സിഡ്‌നി: രാത്രിയിലും പകലും വാഹനാപകടങ്ങൾ പെരുകുന്ന പശ്ചാത്തലത്തിൽ സിബിഡിയിൽ വേഗ നിയന്ത്രണം കൊണ്ടു വരാൻ സർക്കാർ ആലോചിക്കുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ ഇവിടെ വാഹനങ്ങൾക്കു നിയന്ത്രണം കൊണ്ടു വരുന്ന പ്രഖ്യാപനമാണ് ഇപ്പോൾ സർക്കാർ നടപ്പാക്കുന്നത്.
സിബിഡിയിൽ രാത്രിയിലും പകലും കാൽനടയാത്രക്കാർക്കു അപകടങ്ങൾ ഉണ്ടാകുന്നതു വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ കർശന വേഗ നിയന്ത്രണങ്ങൾ സർക്കാർ കൊണ്ടു വരുന്നത്. നിലവിൽ ഇവിടെ 50 കിലോമീറ്റർ വേഗത്തിലാണ് വാഹനങ്ങൾ കടന്നു പോകുന്നത്. കിഴക്കൻ സിബിഡിയിൽ മാക്വറിൻ, കോളജ് സ്ട്രീറ്റ് എന്നിവിടങ്ങളിലും, തെക്ക് സെൻട്രൽ സ്‌റ്റേഷനും ഉൾപ്പെടുത്തിയാണ് ഇപ്പോൾ വേഗ പരിധി സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.
സൈക്കിൾ യാത്രക്കാരെയും ഈ വേഗപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് ആറു മുതൽ പുലർച്ചെ ആറു വരെയുള്ള സമയത്താണ് ഇവിടെ കാൽനടയാത്രക്കാർക്കു കൂടുതൽ അപകടങ്ങളുണ്ടാകുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പകൽ സമയങ്ങളിൽ ഈ റോഡിൽ വൻ തിരക്കാണ് ഉള്ളത്. ഇതേ തുടർന്നാണ് രാത്രി കാലങ്ങളിൽ റോഡിൽ അമിത വേഗത്തിൽ വാഹനങ്ങൾ ഓടിക്കാൻ ഡ്രൈവർമാർ നിർബന്ധിതരാകുന്നതെന്നാണ് റിപ്പോർട്ടുകൾ.
സ്പീഡ് ലിമിറ്റ് സംബന്ധിച്ചു ഡ്രൈവർമാർക്കു കൃത്യമായ ബോധ്യമില്ലാത്താണ് ഇപ്പോൾ അപകടങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണമായി കണ്ടെത്തിയിരിക്കുന്നത്. അതേ സമയം മണിക്കൂറിൽ 40 കിലോമീറ്റർ എന്നതിൽ താഴെ വേഗ നിയന്ത്രണം കൊണ്ടു വരാൻ ആലോചിക്കുന്നില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സ്പീഡ് ലിമിറ്റ് കുറച്ച മേഖലകളിൽ ചുവന്ന ലൈറ്റുകൾ സർക്കാർ സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ വേഗ നിയന്ത്രണത്തിനായി ക്യാമറകളും സർക്കാർ സ്ഥാപിച്ചിട്ടുണ്ട്.