക്കാതെയാണ് ഹെലന്‍ യാത്രയാവുന്നത്.ബള്‍ഗേറിയയിലെ കോളജില്‍ നിന്നും സച്ചിന്‍ ക്രിസ്മസ് അവധിയ്ക്ക് വന്ന് മടങ്ങും മുമ്പേ അവന്റെ പ്രിയപ്പെട്ട ‘അമ്മ സ്വര്‍ഗ്ഗത്തിലെ വീട്ടിലേയ്ക്ക് മടങ്ങിപ്പോയി.
ഹെലന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലില്‍ നിന്നും ലൂക്കനിലെ മലയാളികളും വിമുക്തരായിട്ടില്ല.ഇന്നലെയും എല്‍സ്‌ഫോര്‍ഡ് വേയിലെ സാജുവിന്റെ വീട്ടിലേയ്ക്ക് നിരവധി സഹപ്രവര്‍ത്തകരും മലയാളി സുഹൃത്തുക്കളും എത്തിയിരുന്നു.വസതിയില്‍ നടത്തപ്പെട്ട പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാരായ ഫാ.ക്ലമന്റ് പാടത്തിപറമ്പില്‍,ഫാ.റോയി വട്ടയ്ക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
മക്കള്‍ :സച്ചിന്‍( മെഡിക്കല്‍ വിദ്യാര്‍ത്ഥി,ബള്‍ഗേറിയ)സബീന്‍ (തേര്‍ഡ് ക്ലാസ്, ഡിവൈന്‍ മേഴ്സി സ്‌കൂള്‍ ലൂക്കന്‍ )
അര്‍ബുദരോഗത്തെ തുടര്‍ന്ന് ഏതാനം നാളുകളായി ചികിത്സയിലായിരുന്ന ഹെലന്‍ ജെയിംസ് കൊണോലി ഹോസ്പിറ്റലില്‍ വെച്ച് അന്ത്യയാത്ര പറഞ്ഞത്.പാലാ രാമപുരം കുറിഞ്ഞി ഉഴുന്നാലില്‍ കുടുംബാംഗമായ സാജുവും ഹെലനും ദീര്‍ഘകാലമായി ലൂക്കനിലാണ് താമസിക്കുന്നത്.ഇരുവരും റോയല്‍ ഹോസ്പിറ്റലിലാണ് ജോലി ചെയ്തിരുന്നത്.അടുത്ത ഞായറാഴ്ചയോടെ മൃതദേഹം കേരളത്തില്‍ എത്തിച്ച് സംസ്‌കാരം നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.പാലാ രാമപുരം കുറിഞ്ഞി സെന്റ് സെബാസ്‌ററ്യന്‍സ് പള്ളിയിലാണ് സംസ്കാരം.ഹെലന്റെ നിര്യാണത്തിൽ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ആദരാഞ്ജലികൾ അർപ്പിച്ചു