ഐഎപിസി ഡാളസ് ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു ;  സോഷ്യല്‍മീഡിയകളുടെ അതിപ്രസരം മുഖ്യധാരമാധ്യമങ്ങളുടെ പ്രസക്തി കുറയ്ക്കുന്നു: ഡോ. മാത്യു ജോയിസ്

ഡാളസ്: സോഷ്യല്‍ മീഡിയകളുടെ അതിപ്രസരത്തോടുകൂടി പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളുടെ പ്രസക്തി അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് ഇന്‍ഡോ- അമേരിക്കന്‍ പ്രസ്ക്ലബ് (ഐഎപിസി) എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. മാത്യു ജോയിസ്. മാധ്യമരംഗത്ത് സോഷ്യല്‍ മീഡിയകളുടെ സ്വാധീനം എന്ന വിഷയത്തില്‍ ഐഎപിസി ഡാളസ് ചാപ്റ്റര്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുഖ്യധാര മാധ്യമങ്ങളുടെ പക്ഷപാതങ്ങള്‍ക്കും ജനവിരുദ്ധ മുന്നേറ്റങ്ങള്‍ക്കും ഒരു പരിധിവരെ കടിഞ്ഞാണിടാന്‍ സോഷ്യല്‍മീഡിയകള്‍ സഹായകരമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐഎപിസി ടെക്‌സസ് ചാപ്റ്റര്‍ പ്രസിഡന്റ് ഷാജി രാമപുരം അധ്യക്ഷത വഹിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ഡാളസിലെ ഐഎപിസി അംഗങ്ങളുള്‍പ്പടെയുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു.
മാധ്യമപ്രവര്‍ത്തകര്‍ ഒത്തൊരുമിച്ചു നിന്നുകൊണ്ട് ഒരു പ്രസ്ക്ലബിന്റെ കുടക്കീഴില്‍ ഉത്തരവാദിത്വബോധത്തോടും ഇച്ഛാശക്തിയോടും പ്രവര്‍ത്തിച്ചാല്‍ മാധ്യമരംഗത്തെ നേരായ മാര്‍ഗത്തില്‍ നയിക്കാന്‍ സാധിക്കുമെന്ന് ഷാജി രാമപുരം പറഞ്ഞു.

ഫേസ്ബുക്ക്‌പോലുള്ള സോഷ്യല്‍ മീഡിയകളിലൂടെ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ജാഗരൂകരായിരിക്കേണ്ടതിന്റെ ആവശ്യകതകളെപ്പറ്റി ഏലിയാസ് മര്‍ക്കോസ് ഉത്കണ്ഠ പ്രകടിപ്പിച്ചു.
വിവിധ ജോലി സാധ്യതകളെക്കുറിച്ച് അറിയുന്നതിനും അത്യാവശ്യം സഹായങ്ങള്‍ എത്തിക്കുന്നതിനും പ്രസ്ക്ലബ് പ്രതിജ്ഞാബദ്ധരാണെന്നും കൂട്ടായി പ്രവര്‍ത്തിച്ചാല്‍ സമൂഹത്തില്‍ നല്ല പ്രവര്‍ത്തന ശൈലി കാഴ്ചവയ്ക്കാന്‍ സോഷ്യല്‍ മീഡിയകള്‍ക്കു കഴിയുമെന്നും ഏലിക്കുട്ടി ഫ്രാന്‍സിസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടെക്‌സസ് ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനായി ഡാളസിലും ഹൂസ്റ്റണിലും പ്രത്യേക ചാപ്റ്ററുകള്‍ രൂപീകരിക്കുന്നതിനായി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഐഎപിസി ഡാളസ് ചാപ്റ്ററിന്റെ ഉദ്ഘാടനവും ഡോ. മാത്യു ജോയിസ് നിര്‍വഹിച്ചു.
> ഡാളസ് ചാപ്റ്ററിന്റെ 2016-17 ലെ ഭാരവാഹികളായി സാം മത്തായി (പ്രസിഡന്റ്), പ്രഫ. ജോയി പല്ലോട്ടുമഠം, ഏലിക്കുട്ടി ഫ്രാന്‍സിസ് (വൈസ്പ്രസിഡന്റുമാര്‍), ദീപക് കൈതക്കാപ്പുഴ (സെക്രട്ടറി), വിത്സന്‍ തകരന്‍ (ട്രഷറര്‍), ഷാജി മണിയാട്ട്, മീനി നിബു, തോമസ് രാജന്‍, രവി എടത്വ, ചെറിയാന്‍ അലക്‌സാണ്ടര്‍, സുജന്‍ കാക്കനാട് (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍), രാജു തരകന്‍, ഏലിയാസ് മാര്‍ക്കോസ് (നാഷ്ണന്‍ കമ്മിറ്റിയംഗങ്ങള്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

സെമിനാറില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജണല്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചല്ലൂര്‍, ഐഎപിസിയുടെ ഇതുവരെയുള്ള വളര്‍ച്ചയിലും പ്രവര്‍ത്തന നടത്തിപ്പിലും സന്തുഷ്ടി പ്രകടിപ്പിക്കുകയും പുതിയ ഭാരവാഹികളെ അനുമോദിച്ച് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

രണ്ടുമാസത്തിലൊരിക്കല്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ ഒരുമിച്ചുകൂടി സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും നടത്തി മാധ്യമരംഗത്തുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ കര്‍മ്മ പരിപാടികള്‍ വിഭാവനം ചെയ്യാനുമായി തീരുമാനിച്ച് സെമിനാര്‍ അവസാനിച്ചു.

Top