പി.പി ചെറിയാൻ
ന്യൂയോർക്ക്: ന്യൂയോർക്ക് ക്യൂൻസിലെ മോസ്‌കിൽ നിന്നും ഉച്ചയ്ക്കു ശേഷം പ്രാർത്ഥന കഴിഞ്ഞു മടങ്ങുകയായിരുന്ന മോസ്‌ക് ലീഡർ മൗലാനാ അങ്കോൺ ജി (55)യെയും, സഹായി താര ഉദ്ദിൻ (65) എന്നിവരെയും പട്ടാപ്പകൽ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ആഗസ്റ്റ് പതിനഞ്ചിനു പുറത്തിറക്കിയ പ്രസ്താവനയിലാണ് പൊലീസ് ഇതു സംബന്ധിച്ചു വ്യക്തമാക്കിയിരിക്കുന്നത്.
സംഭവത്തിനു ദൃക്‌സാക്ഷിയായ സൈക്കിൾ സവാരിക്കാരനാണ് പ്രതി സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പർ പൊലീസിനു കൈമാറിയത്. ന്യൂയോർക്ക് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ പിടികൂടിയ പ്രതിയെന്നു സംശയിക്കുന്നയാളിനെ രപൊലീസ് പിടികൂടി ചോദ്യം ചെയ്തു വരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതായോ അറസ്റ്റ് ചെയ്തതായോ പൊലീസ് വെളിപ്പെടുത്തിയില്ല.
ബംഗ്ലാദേശി സ്വദേശികളായ ഇമാമിനെയും സഹായിയെയും കൊലപ്പെടുത്തിയതിൽ ശക്തമായ പ്രതിഷേധമാണ് ന്യൂയോർക്കിൽ പ്രകടമായത്. ഹിസ്പാനിക് – മുസ്ലീം വിഭാഗങ്ങൾ സംഭവത്തിൽ പ്രതിഷേധിച്ചു പ്രകടനങ്ങൾ നടത്തി. ഈ പ്രദേശത്ത് ഒരാഴ്ച മുൻപ് മുസ്ലീം ഹിസ്പാനിക് സംഘർഷം നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിനിടയിൽ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് കൗൺസിൽ നിരപരാധികളായ സഹോദരങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയതിൽ ഉത്കണ്ഠരേഖപ്പെടുത്തുകയും പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർക്കു 10,000 ഡോളർ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ന്യൂയോർക്ക് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു.