ഓസ്‌ട്രേലിയയിലേക്കു മനുഷ്യക്കടത്ത്‌:നേതൃത്വം മലയാളികളും ശ്രീലങ്കക്കാരും . 13 പേര്‍ അറസ്റ്റില്‍

കൊച്ചി:മനുഷ്യക്കടത്തിനു നേത്^ത്വം നല്‍കിയ മലയാളികളും ശ്രീലങ്കക്കാരും അറസ്റ്റില്‍ . ഓസ്‌ട്രേലിയയിലേക്കു മനുഷ്യക്കടത്തിനായി തമിഴ്‌നാട്ടില്‍നിന്നും മുനമ്പത്തെത്തിയ ശ്രീലങ്കക്കാരടക്കം 13 പേരാണ് പിടിയിലായത്. തമിഴ്‌ വംശജരായ 9 ശ്രീലങ്കക്കാരും മലയാളികളുമടക്കമുള്ള നാല്‌ ഏജന്റുമാരുമാണ്‌ അറസ്‌റ്റിലായത്‌. സുദര്‍ശനന്‍(32), രൂപന്‍(20), മനോജ്‌(29), ദേവപ്രസാദ്‌(18), നാഗേശ്വരന്‍(36), ശിവരൂപന്‍(21), പോള്‍ രാജ്‌(22), പാര്‍ഥിപന്‍(28), നവനീതന്‍(33) എന്നിവരാണു പിടിയിലായ ശ്രീലങ്കക്കാര്‍. തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശികളായ ക്രിസ്‌റ്റി (50), ആന്‍ഡ്രൂസ്‌ (60), കന്യാകുമാരി സ്വദേശി സ്‌റ്റീഫന്‍(47), മധുര സ്വദേശി വീരമണി (48) എന്നിവരാണ്‌ പിടിയിലായ ഏജന്റുമാര്‍.
മധുരയ്‌ക്കു സമീപം തിരുവതാപ്പൂരിലുള്ള ശ്രീലങ്കന്‍ അഭയാര്‍ഥിക്യാമ്പില്‍ കഴിഞ്ഞിരുന്നവരാണിവര്‍. രഹസ്യാന്വേഷണ ഏജന്‍സിക്കു ലഭിച്ച വിവരമനുസരിച്ച്‌ എറണാകുളം റേഞ്ച്‌ റൂറല്‍ എസ്‌.പി. യതീഷ്‌ ചന്ദ്രയുടെ നിര്‍ദേശാനുസരണം ഞാറക്കല്‍ സി.ഐ: ടി.ആര്‍. രാജുവിന്റെയും മുനമ്പം എസ്‌.ഐ: ജി. അരുണിന്റെയും നേതൃത്വത്തിലാണ്‌ ഇവരെ പിടികൂടിയത്‌. നാലു ദിവസം മുമ്പാണ്‌ സംഘം മുനമ്പത്തെത്തിയത്‌. ചെറായി ദേവസ്വം നടയ്‌ക്ക്‌ വടക്കുള്ള കുബേര ഹോം സ്‌റ്റേയിലും മുനമ്പത്തുമായിരുന്നു സംഘം താമസിച്ചിരുന്നത്‌.ടവര്‍ സിഗ്നല്‍ ലക്ഷ്യംവച്ച്‌ പോലീസുകാര്‍ രാത്രി ഹോം സ്‌റ്റേയില്‍ റെയ്‌ഡിനെത്തിയപ്പോഴേക്കും അവിടെ തമ്പടിച്ചിരുന്ന നാലു പേര്‍ ഓട്ടോയില്‍ സ്‌ഥലംവിട്ടിരുന്നു. ഇതറിഞ്ഞ പോലീസ്‌ ഓട്ടോക്കാരനെ പിടികൂടിയപ്പോള്‍ സമീപസ്‌ഥലമായ മാല്യങ്കരയിലേക്കാണു പോയതെന്നു സൂചന ലഭിച്ചു.
മാല്യങ്കരയിലെത്തിയ പോലീസ്‌ ബോട്ടില്‍ പരിശോധനക്കായി കയറിയതോടെ ബോട്ടിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഒരാള്‍ പുഴയിലേക്കു ചാടുകയും ചെയ്‌തു. അവശേഷിച്ച അഞ്ചുപേരെ കസ്‌റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്‌ത്‌ ലഭിച്ച വിവരങ്ങളില്‍ നിന്നാണു മറ്റുള്ള എട്ടു പേരെ പിടികൂടിയത്‌.
ഓസ്‌ട്രേലിയയ്‌ക്കു കടക്കാനായി 7.15 ലക്ഷം രൂപക്കു മൂത്തകുന്നം സ്വദേശിയായ സലീം രാജിന്റെ ശ്രീകൃഷ്‌ണ സി എന്ന പഴയ ഫിഷിങ്‌ ബോട്ട്‌ വിലപറഞ്ഞ്‌ ഉറപ്പിക്കുകയും 15000 രൂപ അഡ്വാന്‍സ്‌ നല്‍കുകയും ചെയ്‌തിരുന്നതായി പിടിയിലായവര്‍ പറഞ്ഞു.
ഓസ്‌ട്രേലിയയ്‌ക്കു കടക്കുന്നതിനു ഒരാളില്‍നിന്നും ലക്ഷം രൂപയാണ്‌ ഏജന്റ്‌മാര്‍ വാങ്ങുന്നത്‌. നാലുപേര്‍ മുഴുവന്‍ തുകയും രണ്ടുപേര്‍ 80000 രൂപയും മുന്‍കൂറായും നല്‍കി. ബാക്കി തുക നല്‍കി ഇന്നലെ പുറപ്പെടാനായിരുന്നു പദ്ധതി. ഇതിനിടയിലാണു പിടിയിലായത്‌. മുനമ്പം അഴിമുഖം വഴി കടലിലേക്കു കടക്കാനായിരുന്നു പദ്ധതി. യാത്രാരേഖകള്‍ ഇല്ലാതെ സഞ്ചരിച്ചതിനു ശ്രീലങ്കക്കാര്‍ക്കെതിരേ ഫോറിനേഴ്‌സ്‌ ആക്‌ടനുസരിച്ചും ഏജന്റ്‌മാര്‍ക്കെതിരേ മനുഷ്യക്കടത്ത്‌, വഞ്ചന, ഗൂഢാലോചന കുറ്റങ്ങള്‍ക്കും പോലീസ്‌ കേസ്‌ എടുത്തു.

Top