ബ്രിട്ടണ് :യുകെയില്‍ കഴിയുന്ന യൂറോപ്യന്‍ യൂണിയന്‍കാര്‍ക്ക് ബ്രെക്‌സിറ്റിന് ശേഷവും യു.കെയില്‍ തുടരാമെന്ന് ബ്രിട്ടണ് . നിലവില്‍ യുകെയില്‍ കഴിയുന്ന 35ലക്ഷത്തോളം യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാരെയും ബെക്‌സിറ്റിന് ശേഷവും ഇവിടെ തുടരാന്‍ അനുവദിക്കുമെന്ന നിര്‍ണായക പ്രസ്താവനയുമായി ഹോം ഓഫീസ് രംഗത്തെത്തി. ഇവിടെയുള്ള ആറില്‍ അഞ്ച് കുടിയേറ്റക്കാരെയും നിയമപരമായി നാട് കടത്താന്‍ സാധിക്കില്ലെന്ന സത്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഉദാരമായ വിട്ട് വീഴ്ച ചെയ്യാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ രാത്രിയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്. നിലവില്‍ ഇവിടെ കഴിയുന്ന 35 ലക്ഷത്തോളം യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാരില്‍ 80 ശതമാനത്തിനും 2019 ആകുമ്പോഴേക്കും പെര്‍മനന്റ് റെസിഡന്‍സി അവകാശങ്ങള്‍ ലഭിക്കാന്‍ സാധ്യതയേറെയാണ്. അപ്പോഴേക്കും മാത്രമേ ഔദ്യോഗികമായി ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ വരുമ്പോള്‍ നിയമപരമായി ഇവരെ ഒരിക്കലും നാട്കടത്താന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഹോം ഓഫീസിന്റെ ഈ മനസുമാറ്റം.
ബാക്കിവരുന്ന ആറ് ലക്ഷത്തോളം പേര്‍ക്ക് അഭയം നല്‍കാനും തീരുമാനിച്ചേക്കും.ഇവര്‍ക്കും ഇവിടെ സ്ഥിരമായി താമസിക്കുന്നതിനുള്ള അവകാശം നല്‍കിയേക്കുമെന്നാണ് നിരവധി കാബിനറ്റ് മിനിസ്റ്റര്‍മാര്‍ ദി ഡെയിലി ടെലിഗ്രാഫിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. വളരെക്കാലമായി ഇവിടെ കഴിയുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് പോലും ബ്രെക്‌സിറ്റിന് ശേഷം ഇവിടെ തുടരാനാവുമോയെന്ന കാര്യത്തില്‍ യാതൊരു വിധ ഉറപ്പും നല്‍കാനാവില്ലെന്നാണ് പ്രധാനമന്ത്രി തെരേസ മേയ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് കൊണ്ടിരിക്കുന്നത്. അതിനിടെയാണ് ഹോം ഓഫീസില്‍ നിന്നും നിര്‍ണായകമായ ഈ പ്രസ്താവനയെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ബ്രെക്‌സിറ്റ് വിലപേശല്‍ ആരംഭിക്കാനിരിക്കെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്‍കൂട്ടി യാതൊരു വിധത്തിലുള്ള ഉറപ്പും നല്‍കേണ്ട നിര്‍ബന്ധമില്ലെന്നാണ് തെരേസയുടെ നിലപാട്. ബ്രെക്‌സിറ്റിന് ശേഷം മറ്റ് രാജ്യങ്ങളില്‍ കഴിയുന്നു ബ്രിട്ടീഷ് പൗരന്‍മാരുടെ അവസ്ഥ പരിഗണിച്ച് അതിനനുസൃതമായ നിലപാട് യുകെയിലെ ഇയു പൗരന്‍മാരുടെ കാര്യത്തിലും കൈക്കൊണ്ടാല്‍ മതിയെന്നാണ് തെരേസയുടെ നിലപാട്. ബ്രെക്‌സിറ്റിനായുള്ള ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള ഔദ്യോഗിക വിലപേശല്‍ പ്രക്രിയ അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് അവര്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇയു പൗരന്‍മാരുടെ കാര്യത്തില്‍ തെരേസയ്ക്കുള്ള നിലപാടില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ വ്യക്തതയുള്ളതും ഉറച്ചതുമായ നിലപാടാണ് ഹോം ഓഫീസ് പ്രകടിപ്പിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോയാലും അവരെ ഇവിടെ തുടരാന്‍ അനുവദിക്കുമെന്നാണ് ഒരു മുതിര്‍ന്ന ഉറവിടം പത്രമാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പരമാവധി എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ നടക്കുകയാണെന്നും അദ്ദേഹം പറയുന്നു.
അവരെ ബ്രെക്‌സിറ്റിന് ശേഷവും ഇവിടെ തുടരാന്‍ അനുവദിക്കുമെന്നും എന്നാല്‍ ഇതെല്ലാം സമാനമായ വിട്ട് വീഴ്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുകയെന്നാണ് മറ്റൊരു കാബിനറ്റ് ഉറവിടം വെളിപ്പെടുത്തിയിരിക്കുന്നത്. അതായത് ബ്രെക്‌സിറ്റിന് ശേഷം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ശേഷിക്കുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ഇതേ രീതിയിലുള്ള അവകാശങ്ങള്‍ ഉറപ്പാക്കുന്ന രീതിയിലായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറയുന്നു.