അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്ത് വീടില്ലാത്തവരുടെ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ അഞ്ച് കുടുംബങ്ങളോടു എമർജൻസി അക്കോമഡേഷനിൽ നിന്നു മാറി മറ്റൊരു താമസ സ്ഥലം കണ്ടെത്താൻ നിർദേശം നൽകി. ഡബ്ലിൻ സിറ്റി സെന്ററിലെ ലൈമാൻസ് ഹോട്ടലിൽ താമസിച്ചിരുന്ന കുടുംബങ്ങളോടാണ് ഇപ്പോൾ ഇവിടെ നിന്നു മാറി താമസിക്കാൻ അധികൃതർ കർശന നിർദേശം നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഈ ഹോട്ടൽ ഭരണത്തിനായി റിസീവറെ നിയമിച്ചതോടെയാണ് നിലവിൽ ഇവിടെ താമസിക്കുന്ന കുടുംബങ്ങളോടു ഇവിടെ നിന്നു മാറി താമസിക്കുന്നതിനായി അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. സംഭവം വിവാദമായതോടെ ഹോട്ടൽ അധികൃതരുമായി ഹോംലെസ് ഏജൻസി അധികൃതർ ബന്ധപ്പെട്ടെങ്കിലും ഇതു സംബന്ധിച്ചു കൃത്യമായ വിവരം നൽകാൻ ഇനിയും സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, കഴിഞ്ഞ ദിവസം ഇത്തരത്തിൽ പ്രശ്‌നമുണ്ടായത് സംബന്ധിച്ചു ഡെയിലിൽ സ്വതന്ത്ര അംഗം തോമസ് പ്രിൻഗിൾ പ്രശ്‌നം ഉന്നയിച്ചിരുന്നു. ഇത്തരത്തിൽ ഹോംലെസ് ആളുകളെ ഇറക്കിവിടേണ്ടി വന്ന സാഹചര്യം രാജ്യത്ത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ഇദ്ദേഹം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ കൂടുതൽ ആളുകൾ ഇപ്പോൾ താമസിക്കുന്ന താല്കാലിക അഭയകേന്ദ്രത്തിൽ നിന്നു പുറത്താക്കപ്പെട്ടാൽ ഇത് ക്രമസമാധാന പ്രശ്‌നങ്ങൾക്കു വരെ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതേ തുടർന്നു പ്രശ്‌നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സർക്കാർ ഇപ്പോൾആവശ്യപ്പെട്ടിട്ടുണ്ട്.