സ്വന്തം ലേഖകൻ
ഡബ്ലിൻ:കെന്നി സർക്കാരിന്റെ 2017 ബജറ്റിലെ പ്രഖ്യാപനം ആദ്യമായി വീടു വാങ്ങാൻ കാത്തിരിക്കൂന്നവർക്ക് ആഹഌദമായി.ഇവർക്ക് 20,000 യൂറോ വരെ ടാക്‌സ് റിബേറ്റ് നൽകുമെന്നാണ് ധനമന്ത്രി മൈക്കൽ നൂനൻ ഇന്നലെ ബജറ്റിൽ പ്രഖ്യാപിച്ചത്.ഡിപ്പോസിറ്റ് കരുതേണ്ടിയിരുന്ന തുകയ്ക്ക് പകരമായി കഴിഞ്ഞ നാലു വർഷങ്ങളിൽ ഇൻകം ടാക്‌സായി അടച്ച തുകയിൽ നിന്നും റിബേറ്റ് ലഭിക്കുകയെന്നത് മലയാളികൾ അടക്കമുള്ള ഇടത്തരം വരുമാനക്കാർക്ക് നൽകുന്നത് ഏറെ പ്രയോജനപ്പെടും.
കഴിഞ്ഞ വർഷങ്ങളിൽ വീടു വാങ്ങാൻ ഡിപ്പോസിറ്റിനായി പണം സ്വരൂപിക്കുന്ന നൂറു കണക്കിന് പേരാണ് മലയാളികൾക്കിടയിലും ഉള്ളത്. ആദ്യമായി വീടു വാങ്ങുന്നവർക്ക് വീടിന്റെ വിലയുടെ 5% റിബേറ്റ് നൽകാനാണ് ബജറ്റിലെ തീരുമാനം. 20,000 യൂറോ വരെ റിബേറ്റ് ലഭിക്കും. 2016 ജൂലൈ 19 മുതൽ വീടു വാങ്ങിയവർക്ക് മുൻകാല പ്രാബല്യത്തോടെ റിബേറ്റ് ലഭിക്കും.(ചുരുക്കത്തിൽ കഴിഞ്ഞ വർഷങ്ങളിൽ അടച്ച ഇൻകം ടാക്‌സിൽ വീട് വാങ്ങാനുള്ള ഡിപ്പോസിറ്റ് പണവും ഉൾപ്പെട്ടിരിക്കുന്നു എന്ന് തന്നെ. ഭവനമേഖലയിൽ 20000 യൂറോ വരെ ഫസ്റ്റ് ടൈം ബയേഴ്‌സിന് മാത്രമായിരിക്കും ഇങ്ങനെ ഗ്രാന്റ് ലഭിക്കുക.
6 ലക്ഷം യൂറോ വരെയുള്ള വീടുകൾ വാങ്ങുന്നവർക്കായിരിക്കും 5 ശതമാനം ടാക്‌സ് റിബേറ്റ് ലഭിക്കുക.അടുത്ത മൂന്നു വർഷത്തിനുള്ളിൽ പുതിയ ആനുകൂല്യം പ്രയോജനപ്പെടുത്താനുള്ള അവസരവും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.പുതിയതായി നിർമ്മിച്ച വീടുകൾ വാങ്ങുന്നവർക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക എന്നതിനാൽ സാധാരണക്കാരിൽ ബഹു ഭൂരിപക്ഷത്തിനും ഈ ഗ്രാന്റ് പ്രാപ്യമല്ലാതെ വരും.കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യത്ത് ആകെ പണിത വീടുകൾ നാല് ലക്ഷം എണ്ണമാണ്.ഇവയിൽ ഡബ്ലിനിലും സമീപ പ്രദേശങ്ങളിലെ കൗണ്ടികളിലുമായി ഒരുലക്ഷത്തി എപതിനായിരം മാത്രം വീടുകളാണ് ഉള്ളത്.ഇവയിൽ ഭൂരിപക്ഷവും ഇതിനകം വിൽപ്പന നടന്നു കഴിഞ്ഞു.അയ്യായിരത്തിൽ താഴെ വീടുകൾക്കാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പ്ലാനിംഗ് പെർമിറ്റ് ലഭിച്ചിട്ടുള്ളത്.അതായത് മാർക്കറ്റിൽ ഉള്ള പുതിയ വീടുകൾ നാമമാത്രമാണ്.
എന്നാൽ മാർക്കറ്റിൽ വന്നു ചേരുന്ന പുതിയ വീടുകളുടെ വിൽപ്പനയ്ക്ക് ഇവ സഹായകമായേക്കും.ഒപ്പം ഇവയുടെ വില കൂടാനും. മലയാളികൾ അടക്കമുള്ള കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ഇനിയും വീട് വാങ്ങാൻ കാത്തിരിക്കുന്നവരാണ് എന്നതിനാൽ പക്ഷെ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഗ്രാന്റ് റിബേറ്റ് ലഭ്യമാവാൻ അവസരം ബാക്കിയുണ്ട്.പുതിയ വീടുകൾ വാങ്ങാൻ അടുത്ത 3 വർഷത്തേയ്ക്ക് പുതിയ പദ്ധതി പ്രയോജനപ്പെടുത്താം.പ്ലാനിംഗ് പെർമിറ്റ് എടുത്ത് വീട് പണിയാൻ പോലും സമയം ബാക്കിയുണ്ട് എന്ന് തന്നെ!