സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ ഭവന പ്രതിസന്ധി ശക്തമായി തുടരുമ്പോൾ ഇപ്പോഴും നിരവധി വീടുകൾ ആളില്ലാതെ തുടരുന്നു. രാജ്യത്ത് വീടില്ലാതെ തെരുവിൽ കഴിയുന്നവർക്കായി പ്രത്യേക പദ്ധതികൾ അടക്കം സർക്കാർ തലത്തിൽ ആരംഭിച്ചു നടപ്പാക്കിക്കഴിയുമ്പോഴാണ് ഇപ്പോൾ പുതിയ പ്രഖ്യാപനങ്ങൾ സർക്കാർ നടത്തുന്നത്. ഇതിനിടെയാണ് രാജ്യത്ത് വീടില്ലാത്ത ആളുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്. അപ്പോഴും വ്യക്തമാകുന്ന മറ്റൊരു കണക്കെന്നത് ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണമാണ്.
ഡബ്ലിൻ നഗരത്തിൽ മാത്രം ആളില്ലാതെ കിടക്കുന്ന വീടുകൾ 8,000ളം വീടുകളാണെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഗ്രേറ്റർ ഡബ്ലിൻ ഏരിയയിലാകട്ടെ 20,000ഓളം വീടുകളും അപ്പാർട്ട്‌മെന്റുകളുമാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിനു പുറമെ ഹോളിഡേ ഹോമുകളും ഒഴിഞ്ഞുകിടക്കുന്നുണ്ട്. നഗരത്തിലെ ജനങ്ങൾ താമസിക്കാനിടമില്ലാതെ തെരുവിൽ കഴിയുമ്പോഴാണ് ഞെട്ടിക്കുന്ന ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ഇതിനിടെ രസകരമായ മറ്റൊരു പഠനവും പുറത്തു വന്നു.രാജ്യത്തെ ഭവനപ്രതിസന്ധി പരിഹരിക്കാൻ 30,000 വീടുകൾ കൂടി അടിയന്തരമായി നിർമ്മിക്കണമെന്നാണ് അധികൃതർ പറയുന്നത്. ഇതിൽ 16,000 എണ്ണത്തിന്റെ നിർമ്മാണജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ വീടുകൾക്ക് വില വർദ്ധിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. രാജ്യത്ത് ശരാശരി 7% വർദ്ധനയും ഡബ്ലിനിൽ 5.5% വർദ്ധനയുമാണ് സംഭവിക്കുന്നത്.
എന്നാൽ 30,000 വീടുകളുടെ ആവശ്യമെന്തെന്നാണ് ചിലരുടെയെങ്കിലും ചിന്ത. ഇന്നലെ ആർടിഇ വെളിപ്പെടുത്തിയ , ദി എക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കു പ്രകാരം ധാരാളം പേർ ഒറ്റയ്ക്കു ജീവിക്കാൻ താൽപര്യപ്പെടുന്നു. മാത്രമല്ല മുമ്പത്തെക്കാൾ അധികമാണ് വിവാഹമോചനങ്ങളുടെ എണ്ണവും. ഇത് കൂടുതൽ വീടുകൾ എന്ന ആവശ്യം മുന്നോട്ടു വയ്ക്കുന്നുവെന്നാണ് ഇവരുടെ വിചിത്രമായ കണ്ടെത്തൽ.
അതേ സമയം അതിരൂക്ഷമായ പ്രതിസന്ധി നേരിടുന്ന കുടിയേറ്റക്കാരെ ഈ പഠനം പരാമർശിച്ചിട്ടു പോലുമില്ല.ഇത്തരത്തിലുള്ള പഠനങ്ങളാണ് യഥാർഥത്തിൽ അയർലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കാൻ ആവാത്തതിന്റെ കാരണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
വീടുകൾ കൂടാതെ കൊമേഴ്‌സ്യൽ സ്‌പേസുകളായി 2,000ഓളം കെട്ടിടങ്ങൾ നഗരത്തിലുണ്ട് എന്ന് ഡബ്ലിൻ സിറ്റി കൗൺസിലിന്റെ റിപ്പോർട്ടിലും പറയുന്നുണ്ട്.എന്തായാലും ഇവ ആവശ്യക്കാരന്റെ ഉപയോഗത്തിന് വിനിയോഗിക്കാൻ സർക്കാരിന് കഴിയുമോ എന്നതാണ് അയർലണ്ടിലെ സാധാരണക്കാർ ഉറ്റുനോക്കുന്നത്.