എച്ച്എസ്ഇ ജോലികള്‍ ഔട്ടോസോഴ്‌സ് ചെയ്തു; വൃദ്ധര്‍ അടക്കമുള്ള രോഗികള്‍ക്കു ചികിത്സയ്ക്കായി സഞ്ചരിക്കേണ്ടത് കിലോമീറ്ററുകള്‍

ഡബ്ലിന്‍: കോ ഡോണേഗലിലെ വൃദ്ധര്‍ അടക്കമുള്ള നൂറിലേറെ രോഗികള്‍ക്കു ചികിത്സയ്ക്കായി സഞ്ചരിക്കേണ്ടത് കിലോമീറ്ററുകള്‍. കോ ഡോണേഗലില്‍ നിന്നു നൂറു കിലോമീറ്റര്‍ അകലെയുള്ള ഡബ്ലിനില്‍ എത്തിയെങ്കില്‍ മാത്രമേ ഇവിടുത്തെ രോഗികള്‍ക്കു ഇപ്പോള്‍ മതിയായ ചികിത്സ ലഭിക്കുകയുള്ളൂ. എച്ച്എസ്ഇ തങ്ങളുടെ ജോലികള്‍ സ്വകാര്യ കമ്പനികള്‍ക്കു ഔട്ട് സോഴ്‌സ് ചെയ്തതോടെയാണ് ഇപ്പോള്‍ രോഗികള്‍ക്കു ചികിത്സയ്ക്കായി കിലോമീറ്ററുകള്‍ അകലെയുള്ള തലസ്ഥാനത്തെ ആശുപത്രികളിലേയ്ക്കു സഞ്ചരിക്കേണ്ടി വരുന്നത്.
രാജ്യത്തെ ആശുപത്രികളിലെ വെയിറ്റിങ് ലിസ്റ്റി പരിധിവിട്ട് വര്‍ധിച്ചതോടെയാണ് എച്ച്എസ്ഇ രോഗികളുടെ ചികിത്സ സ്വകാര്യ ആശുപത്രികളിലേയ്ക്കു ഔട്ട് സോഴ്‌സ് ചെയ്യാന്‍ തീരുമാനിച്ചത്. രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി ഇതുവരെ 21000 അപേക്ഷകളാണ് എത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ അധികൃതര്‍ പുതിയ ഔട്ട് സോഴ്‌സിങ് പ്രോജക്ടുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടൊപ്പം ആശുപത്രി അധികൃതര്‍ക്കു വേണ്ട നിര്‍ദേശങ്ങളുമായി പദ്ധതി മുന്നോട്ടു വച്ചത് ആരോഗ്യ മന്ത്രി ലിയോ വരദാര്‍ക്കറുമായിരുന്നു.
കോ ഡോണേഗലിലെ ലെറ്റേര്‍കെനി ആശുപത്രിയില്‍ നിന്നും നൂറു കിലോമീറ്റര്‍ അകലെയുള്ള ഡബ്ലിനിലെ ആശുപത്രികളില്‍ രോഗികളെ എത്തിക്കുന്നതിനെതിരെ ഒരു വിഭാഗം ജിപിമാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ അടക്കമുള്ള രോഗികള്‍ക്കു 24 മണിക്കൂറുകള്‍ക്കുള്ളില്‍ നൂറു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തണമെന്ന നിര്‍ദേശം സൃഷ്ടിക്കുന്ന ദുരിതം ചില്ലറയല്ലെന്ന വാദമാണ് ജിപിമാര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്.

Top