ഡോ.മാത്യൂ ജോയിസ്
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി)ന്റെ ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സ് 2016 ന്റെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഒക്ടോബര്‍ എട്ട് മുതല്‍ പത്തുവരെ നയാഗ്രയിലാണ് കോണ്‍ഫ്രന്‍സ് നടക്കുക. അമേരിക്കയിലെയും കാനഡയിലെയും മാത്രമല്ല രാജ്യാന്തരതലത്തില്‍ പ്രശസ്തരായ ദൃശ്യ, പത്ര മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന മൂന്നു ദിവസത്തെ കോണ്‍ഫ്രന്‍സില്‍ നിരവധി സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും കലാസാംസ്‌കാരിക പരിപാടികളും നടക്കും.
ഐഎപിസിയുടെ മൂന്നാമത് അന്താരാഷ്ട്ര കോണ്‍ഫ്രന്‍സിന്റെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രമുഖ പ്രവാസി മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ആഷ്‌ലി ജെ. മാങ്ങഴയെ തെരഞ്ഞെടുത്തു. അമേരിക്കയിലും കാനഡയിലുമായി നാല് എഡിഷനുകളുള്ള ജയ്ഹിന്ദ് വാര്‍ത്തയുടെ ചീഫ് എഡിറ്ററാണ് ആഷ്‌ലി. ജയ്ഹിന്ദ്‌വാര്‍ത്തയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം തന്റെ പ്രവര്‍ത്തന മികവു കൊണ്ടാണ് ചീഫ് എഡിറ്റര്‍ പദവിയിലെത്തിയത്. കാനഡയിലെയും അമേരിക്കയിലെയും പ്രവാസികളെ സംബന്ധിക്കുന്ന നിരവധി പ്രശ്‌നങ്ങളാണ് അദ്ദേഹം, തന്റെ ലേഖനങ്ങളിലൂടെ ജനശ്രദ്ധയില്‍ എത്തിച്ചത്. ഒന്നര പതിറ്റാണ്ടിന്റെ പത്രപ്രവര്‍ത്തന പാരമ്പര്യമുള്ള ആഷ്‌ലി ഫ്‌ളോറിഡയില്‍ നിന്നു പ്രസിദ്ധീകരിച്ച ‘മലയാളി മനസ്’ എന്ന പത്രത്തിന്റെ ചീഫ് റിപ്പോര്‍ട്ടറായിട്ടായി പ്രവര്‍ത്തിച്ചു. അമേരിക്കയിലെ പ്രമുഖ മലയാളം മാസികയായ അക്ഷരത്തിന്റെ മാനേജിംഗ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ വിഷയങ്ങളില്‍ ആഷ്‌ലിയുടേതായി നിരവധി ലേഖനങ്ങളാണ് ഇതിനോടകം തന്നെ അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. റേഡിയോ അവതാരകനായും പ്രവര്‍ത്തിക്കുന്നു.
കോണ്‍ഫ്രന്‍സിന്റെ കോ- ചെയര്‍മാന്‍മാരായി ന്യൂയോര്‍ക്കില്‍ നിന്നുള്ള മാത്തുക്കുട്ടി ഈശോയേയും ടൊറന്റോയില്‍ നിന്നുള്ള ജോസ് വി. ജോര്‍ജിനെയും തെരഞ്ഞെടുത്തു. മാധ്യമ മാനേജ്‌മെന്റ് രംഗത്തും എഴുത്തിലും പ്രവാസ ലോകത്ത് അറിയപ്പെടുന്ന മാത്തുക്കുട്ടി ഈശോ ജയ്ഹിന്ദ് വാര്‍ത്ത യുഎസ് എഡിഷന്റെ വൈസ് ചെയര്‍മാനാണ്. ന്യൂയോര്‍ക്കില്‍ നിന്നും വിവിധമാധ്യമങ്ങള്‍ക്കായി അമേരിക്കന്‍ മലയാളികളുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇദ്ദേഹം അറിയപ്പെടുന്ന കോളമിസ്റ്റുകൂടിയാണ്. കാലിക പ്രസക്തിയുളള നിരവധി ലേഖനങ്ങളാണ് മാത്തുക്കുട്ടി ഈശോയുടേതായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ത്യയില്‍ കസ്റ്റംസ് സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം അറിയപ്പെടുന്ന മീഡിയ മാനേജ്‌മെന്റ് വിദഗ്്ധന്‍കൂടിയാണ്.
എഴുത്തുകാരനും കോളമിസ്റ്റുമായ ജോസ്.വി. ജോര്‍ജ് ജയ്ഹിന്ദ് വാര്‍ത്ത കാനഡയുടെ വൈസ് ചെയര്‍മാനാണ്. കാനഡയിലെ മലയാളികളുടെ ജീവിത സാഹചര്യങ്ങള്‍ സമൂഹമധ്യത്തില്‍ എത്തിക്കുന്ന തരത്തിലുള്ള ലേഖനങ്ങള്‍ എഴുതിയതിലൂടെ ശ്രദ്ധേയനാണ് ഇദ്ദേഹം. അറിയപ്പെടുന്ന നിരൂപകന്‍ കൂടിയായ ജോസ് വി. ജോര്‍ജ് സ്‌കൂള്‍,കോളജ്തലം മുതല്‍ കലാ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നധ്യമാണ്.
