ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യാക്കാരുടെ സംഗമമായ ‘ഇന്ത്യ ഡേ’ ദിനാഘോഷം സെപ്റ്റംബര്‍ 5 ശനിയാഴ്ച്ച ഫീനിക്‌സ് പാര്‍ക്കിലെ ഫാംലെ ഹൗസില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു.ഇന്ത്യന്‍ എംബസി നേതൃത്വമെടുത്ത് സ്വാതന്ത്ര്യദിനത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്ത്യാക്കാരുടെ ഒത്തുചേരലായ ‘ഇന്ത്യാ ഡേ ആഘോഷം സാങ്കേതിക കാരണങ്ങളാല്‍ അന്ന് മാറ്റിവെയ്ക്കുകയായിരുന്നു. അയര്‍ലണ്ടിലെ എല്ലാ ഇന്ത്യാക്കാരെയും ഒന്നിച്ചു കൂട്ടി പാരമ്പര്യ നൃത്ത സംഗീതപരിപാടികളും ഭക്ഷ്യമേളയുമായി നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പുതിയ പരിപാടിയില്‍ ഇന്ത്യാ ഐറിഷ് സൗഹൃദത്തിന്റെ പ്രതീകമായി പ്രദേശവാസികളെയും ക്ഷണിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 5 ന് രാവിലെ 11.30 മണി മുതല്‍ 5 മണി വരെ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളാണ് ഫാംലെ ഹൗസില്‍ ഒരുക്കിയിട്ടുള്ളത്.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അയര്‍ലണ്ടിലെത്തി താമസിക്കുന്ന വിവിധ സാംസ്‌കാരിക ധാരകളില്‍ ഉള്ളവര്‍ അവതരിപ്പിക്കുന്ന കലാ സാംസ്‌കാരികപരിപാടികളും മുന്‍ നിശ്ചയപ്രകാരം നടത്തപ്പെടും. ചരിത്രത്തില്‍ ആദ്യമായാണ് അയര്‍ലണ്ടിലെ എല്ലാ ഇന്ത്യാക്കാരും ഒന്നിച്ചു ചേരാനുള്ള അവസരം എംബസി ഒരുക്കുന്നത് എന്നതിനാല്‍ ഇന്ത്യാ ഡേ ആഘോഷ പരിപാടികളില്‍ എല്ലാവരും സഹകരിക്കണമെന്ന് അമ്പാസിഡര്‍ അഭ്യര്‍ഥിച്ചു.പ്രവേശനം സൗജന്യമാണ്.
ഇന്ത്യാ ഡേ പരിപാടികളുടെ നടത്തിപ്പിനായി മുമ്പ് രൂപീകരിച്ച ഫിക്കി (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിറ്റീസ് ഇന്‍ അയര്‍ലണ്ട്) തന്നെയാണ് കൂടുതല്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റികളെ ഉള്‍പ്പെടുത്തി ഇന്ത്യാ ഡേ വിജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്.രാജസ്ഥാന്‍ കമ്യൂണിറ്റിയില്‍ നിന്നുള്ള ബാബുലാല്‍ യാദവ് കണ്‍വീനറായി രൂപീകരിച്ച പുതിയ സമിതി ഇന്ത്യാ ഡേ വിജയിപ്പിക്കാന്‍ സജീവായി രംഗത്തുണ്ട്.