മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണിലെ രണ്ടാം പോരാട്ടത്തിന് ഞായറാഴ്ച ഫട്ടോഡ സ്റ്റേഡിയത്തില്‍ കളമൊരുങ്ങുമ്പോള്‍ മാറ്റുരക്കപ്പെടുന്നത് ബ്രസീലിയന്‍ ഫുട്ബാള്‍ സൗന്ദര്യം. ഇരുപക്ഷത്തും തന്ത്രങ്ങളുമായി അണിനിരക്കുന്നത് ബ്രസീലിയന്‍ ഇതിഹാസങ്ങള്‍. ആതിഥേയരായ ഗോവക്കായി രണ്ടാം സീസണിലും സീക്കോ തന്ത്രമോതുമ്പോള്‍ പുതിയ സീസണിലെ പ്രധാന ആകര്‍ഷണമായ റോബര്‍ട്ടോ കാര്‍ലോസിന്റെ സാന്നിധ്യമാണ് അണിയറയിലും കളത്തിലും ഡല്‍ഹി ഡൈനാമോസിന്റെ കരുത്ത്. മത്സരം വൈകാരികതയേറിയതാണെന്ന് കാര്‍ലോസ് ഇതിനകം സമ്മതിച്ചുകഴിഞ്ഞു. മുന്‍ കോച്ച് എന്നനിലയില്‍ മാത്രമല്ല, പിതാവിന്റെ സ്ഥാനമാണ് സീക്കോക്ക് തന്റെ ജീവിതത്തിലുള്ളതെന്ന് കാര്‍ലോസ് പറഞ്ഞു. ‘ശിഷ്യനും ഗുരും തമ്മിലുള്ള മത്സരം മാത്രമല്ല, ഒരു പിതാവും മകനും തമ്മിലുള്ള പോരാട്ടം കൂടിയാണിത്’ഡല്‍ഹി കോച്ച് പറഞ്ഞു. മത്സരം കടുത്തതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തം ആരാധകരുടെ മുന്നില്‍ വിജയവുമായി തുടങ്ങുകയാണ് സീക്കോയുടെ സംഘത്തിന്റെ ലക്ഷ്യം. ആദ്യ സീസണില്‍ മോശം തുടക്കത്തിനുശേഷം പതിയെ താളംകണ്ടത്തെി സെമി വരെയത്തെിയ പോരാട്ടവീര്യം അവര്‍ക്ക് പ്രചോദനമായുണ്ട്. ഇത്തവണ സ്വന്തമായി തെരഞ്ഞെടുത്ത ഒരുകൂട്ടം ബ്രസീലിയന്‍ പ്രതിഭകളുമായാണ് സീക്കോയുടെ പടയൊരുക്കം. മുന്‍ ബ്രസീലിയന്‍ ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ ലൂസിയോയുടെ സാന്നിധ്യംതന്നെ ഗോവയുടെ ഏറ്റവും വലിയ കരുത്ത്. ഗോവയുടെ ഡിഫന്‍സില്‍ ഫ്രഞ്ചുകാരന്‍ ഗ്രിഗറി അര്‍നൊലിനൊപ്പം ലൂസിയോ കോട്ടയൊരുക്കും.
മാര്‍ക്വീതാരവും മാനേജറുമായ റോബര്‍ട്ടോ കാര്‍ലോസിലായിരിക്കും ഡല്‍ഹിയുടെ പ്രചോദന കേന്ദ്രം. കാര്‍ലോസിന്റെ ഡിഫന്‍സില്‍ ജോണ്‍ അര്‍നെ റീസെയും ഡല്‍ഹിക്ക് കരുത്ത് പകരാനുണ്ട്. ഫ്‌ളോറന്റ് മലൂദയും ആദില്‍ നബിയും ആക്രമണത്തിലും മൂര്‍ച്ചകൂട്ടും.