ആഭ്യന്തരമന്ത്രി ഇടപെട്ടു: കരള്‍മാറ്റ ശസ്ത്രക്രിയക്കായി രോഗിയെ കണ്ണൂരില്‍ നിന്ന് പോലീസ് സഹായത്തോടെ മണിക്കൂറുകള്‍ക്കുള്ളില്‍ തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടര്‍ന്ന് കരള്‍മാറ്റ ശസ്ത്രക്രിയക്കായി രോഗിയെ കണ്ണൂരില്‍ നിന്ന് പോലീസ് സഹായത്തോടെ മണിക്കൂറുകള്‍ക്കുള്ളില്‍ തിരുവനന്തപുരത്ത് എത്തിച്ചു. കണ്ണൂര്‍ കോടിയോരി സ്വദേശിയായ സുരേഷ് (52) നാണ് ആഭ്യന്തരമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പുതു ജീവിതം ലഭിച്ചത്.
കഴിഞ്ഞ എട്ടുമാസ കാലമായി സുരേഷ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് സുരേഷിന്റെ അനുജന്റെ അകാലമരണത്തെ തുടര്‍ന്നുള്ള ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സുരേഷ് നാട്ടിലേക്ക് മടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ആശുപത്രിയില്‍ വച്ച് മരണപ്പെട്ട കന്യാകുമാരി സ്വദേശി സെല്‍വന്റെ കരള്‍ സുരേഷിന് അനുയോജ്യമാണെന്നും വൈകുന്നേരം ആറുമണിക്ക് മുമ്പായി തിരുവനന്തപുരത്ത് എത്തിച്ചേരണമെന്നും സ്വകാര്യ ആശുപത്രി അധികൃതര്‍ സുരേഷിനെ അറിയിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നതിന് പോലീസ് സഹായം ആവശ്യപ്പെട്ട് സുരേഷിന്റെ കുടുംബം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് സഹായം ആവശ്യപ്പെട്ടു.
രോഗിയുമായി കണ്ണൂരില്‍ നിന്നും വരുന്ന ആംബുലന്‍സിന് വേണ്ട ഗതാഗതക്രമീകരണം ഏര്‍പ്പെടുത്താന്‍ ആഭ്യന്തരമന്ത്രി ആംബുലന്‍സ് കടന്നുവരുന്ന എല്ലാ ജില്ലയിലെയും എസ് പി മാര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കി. തലശ്ശേരി കോടിയേരിയില്‍ നിന്നും ഉച്ചക്ക് ഒരു മണിക്ക് യാത്ര തിരിച്ച ആംബുലന്‍സ് 7.05 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രോഗിയുമായി എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ആരംഭിച്ച ശസ്ത്രക്രീയ ഇന്ന് 11.30 തോടെ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് സംവിധാനം ക്രിയാത്മകമായി പ്രവര്‍ത്തിച്ചതോടെയാണ് സുരേഷിനെ കൃത്യസമയത്ത് തിരുവനന്തപുരത്ത് എത്തിക്കാന്‍ സാധിച്ചത്. തലശ്ശേരി ജഗനാഥ് ജനസേവാ സമിതിയുടെ ആംബുലന്‍സില്‍ ഡ്രൈവര്‍ ശ്രീജിത്താണ് സുരേഷിനെ തിരുവനന്തപുരത്ത് എത്തിച്ചത്.

Top