ഹൂസ്റ്റണ്‍: ഇന്ത്യാ ക്രിസ്റ്റിയന്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട മൂന്നാമത് എക്യുമെനിക്കല്‍ കള്‍ച്ചറല്‍ നൈറ്റ് വര്‍ണ്ണപ്പകിട്ടാര്‍ന്ന പരിപാടികള്‍ കൊണ്ടു ശ്രദ്ധേയമായി. സെപ്റ്റംബര്‍ 19 നു ശനിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന കലാസന്ധ്യയില്‍ ഹൂസ്റ്റണിലെ എപ്പിക്കോസ്പ്പല്‍ സഭകളില്‍പ്പെട്ട 18 ഇടവകളില്‍ നിന്നുള്ള കലാപ്രതിഭകള്‍ തങ്ങളുടെ കലാവിരുതുകള്‍ പ്രകടമാക്കിയപ്പോള്‍ ഹൂസ്റ്റണിലെ കലാസ്വാദകര്‍ക്കു വേറിട്ട അനുഭവമായി.
പ്രസിഡന്‌റ് റവ.ഫാ.എം.ടി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. റവ.സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌കോപ്പാ പ്രാരംഭപ്രാര്‍ഥന നടത്തി. മുഖ്യാതിഥികളായി എത്തിയ സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലര്‍മാന്‍ കെ.എന്‍ മാത്യു, ഫോര്‍ട്ട് ബെന്‍ഡ് ഐഎസ് ഡി ട്രസ്റ്റി കെ.പി ജോര്‍ജ് എന്നിവര്‍ വൈദികരുടെയും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തില്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ക്രിസലി സാറി ഫിലിപ്പ് ഇന്ത്യന്‍ അമേരിക്കന്‍ ദേശീയ ഗാനങ്ങള്‍ ആലപിച്ചു. സെക്രട്ടറി ഡോ.അന്നാ കെ.ഫിലിപ്പ് സ്വാഗതം ആശംസിച്ചു.
തുടര്‍ന്നു നടന്ന കലാപരിപാടികളില്‍ സിനിമാറ്റിക് ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ് തുടങ്ങി വര്‍ണ്ണപ്പകിട്ടാര്‍ന്ന വിവിധ രീതിയിലുള്ള നൃത്തങ്ങളുമായി യുവ കലാ പ്രതിഭകള്‍ നൃത്തച്ചുവടുകള്‍ വച്ചപ്പോള്‍ അന്വേഷിപ്പിക്കാന്‍ കണ്ടെത്തും, കലഹം സ്‌നേഹം പിന്നെ ജീവിതം തുടങ്ഹിയ സ്‌കിറ്റുകള്‍ ചിന്തോദീപകവും ക്രിസ്തീയ ദര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നതുമായിരുന്നു. യുധിത എന്ന പേരില്‍ അവതരിപ്പിച്ച ഏകാംഗ നാടകം കൂടുതല്‍ മികവുറ്റതായിരുന്നു.
ഗോസ്പല്‍ മജീഷ്യന്‍ ആയി അറിയപ്പെടുന്ന റവ.ഡോ.സജ്ഞു മാത്യുവിന്റെ മാജിക് ഷോ ക്രൈസ്തവ ദര്‍ശനാവിഷ്‌കാരത്തിനു പുതിയ മാനം നല്‍കി. ഹൂസ്റ്റണിലെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് ഈ വര്‍ഷം വ്യക്തിമുദ്ര പതിപ്പിച്ച എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി അംഗങ്ങളായ റവ.ഡോ സഞ്ജു കെ മാത്യു, കെമിലി ഫിലിപ്പ്, റയിച്ചന്‍ വര്‍ഗീസ് എന്നിവര്‍ക്കു പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ഈ വര്‍ഷം നടത്താനുദ്ദേശിക്കുന്ന ജീവകാരുണ്യ പദ്ധതികളെപ്പറ്റി സെന്റ് തോമസ് സിഎസ്‌ഐ ഇടകവ വികാരി റവ.ആല്‍ഫാ വര്‍ഗീസ് പ്രസ്താവന നടത്തി.
വൈസ് പ്രസിഡന്റും പ്രോഗ്രാം കണ്‍വീനറുമായി റവ.ഫാ.എബ്രഹാം സഖറിയുയടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കള്‍ച്ചറല്‍ നൈറ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ഇന്ദിരാ ജെയിംസ്, ജോര്‍ഡി ദാനിയേല്‍, എന്നിവര്‍ എംഡിമാരായി പരിപാടി നിയന്ത്രിച്ചു. ട്രഷറര്‍ റോബിന്‍ ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു. റവ.ഫാ.എംടിഫിലിപ്പിന്റെ പ്രാര്‍ഥനയും, ആശിര്‍വാദത്തിനും ശേഷം കലാസന്ധ്യ സമാപിച്ചു.