
മൊയ്തീൻ പുത്തൻചിറ
ആൽബനി (ന്യൂയോർക്ക്): ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസ്സോസിയേഷൻ ഓഫ് ആൽബനി (ഐ.എ.എൻ.എ.എ) യുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ 8 ശനിയാഴ്ച ക്രൈസ്റ്റ് ഔർ ലൈറ്റ് ചർച്ച് (Christ Our Light Church, 1 Maria Drive, Albany, NY) ഹാളിൽ വെച്ച് നടന്നു. കോൺഗ്രസ്മാൻ പോൾ ടോംഗോ, ഡോ. ആനി പോൾ (റോക്ക്‌ലന്റ് കൗണ്ടി ലെജിസ്ലേറ്റർ), സാറാ ഗബ്രിയേൽ (പ്രസിഡന്റ്, നാഷണൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്ക) എന്നിവർ മുഖ്യാതിഥികളായിരുന്നു.
ആൽബനിയിലെ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്‌സ് ചർച്ച് വികാരി റവ. ഫാ. ജോസഫ് വർഗീസിന്റെ പ്രാർത്ഥനയോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ഐ.എ.എൻ.എ. പ്രസിഡന്റ് സുജാ തോമസ് എല്ലാവർക്കും സ്വാഗതമാശംസിച്ചതോടൊപ്പം ഇങ്ങനെയൊരു സംഘടന രൂപീകരിക്കാനുണ്ടായ കാരണങ്ങളും വിശദീകരിച്ചു. കുടുംബത്തിൽ മാത്രമല്ല, സമൂഹത്തിലും ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർ നിരവധിയാണ്. അജ്ഞത കൊണ്ടോ അശ്രദ്ധ കൊണ്ടോ പലരും അതിൽ ശ്രദ്ധിക്കാറില്ല. ഒരു പ്രൊഫഷണൽ നഴ്‌സ് ചെയ്യുന്നതിനേക്കാൾ കൂടുതൽ ആൽബനിയിലുള്ള 50 നഴ്‌സുമാർക്ക് ചെയ്യാൻ കഴിയും. ഐ.എ.എൻ.എ. വഴി സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കാനാകുമെന്ന പ്രതീക്ഷയാണ് ഞങ്ങൾക്കുള്ളതെന്ന് സുജ വ്യക്തമാക്കി. ആൽബനി സെന്റ് പീറ്റേഴ്‌സ് ഹോസ്പിറ്റൽ വഴി ഇന്ത്യയിൽ നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ സാധിച്ചത് തന്റെ നേട്ടമാണെന്ന് സുജ വ്യക്തമാക്കി. കൂടാതെ പ്രദേശത്തെ വിവിധ സംഘടനകളുമായി യോജിച്ച് ഹെൽത്ത് അവബോധ ക്യാമ്പുകളും സംഘടിപ്പിച്ചത് സമൂഹത്തിന് വളരെയേറെ ഗുണം ചെയ്തുവെന്നും സുജ പറഞ്ഞു. അസ്സോസിയേഷന്റെ സുഗമമായ നടത്തിപ്പിന് ആൽബനിയിലെ എല്ലാ നഴ്‌സുമാരും മുന്നോട്ടു വരണമെന്നും സുജ അഭ്യർത്ഥിച്ചു.