കോണ്‍ഫ്രന്‍സ്് കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ട ഓ.കെ. ത്യാഗരാജന്‍ (കാനഡ) വാന്‍കൂവര്‍ കേന്ദ്രമാക്കി അച്ചടി, ദൃശ്യമാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്നത്തിനു പുറമേ പ്രശസ്ത ടെലിവിഷന്‍ പ്രോഗ്രാമായ കനേഡിയന്‍ കണക്ഷന്റെ സംവിധായകനും എഴുത്തുകാരനുമാണ്. ജയ്ഹിന്ദ് വാര്‍ത്ത കാനഡയുടെ റീജണല്‍ ഡയറക്ടറായ ഇദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം പ്രസ്‌ക്ലബ് വിദ്യാര്‍ഥിയായിരുന്ന ത്യാഗരാജന്‍ ദൂരദര്‍ശനുവേണ്ടി എട്ടു ഡോക്യുമെന്റികള്‍ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. 2010 ല്‍ ഇദ്ദേഹത്തിന്റെ ചെറുകഥകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു.
കോണ്‍ഫ്രന്‍സ്് കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് കൊട്ടാരത്തില്‍ (ന്യൂയോര്‍ക്ക്) പതിറ്റാണ്ടുകളായി അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നത്തിനോടൊപ്പം നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളപത്രമായ ജയ്ഹിന്ദ് വാര്‍ത്തയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും അക്ഷരം മാസികയുടെ റിസര്‍ച്ച് എഡിറ്ററുമാണ്. ദൃശ്യമാധ്യമരംഗത്തും വര്‍ഷങ്ങളുടെ പ്രവര്‍ത്തനപരിചയമുണ്ട് . എറണാകുളം രാജഗിരി കോളജില്‍ നിന്നും പത്രപ്രവര്‍ത്തനത്തില്‍ പിജി ഡിപ്ലോമ നേടിയിട്ടുള്ള ഇദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളാണ് അച്ചടി, ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിവിധ വിഷയങ്ങളില്‍ പഠനം നടത്തി വിശദമായ പഠന റിപ്പോര്‍ട്ടുകളും ജോര്‍ജ് കൊട്ടാരത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോണ്‍ഫ്രന്‍സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി തമ്പാനൂര്‍ മോഹന്‍ (കാനഡ)നെ തെരഞ്ഞെടുത്തു. തമ്പാനൂര്‍ മോഹന്‍ അച്ചടി, ദൃശ്യമാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്നത്തിനു പുറമേ പ്രശസ്ത ടെലിവിഷന്‍ പ്രോഗ്രാമായ കനേഡിയന്‍ കണക്ഷന്റെ നിര്‍മാതാവാണ്. ജയ്ഹിന്ദ് വാര്‍ത്ത കാനഡയുടെ റീജണല്‍ ഡയറക്ടറായ ഇദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കോണ്‍ഫ്രന്‍സിന്റെ മീഡിയ പബ്ലിക് റിലേഷന്‍സ് കോ-ഓര്‍ഡിനേറ്ററായി ഷോമിക്ക് ചൗധരി (ന്യൂയോര്‍ക്ക്) യെ തെരഞ്ഞെടുത്തു. രണ്ടു പതിറ്റാണ്ടോളം ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമരംഗവുമായി അടുത്തു പരിചയമുള്ള മികച്ച വാഗ്മിയും ബിസ്സിനസ്സുകാരനുമാണ് അദ്ദേഹം. ആറു വര്‍ഷത്തോളം പാരിഖ് വേള്‍ഡ് വൈഡ് മീഡിയയുടെ സിഒഒ ആയിരുന്ന ഷോമിക്ക് ചൗധരി ഇപ്പോള്‍ അന്താരാഷ്ട്ര ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ ആഡ്ണ്ടഫോഴ്ണ്ടസ് നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റാണ്. ബിരുദാനന്തര ബിരുദം ഇന്ത്യയില്‍ നിന്നും മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ് ഹാര്‍വാര്‍ഡില്‍ നിന്നും എക്‌സിക്യൂട്ടീവ് ലീഡര്‍ഷിപ്പ് കോര്‍നല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് നേടിയിട്ടുള്ളത്. ഇന്റര്‍നാഷ്ണല്‍ എന്‍ജിഒയുടെ യുഎന്‍ പ്രതിനിധിയും യുഎന്നിന്റെ റിസോഴ്‌സ് പേഴ്‌സണുമാണ്.
കോണ്‍ഫ്രന്‍സ് വന്‍ വിജയമാക്കുന്നതിനായി അതിവിപുലമായ കമ്മറ്റി രൂപീകരിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇത്തവണത്ത കോണ്‍ഫ്രന്‍സ് ചരിത്രസംഭവമാക്കുന്നതിനുളള ഒരുക്കങ്ങള്‍ പുരോഗമിച്ചുവരികയാണ്.
പുതിയ ഭാരവാഹികളെ പ്രസിഡന്റ് പ്രവിണു ചോപ്ര , ജെനറൽ സെക്രട്ടറി കോരസൺ വര്ഗിസ് തുടങ്ങിയ ക്ലബ് നേതാക്കൾ അഭിനന്ദിച്ചു.