വാടക വീടുകൾ വിൽക്കാൻ ഇനി അനുവാദം ഉണ്ടാകില്ല; ഭവന പ്രതിസന്ധി പരിഹരിക്കാൻ കർശന പരിശോധന

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനു കർശന നടപടികളുമായി സർക്കാർ രംഗത്ത് എത്തുന്നു. വാടകക്കാർ താമസിക്കുന്ന വീടുകൾ വിൽക്കാൻ വീട്ടുടമസ്ഥർക്ക് നിയന്ത്രണം കൊണ്ടുവരുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യം ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനു സഹായകരമാകുമെന്നു ഹൗസിങ് മിനിസ്റ്റർ സിമോൺ കൊവേനി. വീടുകൾ വിൽക്കാനായി വാടകക്കാരെ കുടിയൊഴിപ്പിക്കുന്നത് തടയാനാണ് നിയന്ത്രണം.
2016ലെ ദി പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് (ഹൗസിങ്) ആൻഡ് റസിഡൻഷ്യൽ ബിൽ പ്രകാരം, തന്റെ ഉടമസ്ഥതയിലുള്ള ഇരുപതോ അതിലധികമോ വീടുകളോ അപ്പാർട്ട്‌മെന്റുകളോ ഉടമസ്ഥൻ വിൽക്കുകയാണെങ്കിൽ, അവിടെ താമസിക്കുന്ന വാടകക്കാരെ തുടർന്നും താമസിക്കാൻ അനുവദിക്കണമെന്നാണ് ചട്ടം. എന്നാൽ 20 എന്നത് മാറ്റി അഞ്ച് ആക്കണമെന്നാണ് സെനറ്റർമാരായ ആലിസ് മേരി ഹിഗ്ഗിൻസ്, കോലറ്റ് കെല്ലർ, ലിൻ റുവാൻ എന്നിവർ കൊണ്ടുവന്ന ഭേദഗതി ബിൽ പറയുന്നത്. വാടകക്കാർക്ക് കൂടുതൽ സൗകര്യം ചെയ്യാനാണ് ഭേദഗതി വഴി ഉദ്ദേശിക്കുന്നത്.
വെസ്റ്റ് ഡബ്ലിനിലെ വീടുകൾ ‘വൾച്ചർ ഫണ്ടുകൾ’ വാങ്ങിയതിനെത്തുടർന്ന് നിരവധി വാടകക്കാർക്ക് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരുന്നു. ഇതെത്തുടർന്നാണ് നിയമത്തിൽ 20 എന്നുള്ളത് 5 വീടുകൾ എന്നാക്കി കുറച്ച് ഭേദഗതി വരുത്താൻ നീക്കമുണ്ടായത്. സെനറ്റിൽ നിന്നും ഡോളിലെത്തിയ ബില്ലിനെ മന്ത്രി കൊവേനി സ്വാഗതം ചെയ്തു. അതേസമയം ചെറിയ രൂപത്തിൽ പ്രവർത്തിക്കുന്ന വാടകവീട് ഉടമസ്ഥരെ ഇതിൽ നിന്നും ഒഴിവാക്കണമെന്നാണ് താൻ കരുതുന്നതെന്നും കൊവേനി പറഞ്ഞു. അതിനാൽ 5 വീടുകൾ എന്നത് 10 ആക്കുന്നതാണ് നല്ലത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
20ലേറെ പ്രോപ്പർട്ടികളുള്ള ഉടമസ്ഥർ അയർലണ്ടിൽ വെറും 0.56% മാത്രമാണെന്നും, നിലവിലെ നിയമം കൊണ്ട് 85% വരുന്ന വാടകക്കാരെയും സുരക്ഷിതരാക്കാൻ കഴിയില്ലെന്നുംഷിൻഫെന്നിന്റെ ഓയിൻ ഒബ്രോയിൻ പറഞ്ഞു. എഎഎപിബിപിയും 5 വീടുകളാക്കി നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top