സ്വന്തം ലേഖകൻ
വാൽനട്ട്ഗ്രോസ്(കാലിഫോർണിയ): മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഹൈദരാബാദിൽ നിന്നും കാലിഫോർണിയയിൽ എത്തിയ പിതാവ് വിവാഹചടങ്ങിനു ശേഷം അപ്രത്യക്ഷനായി. ഇദ്ദേഹത്തിന്റെ മകൾ ദുർഗയുടെ വിവാഹം ഫെബ്രുവരി 13 നായിരുന്നു. ഗ്രാന്റ് ഐലന്റ് മാൻഷനിൽ നടന്ന വിവാഹചടങ്ങുകളിൽ വളരെ സന്തോഷവാനായാണ് പിതാവ് പങ്കെടുത്തത്. ചടങ്ങുകൾ പൂർത്തിയായതിനു ശേഷം പുറത്തു നടക്കാൻ പോകുന്നു എന്നു പറഞ്ഞ് അൻപത്തി ഏഴുകാരനായ പ്രസാദ് മേപർത്തി മാൻഷനിൽ നിന്നും ഇറങ്ങി പുറത്തു പോകുകയായിരുന്നു.
നാൽപത്തിഅഞ്ചു മിനിറ്റിനു ശേഷം തിരിച്ചെത്താത്തിനെ തുടർന്നു തിരച്ചിൽ ആരംഭിച്ചു. മൂന്നു മൈൽ അകലെയുള്ള പാലത്തിൽ എത്തിയ ശേഷമാകാം ഇദ്ദേഹത്തെ കാണാതായതെന്നാണ് കരുതുന്നത്. സാക്രമെന്റ്, കൗണ്ടിഷെറീഫ് ഡിപ്പാർട്ട്മെന്റ് കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ സാക്രമെന്റ് റിവറിൽ അന്വേഷണം ആരംഭിച്ചു. ഫെബ്രുവരി 13 നു വൈകിട്ട് നാലിനാണ് പ്രസാദിനെ എല്ലാവരും അവസാനമായി കണ്ടത്.
വിവാഹിതരായ മകൾ ദുർഗയും ഭർത്താവ് രാജേഷ് ഗുപ്തയും പിതാവിനെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്. ഇന്ത്യ നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ എക്സിക്യുട്ടീവായ പ്രസാദ് ഫെബ്രുവരി 26 നു ഇന്ത്യയിലേയ്ക്കു മടങ്ങേണ്ടതായിരുന്ന.ു പ്രസാദിനെക്കുറിച്ചു വിവരം ലഭിക്കുന്നവർ ഫെറീഫ് ഡിപ്പാർട്ട്മെന്റ് 916 874 5115 എന്ന നമ്പരിൽ വിളിച്ചു പറയണമെന്നും അഭ്യർഥിച്ചു.