വേറിട്ട യോ​ഗ ക്യാംപുകളൊരുക്കി ഷാർജ മെലീഹ ആർക്കിയോളജിക്കൽ സെന്റർ

യോ​ഗാഭ്യാസവും വിനോദപരിപാടികളും സമ്മേളിക്കുന്ന അപൂർവ ക്യാംപിങ് അനുഭവമൊരുക്കുകയാണ് ഷാർജയിലെ മെലീഹ ആർക്കിയോളജിക്കൽ സെന്റർ. ചരിത്രപ്രധാനമായ കാഴ്ചകൾക്ക് പ്രശസ്തമായ മെലീഹ മരുഭൂമിയിൽ തയാറാക്കിയ പ്രത്യേക ക്യാംപുകളിൽ നവംബർ അഞ്ചിനാണ് ‘സൺസെറ്റ് യോഗ’, ‘ഓവർനൈറ്റ് യോഗ’ എന്നു പേരിട്ടിരിക്കുന്ന ക്യാംപിങ്ങ് അനുഭവങ്ങൾ സംഘടിപ്പിക്കുന്നത്.

വൈകുന്നേരം നാലരയോടെ ആരംഭിച്ച്, രാത്രി ഒൻപതര വരെ നീളുന്നതാണ് ‘സൺസെറ്റ് യോ​ഗാ സെഷൻ’. അസ്തമയനേരത്തുള്ള പ്രത്യേക യോഗാഭ്യാസം, പരിശീലനം നേടിയ ​ഗൈഡിന്റെ സഹായത്തോടെയുള്ള രാത്രിയിലെ വാനനിരീക്ഷണം, വിഭവസമൃദ്ധമായ വെജിറ്റേറിയൻ അത്താഴം എന്നിവയടങ്ങുന്നതാണ് സൺസെറ്റ് യോ​ഗ. അത്താഴത്തിന് ശേഷം, പരിശീലകരുടെ നേതൃത്വത്തിൽ, മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ പാകത്തിൽ ക്യാംപ് ഫയറിനു ചുറ്റുമിരുന്നുള്ള പ്രത്യേക ധ്യാനവുമുണ്ടാവും. എല്ലാമടങ്ങുന്ന ടിക്കറ്റിന് 450 ദിർഹമാണ് നിരക്ക്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശാന്തമായ കാലാവസ്ഥയിൽ രാത്രി മുഴുവൻ മരുഭൂമിയിൽ കഴിയാൻ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണ് ‘ഓവർനൈറ്റ് യോ​ഗ’. നവംബർ അഞ്ചിന് വൈകുന്നേരം നാല് മണിക്കാരംഭിച്ച് പിറ്റേ ദിവസം രാവിലെ ഒൻപത് മണി വരെ നീണ്ടു നിൽക്കും. അസ്തമയനേരത്തുള്ള യോ​ഗാഭ്യാസം, രാത്രിയിലെ വാനനിരീക്ഷണം, വെജിറ്റേറിയൻ അത്താഴം, ക്യാംപ് ഫയറിനു ചുറ്റുമിരുന്നുള്ള ധ്യാന പരിശീലനം എന്നിവയ്ക്ക് പുറമേ ഉദയം കാണാനുള്ള പ്രത്യേക ഡസേർട്ട് സഫാരിയും ചെറിയ ട്രെക്കിങ്ങും ഉദയനേരത്തുള്ള പ്രത്യേക യോ​ഗാഭ്യാസവും പ്രാതലും ഓവർനൈറ്റ് യോ​ഗയുടെ വിശേഷമാണ്.  ടിക്കറ്റ് നിരക്ക് ഒരാൾക്ക് 700 ദിർഹം.

മെലീഹ ആർക്കിയോളജി സെന്ററിലെ മ്യൂസിയത്തിലേക്കുള്ള പ്രവേശനം രണ്ടു പാക്കേജുകളോടൊപ്പവും സൗജന്യമായി ലഭിക്കും. പരിശീലനപരിപാടിയുടെ ഭാ​ഗമാവാനും കൂടുതൽ വിവരങ്ങൾക്കുമായി 068021111, 0502103780 എന്ന നമ്പറുകളിൽ വിളിക്കുകയോ [email protected]  എന്ന വിലാസത്തിലേക്ക് ഇ-മെയിൽ അയക്കുകയോ ചെയ്യുക.

Top