ഭവനനയം: വീടു മാറാൻ ആഗ്രഹിക്കുന്നവരെ പ്രതിസന്ധിയിലാക്കും; ബാങ്കുകളിൽ പണമില്ലാത്തതും പ്രതിസന്ധി

സ്വന്തം ലേഖകൻ

ഡബ്ലിൻ: ഭവന പ്രതിസന്ധിയുടെ ആക്കം കുറയ്ക്കാൻ സർക്കാർ നടത്തിയ നീക്കം രണ്ടാമത് വീടുവാങ്ങുന്നവരെ പ്രതിസന്ധിയിലാക്കുമെന്നു റിപ്പോർട്ട്. സെൻട്രൽ ബാങ്കിന്റെ പുതിയ ഭവന നയവും സർക്കാരിന്റെ ഹെൽപ്പ് ടു ബയ് സ്‌കീമും വീടു വാങ്ങുന്നവരെ പ്രതിസന്ധിയിലേയ്ക്കു തള്ളിവിടുന്നതായാണ് റിപ്പോർട്ട്. ആദ്യമായല്ലാതെ വീട് വാങ്ങുന്നവരെ ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പ്രതിസന്ധിയിലാക്കുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പുതിയ നയ പ്രകാരം ആദ്യമായി വീടു വാങ്ങുന്നവർക്ക് 10% മാത്രം ഡെപ്പോസിറ്റ് നൽകിയാൽ മതി (മുമ്പ് 20% ആയിരുന്നു). മാത്രമല്ല 5% (20,000 യൂറോ വരെ) ടാക്‌സ് ഇളവും ലഭിക്കും. അതേസമയം നിലവിലുള്ള വീട് വിറ്റ് പുതിയ വീടു വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഡെപ്പോസിറ്റായി വീടിന്റെ വിലയുടെ 20% തുക തന്നെ ഡെപ്പോസിറ്റായി നൽകണം എന്നാണ് സെൻട്രൽ ബാങ്ക് നയം. ചുരുക്കത്തിൽ തങ്ങളുടെ വീട് ചെറിയ വിലയ്ക്ക് വിറ്റ് വൻ വില നൽകി വേണം ഇത്തരക്കാർക്ക് പുതിയ വീട് എടുക്കാൻ. ജോലിപരമായ ആവശ്യങ്ങൾ, കുട്ടികളുടെ പഠനം, അംഗങ്ങളുടെ എണ്ണക്കൂടുതൽ എന്നിവ കാരണമെല്ലാം ഇത്തരക്കാർക്ക് പുതിയ വീട് വാങ്ങേണ്ടത് ആവശ്യമായി വന്നേക്കാം.
ഉദാഹരണമായി 300,000 യൂറോ വില വരുന്ന വീടിന് ആദ്യമായി വീടു വാങ്ങുന്ന ഒരാൾ നൽകേണ്ടി വരുന്ന ഡെപ്പോസിറ്റ് 15,000 യൂറോ മാത്രമാണ്. എന്നാൽ മുമ്പ് വീട് വാങ്ങിയിട്ടുള്ള ഒരാൾ ഇതേ വീട് വാങ്ങാനായി ഡെപ്പോസിറ്റ് നൽകേണ്ടത് 60,000 യൂറോയും. അതായത് നാല് ഇരട്ടി. ഈ അവസ്ഥയിൽ വാടകവീട് എടുക്കുക എന്നത് മാത്രമാകും ഇവർക്കുള്ള ഏക പോംവഴി.വീട് മാറാനാഗ്രഹിക്കുന്നവരെ രണ്ടാം തരം ആളുകളായി കാണുന്നതാണ് പുതിയ നയം എന്നാണ് വിമർശനം. 2008നു മുമ്പ് വീട് വാങ്ങിയവരെയാകും ഇത് കൂടുതലായി ബാധിക്കുക. അതേസമയം വീട് മാറാനാഗ്രഹിക്കുന്നവർ പുതുതായി ലോൺ എടുക്കുകയാണെങ്കിൽ 20% ഡെപ്പോസിറ്റ് എന്നത് ബാങ്കുകൾക്ക് ഒഴിവാക്കാം എന്നും സെൻട്രൽ ബാങ്ക് ഗവർണർ ഫിലിപ്പ് ലെയ്ൻ പറയുന്നുണ്ട്.ബാങ്കുകളുടെ വിവേചനാധികാരത്തിലാണ് ഇത് നിര്‌ദേശിക്കപ്പെട്ടിരിക്കുന്നത്.
ഭവന മേഖലയിൽ പ്രതിസന്ധി തുടരുന്നതിനിടെ മേഖലയിൽ നിക്ഷേപം നടത്താൻ ബാങ്കുകളുടെ കൈയിൽ ഫണ്ടില്ലെന്ന് പുതിയ റിപ്പോർട്ടുംഇന്നലെ പുറത്തുവന്നു.അയർലണ്ടിൽ പുതിയ വീടുകൾ നിർമ്മിക്കാനായി ചെലവാക്കാൻ ബാങ്കുകളുടെ കൈയിൽ ഫണ്ടൊന്നും തന്നെ അവശേഷിക്കുന്നില്ലെന്നാണ് എഎസ്ആർഐയുടെ റിപ്പോർട്ടിൽ പറയുന്നത്.
നിലവിലെ കണക്കനുസരിച്ച് അയർലണ്ടിലെ ഭവനപ്രതിസന്ധി പരിഹരിക്കാൻ ഓരോ വർഷവും 23,000 വീടുകൾ വീതം നിർമ്മിക്കണം. എന്നാൽ വൈകാതെ തന്നെ ഇത് 30,000 ആയി ഉയരുമെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും. പ്രാദേശിക തലത്തിലുള്ള ഡിപ്പോസിറ്റും,ക്രഡിറ്റ് ലെവലും തമ്മിലുള്ള അനുപാതം വർദ്ധിക്കുമ്പോൾ പ്രത്യേക മേഖലകളിൽ ചിലവിടാനുള്ള പണം ബാങ്കുകൾക്ക് വെട്ടി കുറക്കേണ്ടി വരുമെന്നതിനാലാണ് ഇതെന്ന് എഎസ്ആർഐ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top