ഒറിഗൻ: ‘ഭർത്താവിനെ എങ്ങനെ കൊല്ലാം എന്ന പേരിൽ നോവലെഴുതിയ എഴുത്തുകാരി സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തിയതിന് പിടിയിലായി. 68കാരിയായ അമേരിക്കൻ എഴുത്തുകാരി നാൻസി ക്രാംപ്റ്റൺ ബ്രോഫിനെയാണ് ഒറിഗനിലെ പോർട്ട്ലാൻഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ രണ്ടിനാണ് സംഭവം. എഴുത്തുകാരിയുടെ ഭർത്താവും പാചകാധ്യാപകനുമായ ഡാനിയേൽ സി. ബ്രോഫി വെടിയേറ്റുമരിക്കുകയായിരുന്നു.
ഭർത്താവിന്റെ മരണത്തിന് പിന്നാലെ അതീവദുഃഖം രേഖപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ട നാൻസി, ഭർത്താവിനായി മെഴുകുതിരി കത്തിച്ചുള്ള പ്രാർത്ഥനയ്ക്കും ആഹ്വാനംചെയ്തിരുന്നു. 26 വർഷമായി നാൻസിയും ഭർത്താവ് ഡാനിയേലും ഒരുമിച്ചുജീവിക്കുകയാണ്. കൊലപാതകത്തിനും നിയമവിരുദ്ധമായി ആയുധം ഉപയോഗിച്ചതിനുമാണ് നാൻസിയുടെപേരിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ കൊലപാതകത്തിൽ നാൻസിയ്ക്കുള്ള പങ്കിനെക്കുറിച്ചുള്ള തെളിവുകളൊന്നും പുറത്ത് വിടാൻ പൊലീസ് തയാറായിട്ടില്ല.