ഇന്ത്യന്‍ പാസ്പോര്‍ട്ട് വിതരണം സാധാരണ നിലയില്‍; അഞ്ച് ദിവസത്തിനകം ലഭിക്കും

 

ബിജു കരുനാഗപ്പള്ളി 

അബൂദബി: യു.എ.ഇയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് വിതരണം പൂര്‍ണമായും സാധാരണ നിലയിലേക്ക് എത്തിയതായി ഇന്ത്യന്‍ എംബസി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സാധാരണ ഗതിയില്‍ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പാസ്പോര്‍ട്ട് പുതുക്കി ലഭിക്കുകയും പുതിയത് ലഭിക്കുകയും ചെയ്യും. സുസംഘടിതമായ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി ഏതാനും ആഴ്ചകളായി പാസ്പോര്‍ട്ടുകള്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കുന്നുണ്ടെന്നും എംബസി വ്യക്തമാക്കി. രണ്ട് വര്‍ഷത്തിലധികമായി വിവിധ കാരണങ്ങളാല്‍ പാസ്പോര്‍ട്ട് ലഭിക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു. ഇതിനാണ് പരിഹാരമായത്. പാസ്പോര്‍ട്ട് ബുക്ക്ലെറ്റുകളുടെ ക്ഷാമം, സാങ്കേതിക പ്രശ്നങ്ങള്‍, പുറംകരാര്‍ ഏജന്‍സി കരാര്‍ സംബന്ധമായ കാരണങ്ങള്‍ തുടങ്ങിയവയാല്‍ പാസ്പോര്‍ട്ട് പുതുക്കി ലഭിക്കുന്നതിനും യു.എ.ഇയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പുതിയ പാസ്പോര്‍ട്ട് ലഭിക്കുന്നതിനും കാലതാമസം നേരിട്ടിരുന്നു. രണ്ട് വര്‍ഷത്തിലധികമായി പല തവണയായി അനുഭവപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യന്‍ എംബസി നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് പാസ്പോര്‍ട്ട് വിതരണം സാധാരണ നിലയിലായത്.
പാസ്പോര്‍ട്ടിന്‍െറ കാലാവധി ഒരു വര്‍ഷം ബാക്കിയുള്ളപ്പോള്‍ തന്നെ പുതുക്കാന്‍ അപേക്ഷിക്കാമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. പാസ്പോര്‍ട്ടില്‍ അഞ്ച് ഉപയോഗിക്കാത്ത പേജുകള്‍ ഉണ്ടെങ്കില്‍ പോലും ഒരു വര്‍ഷത്തിന് മുമ്പ് പുതുക്കാന്‍ സാധിക്കും. പാസ്പോര്‍ട്ട് നേരത്തേ പുതുക്കുന്നതിലൂടെ കാലതാമസം അടക്കമുള്ള പ്രയാസങ്ങള്‍  പരിഹരിക്കാന്‍ സാധിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top