താമസം, ഭക്ഷണം, യാത്ര തുടങ്ങിയ മുഴുവന്‍ സേവനങ്ങളുടെയും കരാര്‍ ഉറപ്പുവരുത്തിയ ശേഷമേ ഹജ്ജ് ഉംറ വിസകള്‍ അനുവദിക്കുകയുള്ളൂവെന്ന് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബന്ദന്‍ പറഞ്ഞു. മക്ക ചേംബറില്‍ ‘ഹജ്ജിലെ ഭക്ഷ്യ സുരക്ഷ പൊതു ഉത്തരവാദിത്വം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ-ട്രാക്ക് സംവിധാനത്തിലാണ് പരീക്ഷണമെന്നോണം തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ബന്ധിപ്പിക്കുക. രണ്ട് വര്‍ഷത്തിനു ശേഷം ഇത് നിയമമാക്കും. താമസം, ഭക്ഷണം, യാത്ര എന്നിവ ഇതിലുള്‍പ്പെടും. ഇതോടെ ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ താമസ രംഗത്തെ പ്രശ്നങ്ങള്‍ കുറക്കാനാകും. സ്വകാര്യമേഖലയില്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മക്കയിലും മദീനയിലും നടപ്പിലാക്കിവരുന്ന പദ്ധതികള്‍ക്കനുസരിച്ച് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതാകണമെന്നും ഹജ്ജ് മന്ത്രി പറഞ്ഞു. ഈ വര്‍ഷം ഹജ്ജിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ധാരാളം പണ്ഡിതന്മാര്‍ പങ്കെടുക്കും. മത പണ്ഡിതന്മാര്‍ക്ക് പുറമെ മെഡിക്കല്‍, എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ മുഴുവന്‍ മേഖലകളിലെ പണ്ഡിതന്മാരും സമ്മേളനത്തിലുണ്ടാകും. മുസ്ലിം പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ കൈമാറാനുള്ള ഇലക്ട്രോണിക് ഫ്ളാറ്റ്ഫോം ഉണ്ടാക്കുമെന്നും ഹജ്ജ് മന്ത്രി പറഞ്ഞു.
മക്ക ഹറമിന്‍െറ വടക്ക് മുറ്റം വികസന പദ്ധതി ഭാഗത്തെ തുരങ്കം തുറന്നുകൊടുക്കാന്‍ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ നിര്‍ദേശം നല്‍കി. റമദാന്‍ അവസാന പത്തിലെ വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും പോക്കുവരവുകള്‍ എളുപ്പമാക്കുന്നതിനാണിത്.