തുടർന്ന് മുഖ്യാതിഥികളായ കോൺഗ്രസ്മാൻ പോൾ ടോംഗോ, ഡോ. ആനി പോൾ, സാറാ ഗബ്രിയേൽ എന്നിവരോടൊപ്പം, റവ. ഫാ. ജോസഫ് വർഗീസ്, ഡോ. മഞ്ജുനാഥ് (മെഡിക്കൽ ഡയറക്ടർ, ആൽബനി മെഡിക്കൽ സെന്റർ), രാം മോഹൻ ലാലുക്കോട്ട (പ്രസിഡന്റ്, ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷൻ), ജേക്കബ് സിറിയക് (പ്രസിഡന്റ്, ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷൻ), സുജാ തോമസ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഐ.എ.എൻ.എ.എ.യുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
ആതുരശുശ്രൂഷാ രംഗത്ത് നഴ്‌സുമാർ ചെയ്യുന്ന സേവനം വിലമതിക്കാനാവാത്തതാണെന്ന് കോൺഗ്രസ്മാൻ പോൾ ടോംഗോ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. പ്രത്യേകിച്ച് ഇന്ത്യൻ നഴ്‌സുമാരുടെ സേവനം പ്രശംസനീയമാണ്. ഇന്ത്യൻ കമ്മ്യൂണിറ്റിയുമായി തനിക്കുള്ള അഭേദ്യമായ ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. ചിക്കാഗോയിൽ നിന്ന് പ്രത്യേക താല്പര്യമെടുത്ത് ആൽബനിയിലെത്തുകയും, നാഷണൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്കയുടെ 14ാമത്തെ ചാപ്റ്റർ ആൽബനിയിൽ ആരംഭിക്കുകയും ചെയ്ത സാറാ ഗബ്രിയേലിനെ കോൺഗ്രസ്മാൻ പോൾ ടോംഗോ പ്രത്യേകം അഭിനന്ദിച്ചു. ഈ സംഘടന ഇനിയും വളർന്നു വലുതാകട്ടേ എന്നും അദ്ദേഹം ആശംസിച്ചു. അതുപോലെ നഴ്‌സിംഗ് പ്രൊഫഷനിൽ നിന്ന് റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റർ പദവിയിലേക്ക് ചുവടുവെച്ച ഡോ. ആനി പോളിനേയും അദ്ദേഹം അഭിനന്ദിച്ചു. ഡോ. ആനി പോൾ സമൂഹത്തിന് ഒരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കമ്മ്യൂണിറ്റിക്കു മാത്രമല്ല എല്ലാ പൗരന്മാർക്കും ഇന്ത്യൻ അമേരിക്കൻ നഴ്‌സുമാരുടെ സേവനം ലഭ്യമാകട്ടേ എന്നും അദ്ദേഹം ആശംസിച്ചു. ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസ്സോസിയേഷൻ എന്ന ബാനറിൽ സംഘടിക്കുന്ന നിങ്ങൾ തീർച്ചയായും സമൂഹത്തിനാവശ്യമായ ഹെൽത്ത്‌കെയർ സിസ്റ്റത്തിന് ശക്തി പകരുമെന്നുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസ്സോസിയേഷൻ ഓഫ് ആൽബനിയുടെ വെബ്‌സൈറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഡോ. ആനി പോൾ തന്റെ പ്രവർത്തന മേഖലയെക്കുറിച്ച് വിശദമായി സംസാരിച്ചു. നഴ്‌സിംഗ് പ്രൊഫഷനിൽ നിന്ന് രാഷ്ട്രീയവേദിയിലെക്കുള്ള ചുവടുവെയ്പിൽ വേണ്ട അറിവോ പരിശീലനമോ ഇല്ലാതെയാണ് താൻ മുന്നിട്ടിറങ്ങിയതെന്നും, ദൃഢമായ വിശ്വാസമുണ്ടെങ്കിൽ ഏതു മേഖലയും നമുക്ക് പിടിച്ചടക്കാവുന്നതേ ഉള്ളൂ എന്നും ഡോ. ആനി പോൾ ഉദാഹരണമായി ചൂണ്ടിക്കാട്ടി. നഴ്‌സുമാർക്ക് ഒരു സംഘടന എന്ന ആശയം മനസ്സിലുദിച്ചപ്പോൾ ഷിക്കാഗോയിലുള്ള സാറാ ഗബ്രിയേലുമായി സംസാരിച്ചതും ആ ആശയം വളർന്നു വലുതായി ഇന്ന് 14 ചാപറ്ററുകളിലായി പന്തലിച്ചു നിൽക്കുന്നതു കാണുമ്പോൾ ആത്മസംതൃപ്തിയാണുള്ളതെന്നും ഡോ. ആനി പോൾ പറഞ്ഞു. ഏതു കാര്യങ്ങൾക്കും ഇറങ്ങിപ്പുറപ്പെടുന്നതിനു മുൻപ് ഹോംവർക്ക് വളരെ അത്യാവശ്യമാണ്. അങ്ങനെ സൂക്ഷ്മമായി പ്ലാൻ ചെയ്താൽ എല്ലാം ഭംഗിയായി നടക്കും. പഠനത്തോടൊപ്പം അറിവും ലഭിക്കണം. എങ്കിലേ ഏതു മേഖലയിലും വിജയിക്കാൻ സാധിക്കൂ. ആൽബനിയിൽ സുജ തോമസിന്റെ നേതൃത്വത്തിൽ ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസ്സോസിയേഷൻ രൂപീകരിച്ചതിലും ആ വേദിയിൽ നിങ്ങളെ അഭിസംബോധന ചെയ്യാൻ ഭാഗ്യം സിദ്ധിച്ചതിലും ഏറെ കൃതാർത്ഥതയാണെന്ന് ഡോ. ആനി പോൾ പ്രസ്താവിച്ചു.
