സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ വാടക നിരക്കുകൾ പിടിവിട്ടു കുതിക്കുമ്പോൾ വീടില്ലാത്ത ആളുകളുടെ എണ്ണം പിടിവിട്ടു കുതിക്കുന്നതായി റിപ്പോർട്ടുകൾ. ഹോംലെസ് ഏജൻസിയുടെ റിപ്പോർട്ടുകൾ പ്രകാരമാണ് രാജ്യത്തെ ഇതുവരെയുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വീടില്ലാത്ത ആളുകളെ എണ്ണം സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ യഥാർത്ഥത്തിൽ ആശങ്ക പടർത്തുന്നതാണ്.
2007ലെ റെക്കോർഡ് വർദ്ധനവിന്റെ നിരക്കിനേക്കാൾ രാജ്യ തലസ്ഥാനമായ ഡബ്ലിനിൽ വാടക വീണ്ടും 5% വർദ്ധിച്ചതായാണ് ഇപ്പോൾ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത നിലയിലേയ്ക്ക് വാടക നിരക്ക് ഉയർന്നിരിക്കുകയാണ്. 2008ലെ സാമ്പത്തിക മാന്ദ്യകാലത്തെ അപേക്ഷിച്ച് ഇന്ന് ഡബ്ലിനിൽ 40% വരെ വാടക നിരക്കിൽ വർദ്ധനയുണ്ടായിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധനായ ജോൺ മക്കാർട്ട്‌നി പറയുന്നത്. റസിഡൻഷ്യൽ ടെനൻസി ബോർഡിന്റെ കണക്കുപ്രകാരം നിലവിൽ 704,000 പേരാണ് വാടകവീടുകളിൽ കഴിയുന്നത്.
അതേസമയം മുൻവർഷത്തെ അപേക്ഷിച്ച് വാടക വർദ്ധിക്കുന്നതിന്റെ നിരക്ക് കുറഞ്ഞിട്ടുണ്ട്. വാടക ഇനിയും ഉയരാൻ സാധ്യതയില്ലെന്നും വിദഗ്ദ്ധർ പറയുന്നു. ഇപ്പോൾത്തന്നെ സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്ത വാടകയായതിനാൽ ഇിയും വർദ്ധിപ്പിക്കുന്നത് വിപരീതഫലമാകും ചെയ്യുകയെന്ന് വീട്ടുടമസ്ഥർ മനസ്സിലാക്കുന്നുവെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.
വാടക ഇനത്തിൽ കുടിശിക വരുത്തുന്നുവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പിആർടിബിയും വെളിപ്പെടുത്തിയിരുന്നു.ഇതിന്റെ പേരിൽ വാടകക്കാർക്കെതിരെ വീട്ടുടമകൾ നൽകുന്ന പരാതികളുടെ എണ്ണവും കൂടുകയാണ്. ഡബ്ലിനു പുറത്ത് പക്ഷേ വാടക മുകളിലോട്ടു തന്നെയാണ് പോകുന്നത്. 2016ന്റെ മൂന്നാം പാദത്തിൽ 3.6% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എങ്കിലും 2007നെ അപേക്ഷിച്ച് 7.3% കുറവാണ് ഇവിടെ ഇപ്പോഴത്തെ വാടക.