വീടുവാങ്ങാൻ റിബേറ്റ് നൽകാനുള്ള തീരുമാനം: സർക്കാർ നിലപാട് വീട്ടുവില വർധിപ്പിക്കുമെന്ന് ആരോപണം

സ്വന്തം ലേഖകൻ

ഡ്ബ്ലിൻ: രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രതീക്ഷ നൽകിയ വീടുവാങ്ങാൻ റിബേറ്റ് എന്ന തീരുമാനത്തിനെതിരെ ആശങ്കയുമായി ഒരു വിഭാഗം രംഗത്ത്. ആദ്യമായി വീടു വാങ്ങുന്നവർക്ക് 20,000 യൂറോ വരെ റിബേറ്റ് നൽകാനുള്ള സർക്കാർ തീരുമാനം (ഹെൽപ്പ് ടു ബൈ സ്‌കീം) ഭവനവില കൂട്ടാനേ ഉപകരിക്കുകയുള്ളൂവെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ദി സൊസൈറ്റി ഓഫ് ചാർട്ടേർഡ് സർവയേഴ്‌സ് (എസ്.സി.എസ്.ഐ) ഇതു സംബന്ധിച്ച് സർക്കാരിന് മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.
രാജ്യത്ത് ലഭ്യമായ വീടുകളുടെ എണ്ണം കുറവാണ്. റിബേറ്റ് ലഭിക്കുന്നതോടെ നിരവധി പേർ വീടു വാങ്ങാനായി രംഗത്തു വരും. ഇതോടെ മേഖലയിൽ മത്സരം വർദ്ധിക്കുകയും, സ്വാഭാവികമായും വില കൂടുകയും ചെയ്യും.
ഭവന സബ്‌സിഡികൾക്കുള്ള സർക്കാർ പ്രഖ്യാപനം പ്രതീക്ഷിച്ച് പുതിയ നിരവധി വീടുകളാണ് വില്പ്പന ചെയ്യാതെ മാർക്കറ്റിൽ ഉണ്ടായിരുന്നത്.ഇവയെല്ലാം വിൽപനയ്ക്കായി വിപണിയിൽ എത്താൻ തുടങ്ങിയിട്ടുണ്ട്.
റിബേറ്റ് നൽകുന്നതിനു പകരം വീടുകളുടെ വാറ്റ് കുറയ്ക്കുക, കൂടുതൽ വീടുകൾ നിർമ്മിക്കാനായി സർക്കാർ ഭൂമി വിട്ടുനൽകുക, ഭവനനിർമ്മാണത്തിനായി ഫണ്ട് അനുവദിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഭവനപ്രതിസന്ധിക്ക് തടയിടാനായി സർക്കാർ ചെയ്യേണ്ടതെന്നും എസ്.സി.എസ്.ഐ പ്രസിഡന്റ് ക്ലാരി സോളൻ വ്യക്തമാക്കി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top