സ്വന്തം ലേഖകൻ
ഹൂസ്റ്റൺ: എച്ച്‌ഐവി രോഗിയിൽ നിന്നും ലഭിച്ച ലിവറും കിഡ്‌നിയും മറ്റൊരു എച്ച്‌ഐവി രോഗിയിൽ വച്ചു പിടിപ്പിച്ച അമേരിക്കയിലെ ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചതായി ജോൺസ് ഹോപ്കിൻസ് ശസ്ത്രക്രിയ വിഭാഗം ഡോക്ടർ ഡോറി എൽസെഗവ് വെളിപ്പെടുത്തി.
25 വർഷമായി എച്ച്‌ഐവി രോഗികളിൽ നിന്നുള്ള അവയവങ്ങൾ സ്വീകരിക്കുന്നത് വിലക്കിക്കൊണ്ടുള്ള നിയമം 2013 ൽ പാസാക്കിയ ഓർഗൻ പോളിസി ഇക്വിറ്റി ആക്ടോടെ ഇല്ലാതായി. എച്ച്‌ഐവി രോഗികളിൽ നിന്നും സ്വീകരിച്ച അവയവം ഐഎച്ച്‌ഐവി രോഗികളിൽ തന്നെ വച്ചുപിടിപ്പിക്കുന്നതിനുള്ള അനുമതി ജോൺ ഹോപ്കിൻസിന് ജനുവരിയിലാണ് ലഭിച്ചത്. ഇതിനെ തുടർന്നു നടന്ന നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് ഈയ്യിടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. ഇതിനു മുൻപു സൗത്ത് ആഫ്രിക്കയിലാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയ വിജയകരമായി നടത്തിയിട്ടുള്ളത്.
വർഷത്തിൽ ഏകദേശം 600 എച്ച്‌ഐവി രോഗികൾ അവയവ ദാനത്തിനു തയ്യാറാണെന്നു സമ്മതപത്രം നൽകിയിട്ടും, നിയമം അനുവദിക്കാത്തതിനാൽ അവയവങ്ങൾ ഉപയോഗിക്കാനാവാതെ നിരവധിപ്പേരാണ് മരണപ്പെടുന്നത്. ഇവരുടെ ആവയവങ്ങൾ ആവശ്യക്കാരായ ആയിരം എച്ച്‌ഐവി രോഗികൾക്കു പുതിയ ജീവിതം നൽകാനുപകരിക്കുമെന്നു സർജറി വിഭാഗം ഡോക്ടർമാർ ചൂണ്ടിക്കാട്ടി. അമേരിക്കയിൽ ഏകദേശം 122,000 പേർ അവയവം മാറ്റി വെയ്ക്കൽ ശസ്ത്രക്രിയക്കായി ദാതാക്കളെ പ്രതീക്ഷിച്ചു കഴിയുന്നതായും ജോൺ ഹോപ്കിൻസ് ഡോക്ടർമാർ വെളിപ്പെടുത്തി.