ചെറിയ സംരംഭത്തിൽ തുടങ്ങി അമേരിക്കയിലങ്ങോളമിങ്ങോളം പതിമൂന്ന് ചാപ്റ്ററുകൾ രൂപീകരിച്ച് ആൽബനിയിൽ പതിനാലാമത്തെ ചാപ്റ്റർ രൂപീകരിക്കുന്ന ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസ്സോസിയേഷനും, ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും നാഷണൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്ക പ്രസിഡന്റ് സാറാ ഗബ്രിയേൽ കൃതജ്ഞത രേഖപ്പെടുത്തി. വളരെയധികം പ്രയത്‌നങ്ങളും പ്രയാസങ്ങളും സഹിച്ച്, എല്ലാ നഴ്‌സുമാരേയും ഒരു കുടക്കീഴിൽ കൊണ്ടുവരണമെന്ന സദുദ്ദേശത്തോടെ തുടങ്ങിവെച്ച പ്രസ്ഥാനം ഇത്രയധികം വളർന്നു വലുതാകണമെങ്കിൽ തീർച്ചയായും അതിന്റെ പുറകിൽ നിരവധി പേരുടെ അദ്ധ്വാനമുണ്ടെന്ന് സാറാ ഗബ്രിയേൽ തന്റെ ആശംസാപ്രസംഗത്തിൽ പറഞ്ഞു.
കഴിവും പ്രാപ്തിയുമുള്ള, ഊർജ്ജസ്വലരായ അനേകം നഴ്‌സുമാർ നമ്മുടെ സമൂഹത്തിലുണ്ട്. അവരെ പ്രോത്സാഹിപ്പിക്കുകയും അവർക്കുവേണ്ട മാർഗനിർദ്ദേശങ്ങൾ നൽകി ഉന്നതിയിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. അതോടൊപ്പം ഇന്ന് ലോകമൊട്ടാകെ അംഗീകരിക്കുന്ന, ആദരിക്കുന്ന, പ്രൊഫഷനായി നഴ്‌സിംഗ് രംഗം മാറിക്കഴിഞ്ഞു.
ആതുരശുശ്രൂഷാ രംഗത്ത് പുരോഗമനപരമായ പല മാറ്റങ്ങളും കൊണ്ടുവരാൻ നഴ്‌സുമാർക്ക് കഴിയും. ഒരു സംഘടനയുടെ കീഴിലാണെങ്കിൽ പൊതുസമൂഹത്തിനും അതിന്റെ ഗുണങ്ങളും ലഭിക്കും. നഴ്‌സുമാർക്ക് മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്രദമായ പദ്ധതികളാണ് ലക്ഷ്യമെന്നും സാറാ ഗബ്രിയേൽ പറഞ്ഞു. ഇന്ത്യൻ സമൂഹം പൊതുവെ പുരുഷാധിപത്യത്തിൽ ജീവിക്കുന്നവരാണ്. അതുകൊണ്ടു തന്നെ സ്ത്രീകൾ നിബന്ധനകളുടെ ചട്ടക്കൂടുകളിൽ ജീവിക്കാൻ നിർബ്ബന്ധിതരാകുന്നു. നഴ്‌സുമാർ എത്ര ജോലി വേണമെങ്കിലും ചെയ്ത് ഏത് പാതിരാത്രിക്കും വരാം. എന്നാൽ, ഏതെങ്കിലും മീറ്റിംഗിനോ സമ്മേളനത്തിനോ പോകണമെന്നു പറഞ്ഞാൽ അത് നിരാകരിക്കുകയും ചെയ്യും. ഈ പ്രവണത ഒരു പരിധിവരെ നല്ലതാണെന്നും സാറ ഗബ്രിയേൽ പറഞ്ഞു.
