സിറിയക്ക് സ്‌കറിയ
ന്യൂയോര്‍ക്ക്: പൊതുരംഗത്തെ അനുകരണീയവും അസാധാരണവുമായ പ്രവര്‍ത്തനങ്ങള്‍ വഴി നന്മയുടെ വഴിവിളക്കുകളായി സമൂഹത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന കര്‍മ്മോജ്ജ്വലരെ ആദരിക്കുന്ന ഐഎപിസിയുടെ ‘ സത്കര്‍മ്മ അവാര്‍ഡിന് ‘ ഈ വര്‍ഷം തെരുവോരം മുരുകനെ തെരഞ്ഞെടുത്തു.
ഐഎപിസി നാഷ്ണല്‍ കമ്മിറ്റിയുടെ ഈ പ്രഖ്യാപനം ഫെബ്രുവരി ആറിന് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റെടുക്കുന്ന ന്യൂയോര്‍ക്ക് സമ്മേളനത്തിലുണ്ടാകും.
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുരുകന്‍ അനാഥരാക്കപ്പെട്ട തെരുവുകുട്ടികള്‍ക്കും അശരണര്‍ക്കും ആലംബഹീനര്‍ക്കും ഒരത്താണിയാണ്. തെരുവിലേക്ക് വലിച്ചെറിയപ്പെട്ട തന്റെ ബാല്യത്തിന്റെ കയ്പും കമര്‍പ്പും അതേ സാഹചര്യത്തിലൂടെ കടന്നുപോകുന്ന മറ്റുള്ളവര്‍ക്ക് ഉണ്ടാകാതിരിക്കാനായ് ‘ തെരുവോരം’ എന്ന പേരില്‍ ഒരു ശരണാലയത്തിന്റെ ചുമതലക്കാരനായി പ്രവര്‍ത്തിക്കുകയാണ് 32 വയസുമാത്രം പ്രായമുള്ള ഈ ചെറുപ്പക്കാരന്‍.
ഇതിനോടകം തന്നെ മുരുകന്‍ 5000 പേരെ രക്ഷപെടുത്തിക്കഴിഞ്ഞു. 2000നു മേലെ തെരുവുകുട്ടികളെ രക്ഷപെടുത്തിയ കണക്ക് സര്‍ക്കാര്‍ രേഖയാണ്. മതവും സ്വാര്‍ഥലക്ഷ്യങ്ങളും മനുഷ്യജീവനെ കഴുത്തറുത്തും വെടിവെച്ചിട്ടും അവസാനിപ്പിക്കുമ്പോള്‍, പുഴുവരിക്കുന്ന ജന്മങ്ങള്‍ക്ക് ആശാലംബമാകുന്ന മുരുകന്‍ മനുഷ്യത്വത്തിന്റെ ഇനിയും അണയാത്ത ഒരു കൈത്തിരിയാണ്.
ആ കെടാവിളക്കിന്റെ പ്രകാശം അമേരിക്കയില്‍ നിന്നു പ്രസരിപ്പിക്കാനുള്ള ഒരവസരമാണ് ഐഎപിസി സത്കര്‍മ്മ അവാര്‍ഡിലൂടെ 2016 ല്‍ മാധ്യമ സമൂഹം ഒരുക്കുന്നത്. തന്റെ ബാല്യകാലത്തെ അസ്ഥിരമായ കുടുംബാന്തരീക്ഷവും അവഗണനയും അതിജീവിച്ച് ലോകത്തിന്റെ നെറുകയിലേക്ക് ചവിട്ടിയുയര്‍ന്ന ബറാക്ക് ഒബാമയുടെ വിടവാങ്ങല്‍ വര്‍ഷത്തില്‍ അതിനേക്കാള്‍ കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ ഒരു 32 വയസുകാരനെ അമേരിക്കന്‍ മണ്ണില്‍ നാം ആദരിക്കുമ്പോള്‍ ചരിത്രം മാറിനില്‍ക്കുമെന്നു നമ്മുക്ക് പ്രതീക്ഷിക്കാം.