സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ ഹൗസിങ് പ്രതിസന്ധി കുറയ്ക്കുന്നതിന്റെ ഭാഗമായി അനുവദിച്ച വാടക വീടുകളിൽ ഹൗസിങ് വിഭാഗം അധികൃതർ മിന്നൽ പരിശോധന നടത്തുന്നു. വാടക വീടുകൾ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ ഹൗസിങ് വിഭാഗം മിന്നൽ പരിശോധനയ്‌ക്കൊരുങ്ങുന്നത്.
പകുതിയിലേറെ വീടുകളും അധികൃതർ നിർദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളോ, വാടകക്കാർ ഒരുക്കേണ്ട മറ്റു സൗകര്യങ്ങളോ പാലിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദി നാഷണൽ ഓവർസൈറ്റ് ആൻഡ് ഓഡിറ്റ് കമ്മിഷൻ നടത്തിയ സർവേയിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടുകളുള്ളത്. രാജ്യത്തെ വാടവവീടുകൾ അനുവദിച്ചിരിക്കുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ശേഖരിച്ച ശേഷമാണ് കമ്മിഷൻ പരിശോധന നടത്തുന്നത്.
2014 ൽ സമാന രീതിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ 15000 വീടുകളിൽ 55 ശതമാനവും നിശ്ചിത മാനദണ്ഡങ്ങളോ യോഗ്യതയോ പാലിക്കുന്നില്ലെന്നു കണ്ടെത്തിയിരുന്നു. ലൂത്ത്, ഗാൽവേ കൗണ്ടി, ഡൺലേരി റാത്ത് ഡൗൺ, ഓഫാലി, കാർലോ, കിൽക്കെന്നി, ലിമെറിക് എന്നിവിടങ്ങളിലെ ഒരു വീടു പോലും അന്നു നടത്തിയ പരിശോധനയിൽ വിജയിച്ചിരുന്നില്ല. അഗ്നിശമനാ മാർഗങ്ങളും, വെന്റിലേഷൻ ഇല്ലാത്തതുമാണ് സുരക്ഷാ പ്രശ്‌നങ്ങളിൽ പ്രധാനമായിരുന്നത്. എന്നാൽ, പലവീടുകളിലും ശരിയായ രീതിയിലല്ല പരിശോധന നടത്തിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. 2014 ൽ 65 ജീവനക്കാരെ മാത്രമാണ് പരിശോധനകൾക്കായി നിയോഗിച്ചിരുന്നത്. നിലവാരവും, മതിയായ സുരക്ഷാ സംവിധാനങ്ങളുമില്ലാത വീടുകൾക്കു നോട്ടീസ് അയക്കുന്നതിനു തീരുമാനിച്ചിട്ടുമുണ്ട്.