സ്വന്തം ലേഖകൻ
ഡ്ബ്ലിൻ: രാജ്യത്തെ ഏറ്റവും വലിയ പ്രതിസന്ധിയായ ഭവന പ്രതിസന്ധിയ്ക്കു പരിഹാരം കാണാനാവുന്നില്ല. വീടില്ലാതെ തെരുവിൽ കഴിയുന്ന ആളുകളുടെ എണ്ണം ഓരോ വർഷവും ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ ഭവനപ്രതിസന്ധി സംബന്ധിച്ചുള്ള പഠനം നടത്തിയത്. അയർലണ്ട് നേരിട്ടുകൊണ്ടിരിക്കുന്ന ഭവനപ്രതിസന്ധിക്ക് 2020 വരെയെങ്കിലും പരിഹാരമാകില്ലെന്ന് നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ട്.. 14,000 വീടുകളാണ് ഈ വർഷം അവസാനത്തോടെ പണി പൂർത്തിയാക്കുകയെന്നാണ് കരുതുന്നത്. എന്നാൽ നിലവിലെ ആവശ്യത്തിന്റെ പകുതിയെ വരു ഇത്. പ്രോപ്പർട്ടി കമ്പനിയായ ഡേവിയാണ് പഠനം നടത്തിയിട്ടുള്ളത്.
ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 33,136 ഇടപാടുകളാണ് വീടുകളുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ളതെന്നാണ് കമ്പനി പറയുന്നത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.4% കുറവാണ്,’ കമ്പനി ഇറക്കിയ കുറിപ്പിൽ പറയുന്നു.
ഇഎസ്ആർഐയുടെ കണക്കനുസരിച്ച് ഭവനപ്രതിസന്ധിക്ക് പരിഹാരം കാണാനായി ഓരോ വർഷവും 25,000 വീടുകൾ വീതം പണി കഴിക്കണം. എന്നാൽ നിലവിൽ ഇതിന്റെ പകുതിയോളമേ നിർമ്മാണം നടക്കുന്നുള്ളൂ. എന്നാൽ സർക്കാരിന്റെ പുതിയ ഫസ്റ്റ് ടൈം ബയർ സ്‌കീം വീടുകൾ വാങ്ങാനായി കൂടുതൽ പേരെ സഹായിക്കുമെന്നാണ് തങ്ങൾ കരുതുന്നതെന്നും കമ്പനി വ്യക്തമാക്കി. കൂടുതൽ വീടുകൾക്കായി ഏജൻസികൾ അപേക്ഷ സമർപ്പിക്കുന്നുണ്ടെങ്കിലും അതെപ്പോൾ പൂർത്തിയാകും എന്നതിനെ കുറിച്ച് അനിശ്ചിതത്വമുണ്ട്.സൗത്ത് ഡബ്ലിനിലെ ബഌക്ക് റോക്ക് കാബന്റ്‌റീലിയിൽ 164 വീടുകൾക്കുള്ള അപേക്ഷ പുനസമർപ്പിക്കുവാൻ ഹൗസിംഗ് ഏജൻസിയായ ഓ ഫ്‌ലയിന് ഹൈക്കോടതി ഇന്നലെ അനുമതി നൽകിയിരുന്നു.
ഇതിനിടെ ബാങ്കിങ് മോർട്ട്‌ഗേജ് മേഖലയിൽ പലിശനിരക്ക് കുറയ്ക്കാൻ മത്സരം ആരംഭിച്ചത് ഉപഭോക്താക്കൾക്ക് അനുകൂലമായ നീക്കമാണ്. കെബിസി ബാങ്ക് തങ്ങളുടെ നിലവിലുള്ള ഉപഭോക്താക്കൾക്കും പുതിയ ഉപഭോക്താക്കൾക്കും പലിശനിരക്ക് പലിശ വലിയ തോതിൽ വെട്ടിക്കുറച്ചു. 0.1% മുതൽ 0.6% വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. ഇതോടെ ചില ഉപഭോക്താക്കൾക്ക് 2.9% മാത്രം പലിശ നൽകിയാൽ മതിയാകും. പുതിയ ഉപഭോക്താക്കൾക്ക് ചൊവ്വാഴ്ച മുതൽ നിരക്ക് ലഭ്യമായിത്തുടങ്ങും. നിലവിലുള്ള ഉപഭോക്താക്കൾക്ക് നിരക്ക് കുറയാൻ ഡിസംബർ 1 വരെ കാത്തിരിക്കേണ്ടി വരും.
കെബിസി പലിശ നിരക്ക് കുറച്ചതോടെ എതിരാളികളായ എഐബി, ബാങ്ക് ഓഫ് അയർലണ്ട്, അൾസ്റ്റർ ബാങ്ക് എന്നിവർ തമ്മിൽ കടുത്ത മത്സരത്തിന് കളമൊരുങ്ങുകയാണ്.