ഷിക്കാഗോയിൽ നിന്ന് ആൽബനി വരെ യാത്ര ചെയ്ത് ഈ സമ്മേളനത്തിൽ പങ്കെടുത്ത സാറാ ഗബ്രിയേലിനെ സദസ്സിന് പരിചയപ്പെടുത്തിയത് മിനി തരിയൻ ആയിരുന്നു.
ഡോ. ജെന്നി റൊമേരോ എം.ഡി. (ഒങ്കോളജിസ്റ്റ്) ക്യാൻസർ സ്‌ക്രീനിംഗിനെക്കുറിച്ച് സംസാരിച്ചു. ക്യാൻസർ രോഗനിവാരണം, പ്രതിവിധി, പ്രതിരോധം എന്നിവയെക്കുറിച്ച് ഡോ. ജെന്നി വിശദീകരിച്ചു. അതോടൊപ്പം നഴ്‌സുമാർക്ക് സമൂഹത്തിനു നൽകാവുന്ന സേവനങ്ങളെക്കുറിച്ചും പരാമർശിച്ചു. ആൽബനിയിലെ നഴ്‌സ് സമൂഹത്തിന് എല്ലാ ആശംസകളും അവർ നേർന്നു.
തുടർന്ന് ഡോ. മഞ്ജുനാഥ് (മെഡിക്കൽ ഡയറക്ടർ, ആൽബനി മെഡിക്കൽ സെന്റർ), റവ. ഫാ. ജോസഫ് വർഗീസ് (വികാരി, സെന്റ് മേരീസ് സിറിയക് ഓർത്തഡോക്‌സ് ചർച്ച്, ആൽബനി), പീറ്റർ തോമസ് (ബോർഡ് ചെയർമാൻ, ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷൻ, ആൽബനി), ജേക്കബ് സിറിയക് (പ്രസിഡന്റ്, ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷൻ, ആൽബനി) എന്നിവർ ആശംസാപ്രസംഗം നടത്തി.
രചനാ മാത്യുവിന്റെ ഭരതനാട്യം (എന്നും എപ്പോഴും), അന്നാബെൽ ട്രീസാ ജിജി, അന്നലിസ് തെരേസാ ജിജി, ജിയ മരിയ ജോബ് എന്നീ കുട്ടികളുടെ സംഘഗാനം, ആൽഫാ മത്തായി, അഞ്ജന കുരിയൻ, അഞ്ജലി കുരിയൻ, അന്നാബെൽ ട്രീസാ ജിജി, അന്നലിസ് തെരേസാ ജിജി എന്നീ കുട്ടികളുടെ ഗ്രൂപ്പ് ഡാൻസ്, ആൻഡ്രിയാ തോമസിന്റെ ഫ്യൂഷൻ ഡാൻസ് എന്നിവ സമ്മേളനത്തിന് മാറ്റുകൂട്ടി.
ആൻ തോമസ് (കൾച്ചറൽ പ്രോഗ്രാം), അമൽ തോമസ് എന്നിവർ എം.സി.മാരായി പ്രവർത്തിച്ചു.
ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസ്സോസിയേഷൻ ഓഫ് ആൽബനി സെക്രട്ടറി സപ്ന മത്തായി നന്ദിപ്രകടനം നടത്തി.
കൂടുതൽ വിവരങ്ങൾക്ക്: സുജ തോമസ് 518 542 0276, സപ്‌ന മത്തായി 518 428 5061.
വെബ്: www.ianaa.nursingnetwork.com