സ്വന്തം ലേഖകൻ
ഹൂസ്റ്റൺ: ഞായറാഴ്ചയും തിങ്കളാഴ്ചയും ഹൂസ്റ്റണിൽ തകർത്തു പെയ്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇന്ത്യൻ സീനിയർ എൻജിനീയറും ബെച്ചൽ ഓയിൽ ആൻഡ് ഗ്യൂസ് കമ്പനി ഉദ്യോഗസ്ഥയുമായ സുനിത സിങ്ങും (47) റോയൽ ഐഎസ്ഡി അധ്യാപകനും ഉൾപ്പെട്ട് ആറു പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
തിങ്കളാഴ്ച രാവിലെ 6.30 നു ജോലിക്ക് കാറിൽ പുറപ്പെട്ടതായിരുന്നു സുനിത. 610 ഹൈവേയിൽ വെള്ളം കയറി വാഹന ഗതാഗതം തടസപ്പെട്ടതിനാൽ സർവീസ് റോഡിലൂടെ വാഹനം തിരിച്ചു വിട്ടു. വഴിയിൽ പെട്ടന്ന് വെള്ളം പൊങ്ങുകയും, കറിൽ വെള്ളം കയറി രക്ഷപെടാനാവാതെ കാറിനകത്തിരുന്നു മരിക്കുകയുമായിരുന്നു വെള്ളം കാറിൽ കയറുന്നതു കണ്ടു വിവരം ഫോണിലൂടെ ഭർത്താവ് രാജീവ് സിങ്ങിനെ അറിയിച്ചിരുന്നു.
രക്ഷാപ്രവർത്തകർ എത്തിച്ചേരുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആരും സഹായത്തിനു എത്തിച്ചേർന്നില്ല എന്നു രാജീവ് പറഞ്ഞു. സുനിതാ – രാജീവ് ദമ്പതികൾക്കു 15 വയസുള്ള ഒരു മകനുണ്ട്. ഹൂസ്റ്റണിന്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത കനത്ത മഴയും വെള്ളപൊക്കവുമാണ് ഞായറാഴ്ച മുതൽ ആരംഭിച്ച മഴയെ തുടർന്നു രാജ്യത്ത് ഉണ്ടായിരിക്കുന്നത്. മരിച്ചവരിൽ മറ്റൊരു ട്രക്ക് ഡ്രൈവറും ഉൾപ്പെടുന്നു. സുനിതയുടെ മരണം സിക്ക് സമൂഹം ഉൽപ്പെടെ എല്ലാവരെയും ദുഖത്തിലാഴ്തി.