ഡബ്ലിൻ: അയർലണ്ടിലെ ഇന്ത്യൻ വംശജർക്ക് അഭിമാനമായി ആദ്യ ‘ഇന്ത്യാ ഡേ’ നടന്നത് കഴിഞ്ഞ വർഷമാണ്. അയർലണ്ടിലെ ഇന്ത്യൻ കൂട്ടായ്മകളുടെ ഫെഡറേഷൻ, ഫിക്കി (FICI Federation of Indian Communities in Ireland) യുടെ നേതൃത്വത്തിലും ഇന്ത്യൻ എംബസ്സിയുടെ സഹകരണത്തോടെയുമാണ് ഇന്ത്യയുടെ സാംസ്കാരിക വൈവിദ്ധ്യവും പാരമ്പര്യവും അയർലണ്ടിന്റെ മണ്ണിൽ പരിചയപ്പെടുത്താനുള്ള ഒരു ദിനം ഒരുക്കിയത്.
2015 സെപ്റ്റംബർ 5ന് ഫിനിക്സ് പാർക്കിൽ ഉച്ചയ്ക്ക് 12 മണി മുതൽ നടന്ന സാംസ്കാരിക പരിപാടികൾ അയർലണ്ട് ഉപപ്രധാനമന്ത്രി ജോവാൻ ബർട്ടൻ , ഇന്ത്യൻ അംബാസിഡർ ശ്രീമതി രാധികാ ലാൽ ലോകേഷിന്റെയും വിവിധ ഇന്ത്യൻ സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഉത്ഘാടനം ചെയ്തു. ശേഷം വിവിധ ഇന്ത്യൻ നൃത്തങ്ങൾ, മറ്റു കലാ പരിപാടികൾ , ഇന്ത്യയുടെ രുചി വൈവിധ്യം പരിചയപ്പെടുത്തിയ ഭക്ഷണ സ്റ്റാളുകൾ തുടങ്ങിയവ കൊണ്ട് സന്ദർശകർക്ക് മറക്കാനാവാത്ത അനുഭവമായി.
ഇന്ത്യയുടെ പ്രത്യേകതയായ നാനാത്വത്തിന്റെ അടിസ്ഥാനത്തിൽ അയർലണ്ടിൽ രൂപം കൊണ്ടിട്ടുള്ള വിവിധ കൂട്ടായ്മകളെ ഒരു കുടകീഴിൽ കൊണ്ട് വരികയും, ഇന്ത്യയുടെ ഏകത്വം ഉയർത്തി പിടിച്ച് ഒരു ‘ഇന്ത്യാ ഡേ’ക്ക് ചുക്കാൻ പിടിക്കുകയും ചെയ്ത ‘ഫിക്കി’ക്ക് ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു.
അയർലണ്ടിലെ എല്ലാ ഇന്ത്യൻ കൂട്ടായ്മകളുടെയും സഹകരണത്തോടെ ‘ഫിക്കി’യെ അയർലണ്ടിലെ എല്ലാ ഇന്ത്യൻ വംശജരെയും പ്രതിനിധീകരിക്കുന്ന ഒരു സാമൂഹ്യ സംഘടനയെന്ന നിലയിൽ വളർത്തി കൊണ്ട് വരേണ്ടത് ആവശ്യമാണ്. അയർലണ്ടിലെ നിയമാനുസൃതമായും, ജനാധിപത്യപരമായും, സുതാര്യമായും പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയായി വളരേണ്ടതിനും, എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തേണ്ടതിലേയ്ക്കായും, ഈ വർഷത്തെ ‘ഇന്ത്യ ഡേ 2016’ പൂർവാധികം ഭംഗി ആക്കാനുമുള്ള ആലോചനായോഗം അടുത്ത ശനിയാഴ്ച ( 13 ഫെബ്രുവരി ) വൈകിട്ട് മൂന്ന് മണിക്ക് യുറേഷ്യ ഹാളിൽ നടത്തപ്പെടുന്നു.
അയർലണ്ടിലെ ഇന്ത്യകാരെയും , ഇന്ത്യൻ വംശജരെയും പ്രതിനിധീകരിക്കുന്ന എല്ലാ സംഘടനകളെയും ഈ ആലോചനാ യോഗത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.