
സ്വന്തം ലേഖകൻ
ഡബ്ലിൻ:ആദ്യമായി വീടു വാങ്ങുന്നവർക്ക് 20,000 യൂറോ വരെ ടാക്‌സ് ഇളവ് നൽകുമെന്ന ബജറ്റിലെ പ്രഖ്യാപനം പിൻവലിക്കാൻ സാധ്യത. എന്നാൽ ആദ്യമായി വീടു വാങ്ങുന്നവർക്ക് 10% ഡെപ്പോസിറ്റ് തുക നൽകിയാൽ മതി എന്ന സെൻട്രൽ ബാങ്ക് നയം കൂടി വന്നതോടെ, ഇളവ് നൽകുന്നത് ഭവനവില ഇനിയും ഉയരാൻ കാരണമാകുമെന്ന ആശങ്കയെത്തുടർന്നാണ് പ്രഖ്യാപനം പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മാസത്തെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി 2017 ജനുവരി മുതൽ പ്രാവർത്തികമാക്കാനായിരുന്നു സർക്കാർ നീക്കം.
അതേസമയം 20,000 യൂറോ ഗ്രാന്റ് നൽകുന്നതിനു പകരം വീടുകളുടെ ലഭ്യത കൂട്ടാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് അയർലണ്ടിലെ ചാർട്ടേർഡ് സർവെയേഴ്‌സ് സൊസൈറ്റി അഭിപ്രായപ്പെട്ടു. നിലവിലുള്ള സർക്കാരിനെ എതിർക്കാതെ ന്യൂനപക്ഷ മന്ത്രിസഭയെ പിന്തുണയ്ക്കുന്ന മുഖ്യപ്രതിപക്ഷകക്ഷിയായ ഫിയനാഫാളിന്റെ സാമ്പത്തിക കാര്യ വക്താവ് മൈക്കിൾ മാക്ഗ്രാത്തുംഇതേ അഭിപ്രായവുമായി രംഗത്തെത്തി കഴിഞ്ഞു.സർക്കാരിന്റെ ഇടപെടൽ കാരണം വില കൂടുകയാണ് ചെയ്യുന്നതെങ്കിൽ ഗ്രാന്റ് പ്രഖ്യാപനം പിൻവലിക്കണം എന്നാണ് അദ്ദേഹം ഇന്നലെ ആവശ്യപ്പെട്ടത്.
10 ശതമാനം ഡിപ്പോസിറ്റ് മതിയെന്ന നിലപാടുമായി സെൻട്രൽ ബാങ്ക് ഭേഗദഗതി വന്നതോടെ ഡബ്ലിനോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിലെല്ലാം വില കൂടുന്ന പ്രതിഭാസമാണ് ഇപ്പോൾ നടക്കുന്നത്.കുറച്ചു വീടുകളെ വിപണിയിൽ ഉള്ളുവെന്നതിനാൽ ടാക്‌സ് ഇളവും ഡിപ്പോസിറ്റ് ഇളവും ഒന്നിച്ചു ചേരുമ്പോൾ വില കുതിച്ചു കയറുമെന്നാണ് സർക്കാരിന്റെയും പുതിയ കണ്ടെത്തൽ എന്നതിനാൽ ടാക്‌സ് ക്രഡിറ്റ് ആനുകൂല്യം പിൻവലിക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ.ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.ഭവന നയത്തിൽ സർക്കാരിന് ഒരു തീർച്ചയുമില്ലെന്ന വാദത്തിന് അവസാനത്തെ ഉദാഹരണമാവും പുതിയ തീരുമാനം<