ഹൗസിങ് പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ വീടുകൾ: ആഡംസ് ടൗണിൽ നിർമിച്ച വീടുകൾ അതിവേഗം വിറ്റുപോയി

സ്വന്തം ലേഖകൻ

ആഡംസ് ടൌണിൽ ഇന്നലെ വിൽപ്പന ആരംഭിച്ച വീടുകളിൽ ഭൂരിപക്ഷവും വിറ്റുപോയത് മണിക്കൂറുകൾക്കകം.വർഷങ്ങളോളം നിർത്തി വച്ച നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി ലഭിച്ചശേഷം പ്ലാനിംഗ് അനുമതി നൽകിയ 177 വീടുകൾക്കായി ഇന്നലെ ഉച്ചയ്ക്കാണ് ബുക്കിംഗ് ആരംഭിച്ചത്.വൈകുന്നേരം നാലോടെ തന്നെ ഭൂരിപക്ഷം വീടുകളുടെയും ബുക്കിംഗ് പൂർത്തിയായതായി ഹൗസിംഗ് എസ്റ്റേറ്റ് വിൽപ്പനക്കാരായ സാവിൽസിന്റെ പ്രതിനിധി അറിയിച്ചു.ബാക്കി വീടുകൾക്കും ഇന്നലത്തെ ബുക്കിംഗ് ആരെങ്കിലും റദ്ദാക്കിയാൽ ഒഴിവ് വരുന്ന വീടുകൾക്കുമായി ഇന്ന് (ഞായർ)ഒരു മണി മുതൽ നാല് വരെയും ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
ഇന്ത്യക്കാർ അടക്കമുള്ള ഏഷ്യൻ വംശജരാണ് ആഡംസ് ടൗണിലെ വീടുകൾക്ക് വേണ്ടി ഇന്നലെ ബുക്കിംഗ് നടത്തിയത്.അമ്പതോളം മലയാളികളും വീട് തേടി ഇന്നലെ ആഡംസ് ടൗണിൽ എത്തിയിരുന്നു.
ഇരുനിലകളിലായി മൂന്ന് അഥവാ നാല് ബെഡ് റൂമുകളുള്ള വീടുകൾക്ക് വില താരതമ്യേനെ കുറവാണ് എന്നതാണ് ആഡംസ് ടൗണിലെ ഇപ്പോൾ പണിയാൻ ഉദ്ദേശിക്കുന്ന വീടുകളുടെ പ്രത്യേകത.270000 യൂറോ മുതൽ(2 ബെഡ്)345000 യൂറോ(3 ബെഡ്)വരെയാണ് ഇവയുടെ വില.മൊഡ്യൂൾഡ് കിച്ചൺ അടക്കം എല്ലാ ഇന്റീരിയർ സൗകര്യങ്ങൾ സഹിതമാണ് ഈ വില.തൊട്ടടുത്തുള്ള ജനവാസ കേന്ദ്രമായ ലൂക്കനിലെക്കാൾ കുറവാണ് ഈ വിലയെന്നാണ് ഏജൻസിയുടെ അവകാശവാദം.
ആഡംസ് ടൗണിൽ പതിനായിരം വീടുകൾക്കായുള്ള പ്ലാനിംഗ് പെർമിഷനാണ് അധികൃതർ 2003ൽ നൽകിയിരുന്നത്.2003 ൽ തുടക്കമിട്ട ആഡംസ് ടൌൺ സ്ട്രാറ്റജിക്ക് ഡവലപ്പ്‌മെന്റ് സോൺ പദ്ധതിയിൽ 10,000 വീടുകളും സ്‌കൂളുകളും ഷോപ്പുകൾ, കമ്മ്യൂണിറ്റി, ലെഷർ സൌകര്യങ്ങൾ തുടങ്ങിയവയാണ് പണി കഴിപ്പിക്കാനിരുന്നത്. എന്നാൽ 20082009 നു ശേഷം 1400 വീടുകളിൽ താഴെ മാത്രമാണ് നിർമ്മിച്ചതെന്ന് കഴിഞ്ഞ മെയ് മാസത്തിൽ ബോർഡ് പ്ലീനലയിൽ നടന്ന ഹിയറിംഗിൽ കൌണ്ടി കൌൺസിൽ വെളിപ്പെടുത്തിയിരുന്നു.
ഏതാണ്ട് 25000 പേർക്കുള്ള സൗകര്യം ഒരുക്കാനുള്ള ഈ നഗരപദ്ധതി തൊട്ടടുത്ത വർഷം വർഷം അവസാനത്തോടെ പ്രവർത്തന സഞ്ജമാക്കാനായിരുന്നു പരിപാടി.എന്നാൽ സ്റ്റേ വന്നതോടെ നിർമ്മാണം മുടങ്ങി.ഭവന നിർമ്മാണ പദ്ധതികൾക്ക് കൂടുതൽ സ്ഥലം കണ്ടെത്തുന്നതിനായാണ് ആഡംസ് ടൌണിലെ നിർമ്മാണങ്ങൾ സൗത്ത് ഡബ്ലിൻ കൗണ്ടി കൌൺസിൽ തടഞ്ഞത്. ഇവിടുത്തെ വാണിജ്യ നിർമ്മാണ പ്രവർത്തനങ്ങൾ 20 ശതമാനം കുറയ്ക്കുകയായിരുന്നു ലക്ഷ്യം.
പിന്നീട് 2014ലാണ് വീണ്ടും നിർമ്മാണ അനുമതി ലഭിച്ചത്.പുതിയ സാഹചര്യത്തിൽ ആഡംസ് ടൌണിൽ 6,655 മുതൽ 8,145 വരെ വീടുകൾ പുതിയതായി നിർമ്മിക്കപ്പെടുമെന്നാണ് കണക്ക്.
ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ പണിയാനിരിക്കുന്ന വീടുകൾക്കുള്ള ബുക്കിംഗാണ് ഇന്നലെ ആരംഭിച്ചത്.പുതിയതായി പണിയാൻ ഉദ്ദേശിക്കുന്ന വീടുകളുടെ, മാതൃക വീടുകളുടെ പണി പൂർത്തിയായിട്ടുണ്ട്.ആവശ്യക്കാർക്ക് ബുക്കിംഗ് ദിവസങ്ങളിലും തിങ്കളാഴ്ച(നാളെ)മുതൽ വെള്ളിയാഴ്ച വരെയും ഇവ സന്ദർശിക്കാനുള്ള അവസരവുമുണ്ട്.
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് പതിനാറു കിലോമീറ്റർ മാറി ലൂക്കന് തെക്ക് മാറിയുള്ള 200 ഹെക്ടറിലാണ് ആഡംസ് ടൌൺ നിർമ്മാണം പ്ലാൻ ചെയ്തിരുന്നത്. 1982 ൽ ക്ലെയറിലെ ഷാനനു ശേഷം പണികഴിപ്പിക്കുന്ന നഗരനിർമ്മാണ പദ്ധതിയാണ് ആഡംസ് ടൌണിലേത്.ലുവാസിൽ ഡബ്ലിൻ സിറ്റി സെന്ററിൽ നിന്നും വെറും 15 മിനുട്ട് യാത്ര ചെയ്താൽ ആഡംസ് ടൗണിൽ എത്താം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top