ഫ്സ്റ്റ് ടൈം ബയേഴ്‌സ് പ്ലാൻ: വീട് വില ഒറ്റ രാത്രികൊണ്ടു വർധിച്ചത് 20,000 യൂറോ വരെ

സ്വന്തം ലേഖകൻ

ഡബ്ലിൻ: 20,000 യൂറോ വരെ റിബേറ്റ് നൽകുന്ന സർക്കാരിന്റെ ഫസ്റ്റ് ടൈം ബയേഴ്‌സ് പ്ലാൻ കാരണം രാജ്യത്ത് ഒറ്റ രാത്രി കൊണ്ട് വീടുകൾക്ക് വൻ വിലക്കയറ്റം. റിബേറ്റ് പ്ലാൻ വീടുകളുടെ വില കുതിച്ചുയരാൻ കാരണമാകുമെന്ന് വിദഗ്ദ്ധർ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു.
ചൊവ്വാഴ്ച അവതരിപ്പിച്ച ബജറ്റിലാണ് ധനമന്ത്രി മൈക്കൽ നൂനാൻ ആദ്യമായി വീടു വാങ്ങുന്നവർക്ക് 5% ടാക്‌സ് റിബേറ്റ് (പരമാവധി 20,000 യൂറോ വരെ) എന്ന പദ്ധതി പ്രഖ്യാപിച്ചത്. 400,000 യൂറോ വരെ വിലയുള്ള വീടുകൾക്ക് ഈ റിബേറ്റ് ലഭിക്കും. എന്നാൽ ഭവന പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിനും പകരം വീടുകളുടെ വൻ വിലക്കയറ്റത്തിനാണ് പദ്ധതി കാരണമായിരിക്കുന്നത്. വിക്ക്‌ലോയിൽ വീടുകൾക്ക് 17,500 മുതൽ 45,000 യൂറോ വരെ വിലയാണ് കഴിഞ്ഞ ഒരു രാത്രി കൊണ്ട് വർദ്ധിച്ചത്.
ബജറ്റനു മുമ്പ് 395,000 യൂറോ വിലയുണ്ടായിരുന്ന ത്രീ ബെഡ്‌റൂം സെമി ക്യാറ്റഗറി ബി ഹൗസിന് ഇന്ന് വില 427,500 യൂറോ ആണ്. ഫൈവ് ബെഡ്‌റൂം വീടിന് വില 575,000 യൂറോയിൽ നിന്നും 620,000 യൂറോയായും കുതിച്ചുയർന്നിരിക്കുകയാണ്.
വിവിധ ഹൗസിങ് വെബ് സൈറ്റുകളിലും വിലക്കയറ്റം ദൃശ്യമാണ്.റിബേറ്റ് പ്രഖ്യാപനം വന്നതോടെ നൂറുകണക്കിന് പേരാണ് പുതിയ വീടുകൾ തേടി വെബ് സൈറ്റുകളിൽ തിരയാൻ കയറിയത്.വിൽപ്പന പൂർത്തിയാക്കിയ ശേഷം വില നിശ്ചയിക്കാത്ത അവസ്ഥയിലായിരുന്ന ഏറെ വീടുകൾ പുതിയ ലിസ്റ്റിങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭവന വിദഗ്ദർ മുന്നറിയിപ്പ് നൽകിയത് പോലെ രാജ്യത്തെ ഭവനമേഖല പൂർണ്ണമായും വില കയറ്റത്തിലേയ്ക്ക് തന്നെയാണ് നീങ്ങുന്നത് എന്നാണ് കാണപ്പെടുന്നത്.
കഴിഞ്ഞ നാലുവർഷമായി അയർലണ്ടിൽ ഒരാളെങ്കിലും സർക്കാർ ജോലി ചെയ്യുന്ന മലയാളി കുടുംബങ്ങളും സർക്കാരിന്റെ 20000 യൂറോ റിബേറ്റിന് പൊതുവെ അർഹതയുള്ളവരാണ്.കൂടിയ വില കൊടുത്ത് ഭവനം വാങ്ങാൻ എത്രപേർ തയാറാകും എന്ന് കാത്തിരുന്ന് കാണണം.ഭവനം വാങ്ങാനുള്ള തയാറെടുപ്പുകൾ നടത്തുന്നവരിൽ കൂടുതൽ പേരും വില അൽപ്പം കൂടുതലായാലും വെറുതെ കിട്ടുന്ന റിബേറ്റ് ലഭ്യമാക്കാനും ശ്രമിക്കുമെന്ന് ഉറപ്പാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top