ടൊറന്റോ: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ടൊറന്റോ ചാപ്റ്ററിന്റെ 2016-2017 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂണ്‍ 18 ന് ഐഎപിസി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയ നിര്‍വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ പ്രസിഡന്റ് പ്രവീണ്‍ ചോപ്ര, ഡയറക്ടര്‍ ബോര്‍ഡ് വൈസ്‌ചെയര്‍പേഴ്‌സണ്‍ വിനി നായര്‍, എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് മാത്യു ജോയിസ്, ജനറല്‍ സെക്രട്ടറി കോരസണ്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും.ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ഡയറക്ടര്‍മാരായ ജോസ് വി. ജോര്‍ജും ആഷ്‌ലി ജെ.മാങ്ങഴയും പിആര്‍ഒ ജെയിസണ്‍ മാത്യുവും നേതൃത്വം നല്‍കി.
എബ്രാഹം ജേക്കബ് (പ്രസിഡന്റ്), കുഞ്ഞൂസ്, അജീഷ് രാജേന്ദ്രന്‍ (വൈസ് പ്രസിഡന്റുമാര്‍), മായ റെച്ചല്‍ തോമസ് (സെക്രട്ടറി), ഫാത്തിമ മുബിന്‍ (ജോയിന്റ് സെക്രട്ടറി), നസീര്‍ കണ്ടത്തില്‍ (ട്രഷറര്‍), അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി ഡോ. ബിനോയ് പി. ചാക്കോ, അഡ്വ. ഫിലിപ്പ് വരിക്കാനിക്കല്‍, ഡോ. ജോസഫ് ഷാജി, ഷേര്‍ളി മാത്യൂസ്. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍: അഡ്വ. ജോയി ജോസഫ്, സുജ സന്തോഷ്, ജോഷ്വ ജെറി ജോര്‍ജ്, ജീന തോമസ്, ജിജോ പീറ്റര്‍, രാജി അജീഷ്, പ്രസാദ് സാം, ജെറാള്‍ഡി ജെയിംസ് എന്നിവരാണ് പുതിയ ഭാരവാഹികള്‍.
കാനഡ നയാഗ്രയില്‍ ഒക്ടോബര്‍ എട്ടുമുതല്‍ പത്തുവരെ നടക്കുന്ന ഐഎപിസിയുടെ മൂന്നാമത് അന്താരാഷ്ട്രമീഡിയ കോണ്‍ഫ്രന്‍സിന് ഹോസ്റ്റ് ചാപ്റ്ററാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു പ്രസിഡന്റ് എബ്രാഹം ജേക്കബ് പറഞ്ഞു. അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്ന നിരവധി കാര്യങ്ങള്‍ കോണ്‍ഫ്രന്‍സിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. നയാഗ്രയുടെ മനോഹാരിതയുടെ പശ്ചാത്തലത്തില്‍ ആഗോള മാധ്യമപ്രമുഖര്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കും. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുമായി നോര്‍ത്ത് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചര്‍ച്ചകള്‍ നടത്താനും മാധ്യമമേഖലയില്‍ പുതിയ മാറ്റങ്ങള്‍ വരുത്താനും മീഡിയ കോണ്‍ഫ്രന്‍സുകൊണ്ടു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര മീഡിയ കോണ്‍ഫ്രന്‍സിന് വിപുലമായ ഒരുക്കങ്ങളാണ് ടൊറന്റോ ചാപ്റ്റര്‍ ആരംഭിച്ചിരിക്കുന്നത്. വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് മീഡിയ കോണ്‍ഫ്രന്‍സ് വന്‍വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ചാപ്റ്ററിലെ ഓരോ അംഗങ്ങളുമെന്നു സെക്രട്ടറി മായ റെച്ചല്‍ തോമസ് പറഞ്ഞു. നോര്‍ത്ത് അമേരിക്കയില്‍ വിവിധഭാഗങ്ങളിലായുള്ള ഐഎപിസി അംഗങ്ങള്‍ക്കും മറ്റു അതിഥികള്‍ക്കും ഇവിടെ എത്തിച്ചേരുന്നതിനും അന്താരാഷ്ട്ര മീഡിയ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നതിനും വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്നു വൈസ് പ്രസിഡന്റ് കുഞ്ഞൂസ് പറഞ്ഞു. ആഗോള തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള ഐഎപിസി അന്താരാഷ്ട്ര മീഡിയ കോണ്‍ഫ്രന്‍സ് ഇത്തവണയും വിത്യസ്തതകൊണ്ട് ലോകമാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയാകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നു വൈസ് പ്രസിഡന്റ് അജീഷ് രാജേന്ദ്രന്‍ പറഞ്ഞു.